ദോഹ: കേന്ദ്ര റെയിൽവേ, കമ്യൂണിക്കേഷൻസ്, ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഖത്തറിലെത്തി. തിങ്കളാഴ്ച വൈകീട്ടോടെ ദോഹയിലെത്തിയ മന്ത്രി ഖത്തർ വേദിയാകുന്ന വെബ് സമ്മിറ്റിൽ സംസാരിക്കും. ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ തിങ്കളാഴ്ച ആരംഭിച്ച വെബ് സമ്മിറ്റിൽ ചൊവ്വാഴ്ച വൈകീട്ട് 4.40ന് ആരംഭിക്കുന്ന ‘ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ’ എന്ന സെഷനിലാണ് കേന്ദ്ര മന്ത്രി സംസാരിക്കുക.
ഖത്തർ കമ്യൂണിക്കേഷൻ, ഐ.ടി മന്ത്രി മുഹമ്മദ് ബിൻ അലി ബിൻ മുഹമ്മദ് അൽ മന്നാഇയുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തുമെന്നും ഖത്തറിലെ ഇന്ത്യൻ എംബസി അറിയിച്ചു. ഡിജിറ്റലൈസേഷൻ, സ്റ്റാർട്ടപ് മേഖലയിലെ ഇന്ത്യയും ഖത്തറും തമ്മിലെ വിവിധ ഉഭയകക്ഷി സഹകരണം സംബന്ധിച്ച് മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. ഇന്ത്യൻ ബിസിനസ് ആൻഡ് പ്രഫഷനൽ കൗൺസിൽ പ്രതിനിധികളുമായും മന്ത്രി കൂടിക്കാഴ്ച നടത്തും.
ഫെബ്രുവരി 14, 15 തീയതികളിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനു പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെയും ഖത്തർ സന്ദർശനം. 2021 ജൂലൈയിൽ കേന്ദ്ര റെയിൽവേ മന്ത്രിയായി ചുമതലയേറ്റ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻകൂടിയായി അശ്വിനി വൈഷ്ണവിന്റെ ആദ്യ ഖത്തർ സന്ദർശനം കൂടിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.