കുപ്രസിദ്ധമായ ചിലി - ഇറ്റലി മത്സരത്തിൽ നിന്ന്​

ഭൂമി കുലുങ്ങിയിട്ടും കുലുങ്ങാത്ത ചിലി

1956 ജൂണിൽ പോർചുഗലിലെ ലിസ്​ബണിൽ നടന്ന ഫിഫ കോൺഗ്രസിൽ ​ലോകകപ്പ്​ വേദിയായി ചിലിയെ തെരഞ്ഞെടുക്കുമ്പോൾ കിക്കോഫിലേക്ക്​ ആറു വർഷം കൂടിയുണ്ടായിരുന്നു. സാന്‍റിയാഗോ, വിന ഡെൽമാർ, റാൻകാഗുവ തുടങ്ങി എട്ട്​ നഗരങ്ങളിൽ പുതിയ കളിമുറ്റങ്ങളും അവയോട്​ ചേർന്ന്​ നഗര വികസനങ്ങൾ, ടൂറിസം പരിപാടികൾ... അങ്ങനെ ഒരുപാട്​ വൻപദ്ധതികളുമായി 1962 ലോകകപ്പിനെ ചരിത്ര സംഭവമാക്കി വരവേൽക്കാൻ ഒരുങ്ങുകയായിരുന്നു തെക്കൻ അമേരിക്കൻ രാജ്യമായ ചിലി. ഇതിനിടയിൽ 1960 മേയ്​ 22ന്​ പ്രധാന നഗരങ്ങളിലൊന്നായ വാൾഡിവിയ ശക്​തമായൊന്നു കുലുങ്ങി. ഭൂമികുലുക്കങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശക്​തമായ കുലുക്കമായി റിക്ടർ സ്​കെയിലിൽ രേഖപ്പെടുത്തപ്പെട്ട ദുരന്തം. 9.5 ആയിരുന്നു ഭൂകമ്പമാപിനിയിൽ അടയാളപ്പെടുത്തിയത്​. ലോകകപ്പിന്‍റെ വേദികളിലൊന്നായ വാൾഡിവിയയും സമീപ നഗരങ്ങളും നിമിഷനേരംകൊണ്ട്​ തകർന്നടിഞ്ഞു. 50,000 പേർകൊല്ലപ്പെടുകയും, 20 ലക്ഷം പേർ ദുരിതബാധിതരാവുകയും ചെയ്​തു. വാൽഡിവിയ, ടാൽക, കൺസെപ്സിയോൺ, ടൽകുന തുടങ്ങിയ ലോകകപ്പ്​ നഗരങ്ങൾ നാമാവശേഷമായി. പുതുതായി കെട്ടിപ്പടുത്ത സ്​റ്റേഡിയങ്ങളും കെട്ടിടങ്ങളുമെല്ലാം തകർന്നു. വർഷങ്ങ​ളുടെ അധ്വാനത്തിലൂടെ പടുത്തുയർത്തിയവ തകർന്നടിഞ്ഞതോടെ, എളുപ്പത്തിലൊരു പുനർനിർമാണം സാധ്യമല്ലെന്ന്​ മനസ്സിലായി. പല പ്രവിശ്യാ ഭരണകൂടങ്ങളും ലോകകപ്പിൽ നിന്നും പിന്മാറാൻ തീരുമാനിച്ചു. സാമ്പത്തിക പ്രതിസന്ധി വില്ലനായി. ലോകകപ്പിന്‍റെ ഭാവി ഇരുളടഞ്ഞു. എന്നാൽ, വേദികളുടെ എണ്ണം എട്ടിൽ നിന്നും നാലായി ചുരുക്കി മുൻനിശ്ചയ പ്രകാരം തന്നെ ടൂർണമെന്‍റ്​ സംഘടിപ്പിക്കാനായിരുന്നു തീരുമാനം. വിനാഡെൽമാറിലും അറികയിലും സ്​റ്റേഡിയങ്ങൾ പുനർനിർമിച്ച്​ കളിക്കൊരുങ്ങി. സാന്‍റിയാഗോയിലെ നാഷണൽ സ്​റ്റേഡിയം ലോകകപ്പിന്‍റെ പ്രധാന കേന്ദ്രമായി മാറി. വർഷങ്ങൾകൊണ്ട്​ കെട്ടിപ്പടുത്തതെല്ലാം, നിമിഷങ്ങൾകൊണ്ട്​ മൺകൂമ്പാരമായി മാറിയിടത്തു നിന്നും രണ്ടു വർഷംകൊണ്ട്​ ചിലി ഭരണകൂടവും ജനങ്ങളും കെട്ടിപ്പടുത്ത്​ ചരിത്രത്തിലെ മികച്ചൊരു ലോകകപ്പിനു തന്നെ വേദിയൊരുക്കി.

മാത്രമല്ല, ഏറ്റവും മികച്ച ടീമിനെ കളത്തിലിറക്കിയും അവർ മികവു തെളിയിച്ചു. ഗ്രൂപ്​ റൗണ്ടിൽ ഇറ്റലിയെയും, സ്വിറ്റ്​സർലൻഡിനെയും തോൽപിച്ച്​ ക്വാർട്ടറിലും ശേഷം സെമിയിലുമെത്തി. അവിടെ ഗരിഞ്ചയുടെ മാന്ത്രിക ബൂട്ടുകൾകൊണ്ട്​ കളംവാണ ബ്രസീലിനോട്​ തോൽക്കാനായിരുന്നു ആതിഥേയരുടെ വിധി. എങ്കിലും, മൂന്നാം സ്ഥാനക്കാരെന്ന മികവുമായാണ്​ ചിലി തങ്ങളുടെ ഏക ലോകകപ്പിനെ ഗംഭീരമാക്കിയത്​.

അർജന്‍റീനയെ കടന്ന്​ ചിലിയുടെ വിജയം

സ്വിറ്റ്​സർലൻഡിലും സ്വീഡനിലും നടന്ന ലോകകപ്പുകൾക്കു ശേഷം കാൽപന്തു മഹോത്സവം വീണ്ടും ലാറ്റിനമേരിക്കൻ മണ്ണി​ലേക്ക്. അതാവട്ടെ, ഉറുഗ്വായ്ക്കും ബ്രസീലിനും പുറമെ മൂന്നാമതൊരു രാജ്യമായ ചിലിയിലേക്ക്​. അർജന്‍റീനയും ചിലിക്കും പുറമെ, 1952ഹെൽസിങ്കി ഒളിമ്പിക്സ്​ വിജയകരമായി സംഘടിപ്പിച്ച ഫിൻലൻഡായിരുന്നു മറ്റൊരു ബിഡ്​ രാജ്യം. തുടർച്ചയായി വേദിക്ക്​ ശ്രമിച്ച്​ പരാജയപ്പെട്ട അർജന്‍റീനക്കായിരുന്നു സാധ്യത ഏറെയെങ്കിലും ഫിഫയുടെ താൽപര്യക്കുറവ്​ തിരിച്ചടിയാതായി പലചരിത്രകാരന്മാരും രേഖപ്പെടുത്തുന്നു. മുൻകാലങ്ങളിൽ നിരന്തരം ലോകകപ്പ്​ ബഹിഷ്കരിച്ചതും കലഹിച്ചു നിന്നതും അർജന്‍റീനക്ക്​ അപ്രീതി കൂടുതൽ സൃഷ്ടിച്ചു. ഒടുവിൽ നറുക്ക്​ വീണത്​ ചിലിക്കായിരുന്നു.



1960ൽതന്നെ യോഗ്യത

റൗണ്ട്​ പോരാട്ടങ്ങൾക്ക്​ തുടക്കം കുറിച്ചു. ആറ്​ കോൺഫെഡറേഷനുകളിൽ നിന്നുമായി യോഗ്യത തേടി കളത്തിലിറങ്ങിയത്​ 56 ടീമുകൾ. 14 പേർ കളിച്ച്​ യോഗ്യത ഉറപ്പാക്കിയപ്പോൾ ആതിഥേയരായി ചിലിയും, നിലവിലെ ചാമ്പ്യന്മാരായി ബ്രസീലും ടിക്കറ്റുറപ്പിച്ചു. എട്ട്​ ബർത്തുകൾ യൂറോപ്പിനും, മൂന്നെണ്ണം തെക്കൻ അമേരിക്കക്കുമായി മാറ്റിവെച്ചു. ആഫ്രിക്ക, ഏഷ്യ, നോർത്ത്​ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമെത്തുന്നവർ യൂറോപ്- സൗത്ത്​ അമേരിക്കൻ ടീമുകൾക്കെതിരെ ​േപ്ല ഓഫ്​ നിശ്ചയിച്ചു. ഫലമോ, ഏഷ്യ, ആഫ്രിക്ക വൻകരയിൽനിന്ന്​ ആരും തന്നെ യോഗ്യത നേടിയില്ല. പകരം, എട്ട്​ ബർത്തുള്ള യൂറോപ്പിൽ നിന്ന്​ 10ഉം, തെക്കൻ ​അമേരിക്കയിൽനിന്ന്​ അഞ്ചും ടീമുകൾ യോഗ്യത നേടി.

എതിരില്ലാത്ത ബ്രസീൽ

നാലു വർഷം മുമ്പ്​ സ്വീഡനിൽ വിരിഞ്ഞ കാനറിയുടെ ചിറകടി ചിലിയിലെത്തുമ്പോഴേക്കും കൂടുതൽ ശക്​തിപ്രാപിച്ചിരുന്നു. ടീമിൽ കാര്യമായ മാറ്റമൊന്നുമില്ല. ഗോൾകീപ്പർ ഗിൽമർ മുതൽ നിൽട്ടൻ സാന്‍റോസ്​, മൗറോ സാന്‍റോസ്​, ദിദി, വാവ, ഗരിഞ്ച, പെലെ എന്നിവരെല്ലാം കൂടുതൽ പരിചയ സമ്പത്തോടെ കരുത്തരായി മാറിയപ്പോൾ കാനറികൾക്ക്​ ഉശിര്​ കൂടിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അത്​ പന്തുരുളുന്നതിന്​ മുമ്പേകണ്ടു തുടങ്ങി. കിക്കോഫ്​ വിസിലിനു മുമ്പുതന്നെ ബ്രസീൽ അപ്രഖ്യാപിത ചാമ്പ്യന്മാരെപ്പോലെയാണ്​ സാൻഡിയാഗോയിൽ വിമാനമിറങ്ങിയത്​. ഗ്രൂപ് റൗണ്ടിലെ രണ്ടാം മത്സരത്തിൽ പെലെ പരിക്കേറ്റ്​ പിൻവാങ്ങി​യപ്പോൾ, അമറിൽഡോ പകരകാരനായെത്തി കിട്ടിയ അവസരം മുതലാക്കി. മെക്സികോ (2-0), സ്​പെയിൻ (2-1) ടീമുകളെ തോൽപിച്ച ബ്രസീൽ ​ചെകോസ്ലവാക്യക്കെതിരെ ഗോൾരഹിത സമനില വഴങ്ങി. ഇറ്റലിയും അർജന്‍റീനയും ഗ്രൂപ്പ്​ റൗണ്ടിൽ മടങ്ങി. ക്വാർട്ടറിൽ ഇംഗ്ലണ്ടിനെ ബ്രസീലിന്‍റെ ഗരിഞ്ചയും വാവയും ചേർന്ന്​ നിലംതൊടാതെ പറത്തി. സെമിയിൽ ബ്രസീൽ ചിലിയെയും ഫൈനലിൽ ആദ്യ ഗോളടിച്ച്​ മുന്നിലെത്തിയ ചെകോസ്ലവാക്യയെയും കീഴടക്കി ബ്രസീൽ കിരീടത്തിൽ മുത്തമിട്ടു.

അതേസമയം, ഗ്രൂപ്പ്​ റൗണ്ടിൽ മടങ്ങുമെന്ന്​ പ്രവചിക്കപ്പെട്ട ചെക്കോസ്ലവാക്യ സ്​പെയിനിനെ തോൽപിച്ചു, ഗരിഞ്ചയുടെ ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചുമായിരുന്നു അത്ഭുത കുതിപ്പിന്​ തുടക്കം കുറിച്ചത്​. ആ യാത്ര, ഹംഗറിയെയും യൂഗോസ്ലാവ്യയെയും തോൽപിച്ച്​ ഫൈനൽവരെയെത്തി.

Tags:    
News Summary - chily italy match 1962

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.