ദോഹ: ലോകകപ്പിനുശേഷം ഖത്തറിന്റെ മണ്ണിൽ ആദ്യമായി പന്തുതട്ടാനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയെത്തി. രണ്ടു വർഷം മുമ്പ് പോർചുഗൽ കുപ്പായത്തിൽ ഖത്തറിൽ കളിച്ചശേഷം അതേമണ്ണിലേക്ക്, സൗദി ക്ലബ് അൽ നസ്റിന്റെ കുപ്പായത്തിലാണ് ക്രിസ്റ്റ്യാനോയുടെ വരവ്. തിങ്കളാഴ്ച നടക്കുന്ന എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് ഗ്രൂപ് റൗണ്ട് മത്സരത്തിൽ ഖത്തരി ക്ലബായ അൽ ഗറാഫക്കെതിരെയാണ് മത്സരം. ലോകകപ്പിന്റെ സുപ്രധാന വേദികളിലൊന്നായ അൽ ബെയ്ത് സ്റ്റേഡിയത്തിൽ രാത്രി ഏഴു മുതലാണ് മത്സരം.
രണ്ടു വർഷം മുമ്പ് ലോകകപ്പ് ഫുട്ബാളിൽ നവംബർ 24നായിരുന്നു പോർചുഗലിന്റെ ആദ്യ മത്സരം. ഘാനക്കെതിരെ ക്രിസ്റ്റ്യാനോ ഗോൾ നേടുകയും ടീമിന് വിജയം സമ്മാനിക്കുകയും ചെയ്തതിന് കൃത്യമായി രണ്ടു വർഷം തികയുമ്പോൾ സൂപ്പർ താരം വീണ്ടുമെത്തുമ്പോൾ ആരാധകരും ആവേശത്തോടെ കാത്തിരിപ്പിലാണ്.
നാല് മത്സരങ്ങൾ പൂർത്തയായി ഗ്രൂപ് റൗണ്ടിൽ മൂന്ന് ജയവും ഒരു സമനിലയുമായി പത്ത് പോയന്റുമായി മൂന്നാം സ്ഥാനത്താണ് ക്രിസ്റ്റ്യാനോയും സംഘവും. സൗദി ക്ലബിലെത്തിയ ശേഷം, അൽ നസ്ർ കഴിഞ്ഞ വർഷവും ഖത്തറിൽ കളിക്കാനെത്തിയെങ്കിലും ക്രിസ്റ്റ്യാനോ ടീമിനൊപ്പമില്ലായിരുന്നു. ക്രിസ്റ്റ്യാനോ, സാദിയോ മാനെ, അയ്മറിക് ലപോർടെ, ഒട്ടാവിയോ, മാഴ്സലോ ബ്രൊസോവിച് ഉൾപ്പെടെ സൂപ്പർതാരങ്ങളുമായാണ് അൽ നസ്ർ ഖത്തറിലെത്തിയത്. നിർണായക മത്സരത്തിനായി ടീം ഞായറാഴ്ച ഉച്ചയോടെ ദോഹയിലെത്തി.
കഴിഞ്ഞ ദിവസം സൗദി പ്രീമിയർ ലീഗിൽ സീസണിലെ ആദ്യ തോൽവി വഴങ്ങിയതിന്റെ ക്ഷീണത്തിലാണ് അൽ നസ്ർ. അൽ ഖദ്സിയക്കെതിരെ ക്രിസ്റ്റ്യാനോ ഗോൾ നേടിയിട്ടും ടീം 2-1ന് തോറ്റു. നാല് കളിയിൽ ഒരു ജയവും രണ്ട് തോൽവിയും ഒരു സമനിലയുമുള്ള അൽ ഗറാഫ ആറാം സ്ഥാനത്താണിപ്പോൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.