ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന് സാക്ഷ്യംവഹിച്ച ഫെബ്രുവരി മാസത്തിൽ ഖത്തറിലേക്കുള്ള വിമാനങ്ങളുടെയും യാത്രികരുടെയും എണ്ണത്തിൽ ഗണ്യമായ വർധന രേഖപ്പെടുത്തിയതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി.
2023 ഫെബ്രുവരി മാസത്തെ അപേക്ഷിച്ച് വിമാന സഞ്ചാരത്തിൽ 30.1 ശതമാനം വർധനയാണ് രേഖപ്പെടുത്തിയതെന്ന് അതോറിറ്റി അറിയിച്ചു. ഈ വർഷം ഫെബ്രുവരിയിൽ രജിസ്റ്റർ ചെയ്ത വിമാനങ്ങളുടെ എണ്ണം 22,736 ആണ്. മുൻവർഷം ഇത് 17,479 ആയിരുന്നു. മുൻവർഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 34.9 ശതമാനമാണ് വർധനയുണ്ടായത്.
എയർ കാർഗോ, മെയിൽ വിഭാഗത്തിലും വർധനയുള്ളതായി സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. 2024 ഫെബ്രുവരിയിൽ 1,98,639 ടൺ കാർഗോ, മെയിൽ ആണ് വിമാനത്താവളത്തിൽ കൈകാര്യം ചെയ്തത്.
2023 ജനുവരിയെ അപേക്ഷിച്ച് ഈ വർഷം ജനുവരിയിൽ രജിസ്റ്റർ ചെയ്ത വിമാനനീക്കത്തിലും 23.8 ശതമാനം വർധനയാണുണ്ടായത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിൽ ജനുവരി മാസവും റെക്കോഡ് രേഖപ്പെടുത്തി. 2023 ജനുവരി മാസത്തെ അപേക്ഷിച്ച് 27 ശതമാനം അധികയാത്രക്കാരാണ് ഈ വർഷം ഹമദിലൂടെ യാത്ര ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.