ദോഹ: കൊല്ലം തങ്ങൾകുഞ്ഞ് മുസ്ലിയാർ കോളജ് ഓഫ് എൻജിനീയറിങ്ങിന്റെ ഖത്തർ അലുമിനി ചാപ്റ്റർ സംഘടിപ്പിച്ച 'ഖേൽഫെസ്റ്റ് 2022' കായികമാമാങ്കത്തിന് കൊടിയിറങ്ങി. 200ലധികം അംഗങ്ങളെ കടപ്പാക്കട ബ്ലാസ്റ്റേഴ്സ്, കിളികൊല്ലൂർ സ്റ്റാർസ്, കുറ്റിച്ചിറ വാരിയേഴ്സ്, കരിക്കോട് തണ്ടേഴ്സ് എന്നിങ്ങനെ നാല് ടീമുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിച്ചത്.
മൂന്ന് മുതൽ 55 വരെയുള്ള പ്രായക്കാർക്കായി ബാഡ്മിന്റൺ, ചെസ്, കാരംസ്, ക്രിക്കറ്റ്, ഫുട്ബാൾ, ത്രോബാൾ, വോളിബാൾ, ടേബിൾ ടെന്നീസ്, ആം റെസ്റ്റ്ലിങ്, ഓട്ടം, ലോങ്ജംപ്, ഷോട്ട്പുട്ട്, വടംവലി തുടങ്ങി നിരവധി വിഭാഗങ്ങളായിട്ടാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 1986 മുതൽ 2021വരെ വർഷങ്ങളിൽ ടി.കെ.എം എൻജിനീയറിങ് കോളജിൽനിന്ന് പഠിച്ചിറങ്ങിയവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. ഒരു മാസം നീണ്ടുനിന്ന പ്രാഥമിക റൗണ്ടുകൾക്കുശേഷം ഫൈനൽ മത്സരങ്ങൾ ജൂൺ 10ാം തീയതി അൽവക്ര ഖത്തർ അക്കാദമി ഇൻഡോർ കോർട്ടിലും മൈതാനത്തുമായി നടന്നു. കടപ്പാക്കട ബ്ലാസ്റ്റേഴ്സ് ഓവറോൾ ചാമ്പ്യൻഷിപ് ട്രോഫിയിൽ മുത്തമിട്ടു. ഖാലിദ്, അശ്വതി, ഫഹീം, റൈദ, ഫൈറൂസ്, രേന, ഫാദിൽ എന്നിവർ അതതു വിഭാഗങ്ങളിൽ വ്യക്തിഗത ചാമ്പ്യൻഷിപ് നേടി.
സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ജുനൈദ്, ഷിയാദ് അബ്ദുൽ റഹീം, ഫയാസ് ഇബ്രാഹിംകുട്ടി, ഷിഹിൽ സുബൈർ, മുഹമ്മദ് ധനീഷ് എന്നിവർ സംഘാടനത്തിന് നേതൃത്വം നൽകി. 1998ലാണ് പൂർവ വിദ്യാർഥി സംഘടന രൂപവത്കരിച്ചത്. അനിൽ കുമാർ സുകുമാരൻ പ്രസിഡന്റും ഗോകുൽ നാഥ്, സഫീറ സലീൽ, സതീഷ് ചന്ദ്രൻ, മുഹമ്മദ് ഹാദി എന്നിവർ സഹ ഭാരവാഹികളുമായി പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.