ദോഹ: ഏഴ് മാസവും പിന്നിട്ട യുദ്ധത്തിന്റെ എരിതീയിൽ വെന്തുരുകുന്ന ഫലസ്തീൻ വനിതകൾക്ക് ആദരവുമായി ഖത്തറിൽ പ്രത്യേക സമ്മേളനം നടന്നു. ‘സുരക്ഷ എന്റെ അവകാശമാണ്’ എന്ന പ്രമേയത്തിൽ ‘വിമൻ ഫോർ ഫലസ്തീൻ’ എന്നപേരിൽ നടന്ന സമ്മേളനത്തിൽ ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ പങ്കെടുത്തു. കര, വ്യോമ മാർഗങ്ങളിലൂടെ ഇസ്രായേൽ സൈന്യം നടത്തുന്ന നിഷ്ഠുരമായ ആക്രമണങ്ങളുടെ പ്രധാന ഇരകളായ ഫലസ്തീൻ വനിതകളോടും കുട്ടികളോടുമുള്ള ഐക്യദാർഢ്യമായിരുന്നു സമ്മേളനം.
‘സുരക്ഷിതത്വം എന്നത് ഓരോ മനുഷ്യനും ഒരു നിയമാനുസൃത അവകാശമാണ്. മതങ്ങൾ സ്ഥാപിച്ചതും നിയമങ്ങളും ചട്ടങ്ങളും ഉറപ്പുനൽകുന്നതുമായ അവകാശം കൂടിയാണിത്. മനുഷ്യത്വം നഷ്ടപ്പെട്ട, വികലമായ മനസ്സുള്ളവർ മാത്രമാണ് ഈ അവകാശം ലംഘിക്കുന്നത്. എന്നാൽ, ഫലസ്തീനി വനിതകളുടെ പോരാട്ടവീര്യത്തെയും ചെറുത്തുനിൽപിനെയും ഞങ്ങളും ലോകവും ആദരിക്കുകയാണ്. നിങ്ങളുടെ ക്ഷമയുടെയും കരുത്തിന്റെയും പ്രതീകമായി മാറിയിരിക്കുന്നു’ -ഫലസ്തീൻ വനിതകൾക്കും സ്ത്രീകൾക്കുമുള്ള ഐക്യദാർഢ്യമായി മാറിയ സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് അവർ പറഞ്ഞു.
നിങ്ങളുടെ ക്ഷമയും സ്ഥിരോത്സാഹവും ലോകത്തിന്റെ ചിന്തകളെ തന്നെ മാറ്റിമറിച്ചു. കിഴക്ക്, പടിഞ്ഞാറ് അതിരുകൾ മായ്ച്ച് ലോകം നിങ്ങൾക്കൊപ്പം അണിനിരക്കാൻ തുടങ്ങി. സ്വാതന്ത്ര്യത്തെയും സമത്വത്തെയുമെല്ലാമുള്ള പടിഞ്ഞാറൻ ചിന്തകളെയും നിങ്ങൾ മാറ്റിമറിച്ചു. നിങ്ങൾ ഫലസ്തീൻ സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിവരോട് ഞങ്ങളും കടപ്പെട്ടിരിക്കുന്നു -ഉറച്ച വാക്കുകളിൽ അവർ പറഞ്ഞു. യുദ്ധമുഖത്ത് ധീരമായി പ്രവർത്തിച്ച നിരവധി ഫലസ്തീൻ വനിതകളുടെയും പ്രഫഷനലുകളുടെയും പ്രവർത്തനങ്ങളെ ഉദാഹരിച്ചായിരുന്നു അൽ ഖതിർ സംസാരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.