ദോഹ: ഖത്തറിന്റെ വിദൂര മേഖലകളിലെ കോൺസുലാർ ക്യാമ്പുകളുടെ തുടർച്ചയായി ഇന്ത്യൻ എംബസിയും ഐ.സി.ബി.എഫും ചേർന്ന് ഏഷ്യൻ ടൗണിൽ സംഘടിപ്പിച്ച ക്യാമ്പിൽ 160ഓളം പേർ പങ്കെടുത്തു. ഖത്തറിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം എന്നിവർ ചേർന്നാണ് ഏഷ്യൻ ടൗണിലെ ഇമാര ഹെൽത്ത് കെയറിൽ പ്രത്യേക കോൺസുലാർ ക്യാമ്പ് നടത്തിയത്.
രാവിലെ എട്ടിന് തുടങ്ങി, ഉച്ചകഴിഞ്ഞ് 12.30 വരെ നീണ്ട ക്യാമ്പ് ഐ.സി.ബി.എഫ് കോഓഡിനേറ്റിങ് ഓഫിസറും ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയുമായ ഡോ. വൈഭവ് തണ്ടാലെ സന്ദർശിച്ചു. അവധി ദിനത്തിൽ മാതൃകാ സേവനങ്ങളുമായി സജീവമാകുന്ന ഐ.സി.ബി.എഫ് കമ്മിറ്റി അംഗങ്ങളെയും ജീവനക്കാരെയും വളന്റിയേഴ്സിനെയും ക്യാമ്പിന് വേദിയൊരുക്കിയ ഇമാര ഹെൽത്ത്കെയർ മാനേജ്മെന്റിനെയും അദ്ദേഹം അഭിനന്ദിച്ചു.
പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി എന്നീ സർവിസുകൾക്ക് പുറമെ തൊഴിൽ സംബന്ധമായ പരാതികളിലും എംബസി ഉദ്യോഗസ്ഥർ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി. ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു.
ഒരാഴ്ച മുമ്പ് ദുഖാൻ കോൺസുലർ ക്യാമ്പിലെ അേപക്ഷകർക്ക് ഐ.സി.ബി.എഫ് ജീവനക്കാർ നേരിട്ടെത്തി പുതുക്കിയ പാസ്പോർട്ടുകൾ വിതരണം ചെയ്തു. വെള്ളിയാഴ്ച ദിവസം നടക്കുന്ന ക്യാമ്പുകളിലെ വൻ പ്രതികരണം, ഇത്തരം ക്യാമ്പുകൾ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കുവാൻ ഐ.സി.ബി.എഫിനെ പ്രതിഞ്ജാബദ്ധമാക്കുന്നുവെന്ന് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു.
വൈസ് പ്രസിഡന്റ് ദീപക് ഷെട്ടി, ജനറൽ സെക്രട്ടറി വർക്കി ബോബൻ, ട്രഷറർ കുൽദീപ് കൗർ ബഹൽ, സെക്രട്ടറി മുഹമ്മദ് കുഞ്ഞി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സറീന അഹദ്, ശങ്കർ ഗൗഡ്, അബ്ദുൾ റഊഫ് കൊണ്ടോട്ടി, ഹമീദ് റാസ, ഉപദേശക അംഗം ശശിധർ ഹെബ്ബാൾ എന്നിവരും വിവിധ സംഘടന വളന്റിയേഴ്സും, ഇമാര ഹെൽത്ത് കെയർ ജീവനക്കാരും ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനായി ഉടനീളം രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.