ദോഹ: രാജ്യത്തെ ഗാർഹിക, കൃഷി ആവശ്യങ്ങൾക്കുള്ള ജലലഭ്യത സംബന്ധിച്ച വെല്ലുവിളികൾ നേരിടാൻ ജലസംരക്ഷണ സാങ്കേതിക വിദ്യകളുടെ ഉപയോഗവും ഉപഭോഗവുമായി ബന്ധപ്പെട്ട കർശന നിയന്ത്രണങ്ങൾ നടപ്പാക്കുന്നതും ഏറെ സഹായിക്കുമെന്ന് ഖത്തർ സർവകലാശാലയിലെ (ക്യു.യു) പരിസ്ഥിതി ശാസ്ത്ര കേന്ദ്രം മേധാവി പ്രഫ. ഹമദ് അൽ സഅദ് അൽ കുവാരി പറഞ്ഞു.
പ്രകൃതിദത്ത ശുദ്ധജലം ഖത്തറിന്റെ ഭൂപ്രകൃതിയിൽ ലഭ്യമല്ല. ഭൂഗർഭജലത്തിന്റെ ഭൂരിഭാഗവും തീരപ്രദേശങ്ങളിൽ കടൽജലം കൈയേറപ്പെടുന്നു. ശുദ്ധജലത്തിന്റെ പ്രധാന സ്രോതസ്സായി കടൽജലത്തെ ആശ്രയിക്കേണ്ടിവരുന്നു. കടൽജലത്തിൽനിന്ന് ഉപ്പ് വേർതിരിച്ച് ശുദ്ധജലമാക്കി മാറ്റുന്ന ‘ഡീസാലിനേഷനെ’ ആശ്രയിക്കേണ്ട സാഹചര്യത്തിലേക്കാണ് നയിക്കപ്പെടുന്നത് -പ്രഫ. അൽ കുവാരി വിശദീകരിച്ചു.
ശുദ്ധജലക്ഷാമം ഇപ്പോഴും രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ജലസംരക്ഷണ സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനും ജല ഉപഭോഗം സംബന്ധിച്ച് കൂടുതൽ കർശനമായ നിയന്ത്രണങ്ങൾ നടപ്പാക്കാനും പരിശ്രമങ്ങൾ ആവശ്യമാണെന്നും അൽ കുവാരി വ്യക്തമാക്കി. പരിഗണിക്കേണ്ട ഭാവി പദ്ധതികളിൽ മഴയുടെ അളവും ആവൃത്തിയും ഉണ്ടായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ത്വരിതപ്പെടുത്തുന്ന മാറ്റം എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ ലോക ജലദിനം ആചരിച്ചത്.
ഐക്യരാഷ്ട്രസഭയുടെ ജല റിപ്പോർട്ട് അനുസരിച്ച് ഇപ്പോഴും 200 കോടി ആളുകൾക്ക് സുരക്ഷിതമായ കുടിവെള്ളമില്ല. കൂടാതെ 360 കോടി പേർക്ക് ആഗോളാടിസ്ഥാനത്തിൽ സുരക്ഷിതമായി കൈകാര്യം ചെയ്യപ്പെടുന്ന ശുചിത്വവും ലഭ്യമല്ല. ജലക്ഷാമം നേരിടുന്ന ആഗോള നഗര ജനസംഖ്യ 2016ൽ 930 ദശലക്ഷത്തിൽനിന്ന് 2050ൽ 170 കോടി മുതൽ 240 കോടി വരെയായി വർധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ലോക ജലദിനത്തോടനുബന്ധിച്ച് ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) ഖത്തർ സമൂഹത്തിന് രാജ്യവ്യാപകമായി മികച്ച ജലസേവനം നൽകാനുള്ള പ്രതിജ്ഞാബദ്ധത ഔദ്യോഗിക ട്വിറ്റർ പേജിൽ രേഖപ്പെടുത്തി.
ആഗോള ജലപ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ജലത്തിന്റെ തുല്യമായ വിതരണത്തിന് എല്ലാവരുടെയും സഹായം ആവശ്യമാണെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. അതേസമയം, വിവിധ മാധ്യമങ്ങൾ വഴി ജല ഉപഭോഗം സംബന്ധിച്ച കൂടുതൽ ബോധവത്കരണ പ്രവർത്തനങ്ങൾ ആവശ്യമാണെന്ന് പ്രഫ. അൽ കുവാരി പറഞ്ഞു.
ഡീസാലിനേറ്റ് ചെയ്ത വെള്ളത്തിന്റെ വിലയും ഡീസാലിനേഷൻ പ്രക്രിയയുമായി ബന്ധപ്പെട്ട പ്രതികൂല പാരിസ്ഥിതിക ആഘാതവും ആളുകൾ മനസ്സിലാക്കണമെന്നും അറേബ്യൻ ഗൾഫ് ജലത്തിന്റെ ലവണാംശത്തിന്റെ കുത്തനെയുള്ള വർധന അതിന്റെ ജൈവ വ്യവസ്ഥയെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.