ദോഹ: ദോഹ എക്സ്പോയുടെ ഇന്റർനാഷനൽ സോണിന്റെ ഹൃദയ ഭാഗത്തായി കുട്ടികൾക്ക് കളിയും കാഴ്ചയുമൊരുക്കി ദാഡു ഗാർഡൻസ് വീണ്ടും സന്ദർശകർക്കായി തുറന്നു. ഖത്തറിലെ കുട്ടികളുടെ മ്യൂസിയമായ ദാഡുവിന്റെ ഗാർഡനാണ് വീണ്ടും തുറന്നത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വിനോദ, വിജ്ഞാന വിളക്കുമാടമായി ഇത് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗാർഡൻസ് അഡ്വഞ്ചേഴ്സ് എന്ന പ്രമേയത്തിനുകീഴിൽ എക്സ്പോ കഴിഞ്ഞും ദാഡു ഗാർഡൻസ് പ്രവർത്തിക്കും. കുട്ടികളുമായി ഇടപെഴുകുന്നതിനും അവർക്കാവശ്യമായ വിവരങ്ങൾ കൈമാറുന്നതിനും കളികളിലൂടെയും പ്രകൃതിയുമായുള്ള ആശയവിനിമയത്തിലൂടെയും അവരുടെ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിന് രൂപകൽപന ചെയ്ത നിരവധി പ്രവർത്തനങ്ങളും പരിപാടികളുമാണ് ദാഡു ഗാർഡൻസിന്റെ സവിശേഷത.
പൊതുമേഖലയുടെ ധനസഹായത്തോടെ പ്രവർത്തിക്കുന്ന ആദ്യ സ്ഥാപനമെന്ന നിലയിൽ രാജ്യത്തെ സാംസ്കാരിക, പാരിസ്ഥിതിക, സാമൂഹിക ആവാസവ്യവസ്ഥയെ സമ്പന്നമാക്കുന്നതിനുള്ള കൂട്ടായ സംഭാവനകളിലൂടെ പ്രാദേശിക സമൂഹത്തെ സാക്ഷാത്കരിക്കുകയാണ് ദാഡു മ്യൂസിയത്തിന്റെ ലക്ഷ്യം. 14,500 ചതുരശ്രമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ദാഡു ഗാർഡൻസ്, മ്യൂസിയത്തിന്റെ ഒരു ഔട്ട്ഡോർ ഗാലറിയും ലിവിങ് ക്ലാസ് റൂമുമായി പ്രവർത്തിക്കും.
എക്സ്പോയുടെ ഭാഗമായി അൽബിദ്ദ പാർക്കിൽ സ്ഥിരം പ്രവർത്തിക്കുന്ന ദാഡു ഗാർഡൻസ് വീണ്ടും തുറക്കുന്നതിലും കുട്ടികളെയും അവരുടെ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതിലും ഏറെ സന്തോഷമുണ്ടെന്നും, നിരവധി അനുഭവങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും ആഴത്തിൽ പഠിക്കാനും വിനോദങ്ങളിലേർപ്പെടാനും കുട്ടികൾക്കുള്ള അവസരമാണിതെന്നും മ്യൂസിയം ഡയറക്ടർ ഇസ്സ അൽ മന്നാഈ പറഞ്ഞു.
സുസ്ഥിരത, ഹരിത സമ്പദ് വ്യവസ്ഥ, ആരോഗ്യകരമായ ശീലങ്ങൾ, പരിസ്ഥിതി എന്നിവ ഉയർത്തിക്കാട്ടുന്ന എക്സ്പോയുടെ അതേ മൂല്യങ്ങൾ ദാഡു ഗാർഡൻസ് അഡ്വഞ്ചേഴ്സ് അതിന്റെ കാതലായി അവതരിപ്പിക്കുകയാണെന്നും അൽ മന്നാഈ കൂട്ടിച്ചേർത്തു.
പ്രവർത്തനങ്ങൾ കൂടുതലറിയാൻ പൊതുജനങ്ങളെ ക്ഷണിക്കുകയാണെന്നും അവിടെ കുട്ടികൾക്കായി വിനോദ, വിജ്ഞാന മേഖലകളിലെ നിരവധി പരിപാടികളാണ് തയാറാക്കിയിരിക്കുന്നതെന്നും ഇസ്സ അൽ മന്നാഈ പറഞ്ഞു.
ഖത്തർ മ്യൂസിയങ്ങളുടെ വികസനത്തിന് കീഴിൽ ഖത്തറിലെ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള അത്ഭുതപൂർവമായ സഹകരണത്തിലൂടെയാണ് ദാഡു ചിൽഡ്രൻസ് മ്യൂസിയം നിർമാണം പുരോഗമിക്കുന്നത്.
എഡിബിൾ ഗാർഡൻ, ഗാർഡൻ അറ്റ്ലിയർ, കമ്യൂണിറ്റി ഗാർഡൻ, പെർമാകൾചർ ഷോകേസ്, കാഷ്ട, ഇവന്റ്സ് പ്ലാറ്റോ, ദി പ്രോമിസ് പ്ലാസ, അൽ മർജ് തുടങ്ങി ഒമ്പത് വ്യത്യസ്ത സൗകര്യങ്ങളാണ് ദാഡു ഗാർഡനിൽ കുട്ടികൾക്കായി സജ്ജമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.