ദോഹ: പെരുന്നാൾ പിറ്റേന്നുണ്ടായ അപകടത്തിൽ മൂന്ന് മലയാളികളുടെ മരണവും കുടുംബത്തിന്റെ തീരാനഷ്ടവും ഖത്തറിലെ ഓരോ പ്രവാസിയുടെയും വേദനയായി. ജോലിത്തിരക്കിനിടയിൽ വീണുകിട്ടുന്ന അവധിക്ക് മരുഭൂമിയിലേക്കും കടൽത്തീരങ്ങളിലേക്കും യാത്രപോവുന്നത് ഖത്തറിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രവാസിയുടെ ആവേശമാണ്. കാഴ്ചയിൽ ഏറെ ശാന്തമെങ്കിലും നിഗൂഢതകൾ പതിയിരിക്കുന്നതാണ് മരുഭൂമികൾ. എന്നാൽ, മരുഭൂമിയെ അറിഞ്ഞ് യാത്രചെയ്താൽ ഏറെ ആസ്വാദ്യകരവും സുരക്ഷിതവുമായ അനുഭവമായിരിക്കും. നമ്മുടെ നാട്ടിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള ലാഘവത്തോടെ മരുഭൂ യാത്രകളെ കാണരുതെന്ന് ചുരുക്കം.
ഡെസേർട്ട് സഫാരിക്ക് മുമ്പുള്ള തയാറെടുപ്പുകൾ എങ്ങനെയാവണം, എന്തെല്ലാം അറിഞ്ഞിരിക്കണം, എങ്ങനെ ഒരുങ്ങണം എന്നതിനെ കുറിച്ച്...
യുനെസ്കോ അംഗീകാരമുള്ള പ്രദേശമായ ഇൻലാൻഡ് സീ അഥവാ അൽ ഉദൈദ് മണൽപ്പരപ്പ് ഖത്തറിന്റെ തെക്ക്-കിഴക്ക് ഭാഗത്താണ്. മരുഭൂമിയിലേക്ക് കടൽകയറുന്ന ലോകത്തെ ചുരുക്കം ചില സ്ഥലങ്ങളിലൊന്ന്. കൂടാതെ, ആശ്ചര്യപ്പെടുത്തുന്ന മണൽ കുന്നുകളുടെ ഒരുനിരതന്നെയുണ്ടിവിടെ. മരുഭൂമിയും അതുമായി ബന്ധപ്പെട്ട ജീവിത സാഹചര്യങ്ങളും പ്രാദേശിക സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമാണ്.
യഥാർഥ മരുഭൂമി അനുഭവത്തിനായി, മൃദുവായ മൺകൂനകൾക്ക് മുകളിലൂടെയുള്ള ഒട്ടക സവാരിയെ വെല്ലുന്ന ഒന്നും തന്നെയില്ല. എന്നാൽ, മണൽക്കാടുകൾക്ക് മുകളിലൂടെ അൽ ഉദൈദിലേക്കുള്ള മരുഭൂമിക്ക് കുറുകെ ഒരു ഉല്ലാസകരമായ സഫാരിയാത്ര ഫോർ വീൽ വാഹനങ്ങളിൽ മാത്രം എത്തിച്ചേരാനാകുന്ന ഒന്നാണ്.
അതുകൊണ്ടുതന്നെ ഖത്തറിലുള്ള സ്വദേശി, വിദേശികൾക്ക് വാരാന്ത്യങ്ങൾ ഏറെ പ്രിയപ്പെട്ട വിനോദമാണ് വാഹനങ്ങൾ ഉപയോഗിച്ച് മണൽപ്പരപ്പിലെ റൈഡിങ്.
എന്നാൽ, ഏറെ നാളത്തെ ഡ്രൈവിങ്ങിലൂടെ നേടിയെടുത്ത പരിചയം ഈ മണൽക്കുന്നുകളിലേക്ക് വണ്ടിയോടിച്ച് കയറ്റാൻ ആവശ്യമാണ്.
ഒരു സുരക്ഷാമാനദണ്ഡവും പാലിക്കാതെ ഒരാവേശത്തിന്ന് വല്ലപ്പോഴുമൊക്കെ മലകയറാൻ വേണ്ടി, വാഹനമുപയോഗിച്ച് മല കയറുന്നത് അപകട സാധ്യത വർധിപ്പിക്കും.
കുന്ന് കയറാൻ 4 x 4 വാഹനം അനിവാര്യമാണ്. മാത്രവുമല്ല പ്രവർത്തന ക്ഷമതയുള്ള ഗിയർ സിസ്റ്റം, ഡിഫറൻഷ്യൽ, എൻജിൻ ക്യുബിക് കപ്പാസിറ്റി തുടങ്ങിയ പരിശോധന വിധേയമാക്കി ഉറപ്പുവരുത്തിയശേഷമേ യാത്ര പുറപ്പെടാവൂ. മണലിൽ സുഖമമായി മുന്നോട്ടു നീങ്ങാൻ കഴിയും വിധം ടയറിലെ പ്രഷർ കുറച്ച് ക്രമീകരിക്കാനുള്ള പരിജ്ഞാനവും ഉണ്ടായിരിക്കണം. വാഹനത്തിന്റെ ബാറ്ററിയുപയോഗിച്ച് തന്നെ പ്രവർത്തിപ്പിക്കാവുന്ന പ്രഷർ മോട്ടോർ, പ്രഷർ നോക്കാൻ ഗേജ് എന്നിവ കരുതേണ്ടതും അത്യാവശ്യമാണ്.
ഈ മണൽക്കുന്നുകൾക്ക് മുകളിലൂടെ പരിചയസമ്പന്നരായ ഡ്രൈവർമാരുടെ സഹായത്തോടെ സാഹസിക യാത്രകൾ ഒരുക്കിയും സന്ദർശകർക്ക് മരുഭൂമിയിൽ പാരമ്പര്യശൈലിയിലുള്ള ക്യാമ്പുകൾ പണിതും നിരവധി കമ്പനികള്‍ പകൽ സമയത്തും വൈകുന്നേരങ്ങളിലും രാത്രിയിലും പ്രത്യേകം ക്യാമ്പിങ് യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്.
പുതുതായി ഇറങ്ങുന്ന വാഹനങ്ങൾക്ക് 20 മുതൽ 30 വരെയാണ് ഓഫ് ഷോർ ഡ്രൈവ് കാപ്പാസിറ്റിയുള്ളത്. അതുകൊണ്ടുതന്നെ ഓഫ് ഷോറിന് ഉപയോഗിക്കുന്ന വാഹനങ്ങൾ ടയർ, സസ്പെൻഷൻ, ഷോക് അബ്സോര്‍ബർ, എൻജിൻ കപ്പാസിറ്റി എന്നിവയെല്ലാം അപ്ഗ്രേഡ് ചെയ്തതിന് ശേഷമാണ് ഉപയോഗിക്കാറ്.
ഡ്യൂൺ റൈഡേഴ്സ് ക്ലബ്, ഖത്തർ ഫോർ വീലേഴ്സ് എന്നീ ഓഫ് ഷോർ ഡ്രൈവ് പ്രഫഷനൽ പരിശീലകര്‍ ഉള്‍പ്പെട്ട റൈഡേഴ്സ് ക്ലബുകളിലൂടെ സാഹസികത ഇഷ്ടപ്പെടുന്ന, ഓഫ് ഷോർ ഡ്രൈവിങ്ങിൽ താൽപര്യമുള്ളവർക്ക് ഖത്തറിൽ പരിശീലനം നേടാനുള്ള സാഹചര്യവുമുണ്ട്.
മണലിൽ യാത്രചെയ്യുമ്പോൾ, മുന്നിലുള്ള വാഹനത്തിന്റെ ടയർ ട്രാക്കുകൾ പിന്തുടരാൻ നിങ്ങൾ ശ്രമിക്കണം. കാരണം, അവ ഇതിനകം മണൽ അമർന്ന് യാത്രക്ക് പാകമായിരിക്കും. ബ്രേക്ക് ചെയ്യുമ്പോള്‍ നിങ്ങൾ വേഗത്തിൽ പെട്ടെന്നുള്ള മാറ്റങ്ങൾ ഒഴിവാക്കണം. മണലിൽ ബ്രേക്ക് ചെയ്യുന്നത് എല്ലാ ചക്രങ്ങൾക്കു മുന്നിൽ ഒരു കൊച്ചു കുന്നുണ്ടാക്കുകയും നിങ്ങളുടെ വാഹനം പറന്നുയരുന്നത് തടയുകയും ചെയ്യും. ദ്രുതഗതിയിലുള്ള ആക്സിലറേഷൻ ചക്രങ്ങളെ കുഴിച്ചുമൂടുകയും യഥാർഥത്തിൽ ടേക് ഓഫ് വേഗത കുറക്കുകയും ചെയ്യും.
ഗിയർ മാറ്റങ്ങൾ വരുത്തിക്കൊണ്ട് ടേക് ഓഫ് കഴിയുന്നത്ര സുഗമമായി നടത്തണം. മണൽ ഡ്രൈവിനൊരുങ്ങുമ്പോൾ വാഹനത്തിന് ധാരാളം എൻജിൻ ശക്തി ആവശ്യമാണ്. കുറഞ്ഞ റേഞ്ച് ഉപയോഗിക്കുന്നതാണ് ഉചിതം, ഇത് ലഭ്യമായ എൻജിൻ കപ്പാസിറ്റിയുടെ അളവ് വർധിപ്പിക്കുകയും പ്രത്യേകിച്ച് മൃദുവായ മണൽ പാച്ചുകളിൽ അധിക ഗിയർ നൽകുകയും ചെയ്യും. ടേക് ഓഫ് ചെയ്യുമ്പോൾ നിങ്ങളുടെ ടയറുകൾ നേരെ മുന്നോട്ടു നീങ്ങുന്നുണ്ടെന്ന് പരിശോധിക്കുക.
തിരിയുമ്പോൾ, മറിയാനുള്ള സാധ്യത കുറക്കുന്നതിന് ടേൺ കഴിയുന്നത്ര വീതിയിൽ ആക്കുകയാണ് മറ്റൊരു വഴി. മുൻചക്രങ്ങൾ മണലിൽ ഒരു ചുക്കാൻപോലെ പ്രവർത്തിക്കുന്നതിനാൽ, വളരെ ചെറിയ അളവിൽ തിരിയുന്നത് ബ്രേക്കുകൾ പ്രയോഗിക്കുന്നതിന് സമാനമായ ഫലം നൽകുകയും അപകടസാധ്യതയും വർധിപ്പിക്കുന്നു.
കുത്തനെയുള്ള മണൽത്തിട്ടകൾക്കു നേരെ മുകളിലേക്കോ താഴേക്കോ മാത്രമേ സഞ്ചരിക്കാൻ ശ്രമിക്കാവൂ. നിങ്ങൾ ഒരു ചെറിയ കോണിൽപോലും ഡ്രൈവ് ചെയ്യുകയാണെങ്കിൽ, ഭാരം കൈമാറ്റം ചെയ്യപ്പെടുക ഡൗൺഹിൽ സൈഡ് വീലുകളിലേക്കാണ്. വാഹനം തെന്നിനീങ്ങാൻ തുടങ്ങിയാൽ, പിന്നെ താഴേക്കുള്ള ചക്രങ്ങൾ കുഴിച്ച് മൺകൂനയുടെ കോണിനെ കൂടുതൽ വഷളാക്കുന്നു. ഇത് ഇത് വാഹനം ഉരുണ്ട് താഴേക്ക് പതിക്കുന്നതിലേക്ക് നയിക്കുന്നു.
കുത്തനെയുള്ള ഒരു മൺകൂനയിലൂടെ നേരെ യാത്രചെയ്യുകയും പിൻഭാഗം വശത്തേക്ക് തെന്നിവീഴാൻ തുടങ്ങുകയും ചെയ്യുന്നുവെങ്കിൽ, വാഹനം നേരെയാക്കാൻ ചെറുതായി വേഗത്തിലാക്കുന്നതാണ് നല്ലത്. ബ്രേക്ക് ഒരിക്കലും ഉപയോഗിക്കരുത്.
ഇത് മുൻ ചക്രങ്ങളിലേക്ക് ഭാരം കൈമാറ്റം ചെയ്യാനും ബാക് എൻഡ് ചലനം വർധിപ്പിക്കാനും ഇടയാക്കും.
ഒരു മൺകൂനയുടെ മുകളിലേക്ക് യാത്ര ചെയ്യുമ്പോൾ നിങ്ങൾ ഉച്ചിയിൽ കയറുന്നില്ലെങ്കിൽ, ഗിയറിൽ മൺകൂനയിൽനിന്ന് താഴേക്ക് തിരിയുക. യു ടേൺ ചെയ്യാൻ ശ്രമിക്കരുത്. സ്ഥിരമായി ഇത്തരം യാത്രകൾ പോവുന്നവര്‍ വാഹനത്തിനകത്ത് ക്രാഷ് ഗാർഡ് പോലുള്ള സുരക്ഷാ സംവിധാനങ്ങൾ ഘടിപ്പിച്ചിരിക്കും. കൂടാതെ, വാഹനത്തിനകത്ത് ചലിക്കുന്നതും ഭാരമുള്ളതുമായ സാധനങ്ങൾ ഒന്നുംതന്നെ പാടില്ല. അത്യാവശ്യം കരുതുന്ന ആവശ്യവസ്തുക്കൾ ഏതെങ്കിലും രീതിയിൽ ബന്ധിച്ചിരിക്കണം. ഇത്തരം യാത്രകൾ ഹോബിയായി സ്വീകരിച്ച മലയാളികളടക്കം ഒട്ടേറെ പേരുണ്ട് ഖത്തറിൽ. അവരെല്ലാംതന്നെ സീറ്റ് ബെൽറ്റ് അടക്കമുള്ള എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചേ യാത്രകള്‍ പോവാറുള്ളൂവെന്ന് ബി.എൻ.ഐ ഖത്തർ എക്സിക്യൂട്ടിവ് ഡയറക്ടറും ഓഫ് ഷോർ ഡ്രൈവ് പതിവായി ചെയ്യുന്നയാളുമായ ഷബീബ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.