കഴിഞ്ഞ ദിവസങ്ങളിലെ സായാഹ്നങ്ങൾ കതാറയിലെ കടൽതീരത്തെത്തിയവർ അതിശയിച്ചുകാണും. പത്തൻപതു വർഷമോ, അല്ലെങ്കിൽ ഒരു നൂറ്റാണ്ടു തന്നെയോ പിറകിലേക്ക് കാലത്തെ കൊണ്ടുപോകുന്ന കാഴ്ചകൾ. പഴയകാലത്തെ കടൽജീവിതവും സംസ്കാരവും അതേപടി പകർത്തിയ അങ്ങാടികളും തൊഴിലുകളും മനഷ്യരുമായി ഒരു വേറിട്ട കാഴ്ച.
പരമ്പരാഗത വള്ളത്തിന്റെ മാതൃക പ്രദർശിപ്പിക്കുന്നു
കതാറ വേദിയാകുന്ന 13ാമത് അന്താരാഷ്ട്ര ദൗ ഫെസ്റ്റിവലാണ് സ്ഥലം. ലോകം ഇന്നുകാണുന്ന സാങ്കേതിക മികവുകളിലേക്ക് ഓടിയെത്തും മുമ്പ് കടലോര ജീവിതങ്ങൾ എങ്ങനെയായിരുന്നുവെന്ന് പുതു തലമുറക്ക് പകർന്നു നൽകുന്ന പ്രദർശനം. മേഖലയിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ‘ദൗ’ ഫെസ്റ്റാണ് (പായക്കപ്പൽ മേള) സന്ദർകരെ ക്ഷണിക്കുന്നത്. ശനിയാഴ്ച സമാപിക്കുന്ന ദൗ ഫെസ്റ്റ് ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. ഖത്തറും, ഇന്ത്യയും, വിവിധ ഗൾഫ് നാടുകളും ഉൾപ്പെടെ 12 രാജ്യങ്ങളാണ് തങ്ങളുടെ കടലോര സംസ്കാരങ്ങളും ജീവിതങ്ങളും പരിചയപ്പെടുത്തുന്ന ദൗ ഫെസ്റ്റിൽപങ്കാളികളാകുന്നത്.
നൂറ്റാണ്ടുകൾക്കു മുമ്പേ തീരങ്ങളോട് ചേർന്നുള്ള ജീവിതത്തിന്റെ ഭാഗമായ ശീലങ്ങളെല്ലാം അതേ വേഷപ്പകർച്ചയിൽ തന്നെ അവതരിപ്പിക്കുന്നു. യന്ത്രങ്ങളുടെയൊന്നും സഹായമില്ലാതെ കടലുകൾ താണ്ടി മത്സ്യബന്ധനവും, മുത്ത് ശേഖരവുമെല്ലാം നടത്തിയ മനുഷ്യരുടെ ജീവതവും രീതികളുമെല്ലാം ഇവിടെ പകർത്തിവെക്കുന്നു. പായക്കപ്പൽ നിർമാണങ്ങൾ, അവക്ക് ആവശ്യമായ ഉപകരണങ്ങൾ, മത്സ്യബന്ധന വല നെയ്ത് വല വിരിക്കൽ, കടൽ പാട്ടുകൾ, പരമ്പരാഗതമായ മധുരങ്ങളുടെ നിർമാണം, വിവിധ വസ്തുക്കളുടെ പ്രദർശനങ്ങൾ, കടൽ ജീവികളുടെ പ്രദർശനങ്ങൾ, അവ വിവരിക്കുന്ന വിഡിയോ ദൃശ്യങ്ങൾ, മുത്തുകൾ വളരുന്ന പവിഴങ്ങളുടെ ഉള്ളറകൾ അങ്ങനെ വിശേഷങ്ങൾ അനവധി. വിവിധ ചായകളും പലഹാരങ്ങളും ലഭിക്കുന്ന അങ്ങാടികളും ആകർഷകമാണ്.
മേളയുടെ ഭാഗമായി കടൽ അനുബന്ധമായ തുഴച്ചിൽ ഉൾപ്പെടെ ഒരുപിടി മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. പെയിന്റിങ്, ഫോട്ടോഗ്രഫി എന്നിവയും കതാറയിലെ ആംഫി തിയറ്റർ പരിസരങ്ങളിലായി സജ്ജമാണ്. അവസാന ദിനമായ ശനിയാഴ്ച ഉച്ച രണ്ട് മുതൽ രാത്രി 11 വരെ ആസ്വദിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.