ദോഹ: ഒക്ടോബറിൽ ആരംഭിക്കുന്ന ദോഹ ഹോർടികൾചറൽ എക്സ്പോയുടെ വളൻറിയർ തെരഞ്ഞെടുപ്പിൻെറ ഭാഗമായ അഭിമുഖങ്ങൾ ആരംഭിച്ചു. ശനിയാഴ്ച മുതൽ തന്നെ ആരംഭിച്ച അഭിമുഖം സെപ്റ്റംബർ ഒമ്പത് വരെയാണ് നിലവിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ആഗസ്റ്റ് ആദ്യ വാരത്തിൽ ആരംഭിച്ച വളൻറിയർ രജിസ്ട്രേഷനിൽ 50,000പേരാണ് നാലു ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത്. ഇവരിൽ നിന്നും 2200 വളൻറിയർമാരുടെ സേവനമാണ് എക്സ്പോക്ക് ആവശ്യമായുള്ളത്.
ഗ്രീൻ ടീം എന്നറിയപ്പെടുന്ന വളൻറിയർ ടീമിനെ പയനിയർ വളൻറിയർ സംഘങ്ങളുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുക്കുന്നത്. മുൻ പരിചയം, ആശയ വിനിമയ ശേഷി ഉൾപ്പെടെ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വളൻറിയർ തെരഞ്ഞെടുപ്പ് നടത്തുന്നത്.
അപേക്ഷകരിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടവർക്കാണ് അഭിമുഖത്തിനുള്ള അറിയിപ്പ് നൽകുന്നത്. അപേക്ഷകർക്കുതന്നെ അഭിമുഖത്തിനുള്ള സമയം ഷെഡ്യൂൾ ചെയ്യാൻ കഴിയുന്നവിധത്തിൽ ലിങ്ക് നൽകിയാണ് അഭിമുഖ അറിയിപ്പുമായി മെയിൽ നൽകുന്നത്.
അഭിമുഖം വിജയകരമായി പൂർത്തിയായതിനു ശേഷം തെരെഞ്ഞടുക്കപ്പെടുന്നവർക്ക് തങ്ങളുടെ ചുമതലയും ജോലി വിശദാംശങ്ങളു അറിയിക്കും. ഷിഫ്റ്റ് ഷെഡ്യൂളിങ്, ട്രെയിനിങ് എന്നിവയും അറിയിപ്പിലുണ്ടാവും. പരിശീലനം പൂർത്തിയാക്കിയ ശേഷമായിരിക്കും ഡ്യൂട്ടിയിലേക്ക് മാറ്റുക.
ഒക്ടോബർ രണ്ടിന് തുടങ്ങി മാർച്ച് 28 വരെയായി ആറു മാസം നീണ്ടു നിൽക്കുന്ന ദോഹ എക്സ്പോയുടെ മുഴുവൻ സേവനത്തിനായി 2200 വളൻറിയർമാരെയാണ് തെരഞ്ഞെടുക്കുന്നതെന്ന് സംഘാടകർ നേരത്തെ അറിയിച്ചിരുന്നു.
ഒരു വളൻറിയർ 45 ഷിഫ്റ്റുകളിൽ ജോലി ചെയ്യണം. ശരാശരി ആഴ്ചയിൽ രണ്ടു ദിവസം എന്ന നിലയിലാണ് ആറുമാസം കൊണ്ട് മുഴുവൻ ഷിഫ്റ്റുകളും പൂർത്തിയാക്കേണ്ടത്. ആറ് മുതൽ എട്ടു മണിക്കൂർവരെയാണ് ഒരു ഷിഫ്റ്റിൻെർ ദൈർഘ്യം.
അക്രഡിറ്റേഷൻ, ഉദ്ഘാടനം ഉൾപ്പെടെ വിവിധ ചടങ്ങുകൾ, ടിക്കറ്റിങ്, ഇവൻറ്സ്, സാംസ്കാരിക പരിപാടികൾ, ആരോഗ്യം-സുരക്ഷ, ഭാഷാ സേവനം, മീഡിയ ആൻർ് ബ്രോഡ്കാസ്റ്റ്, പാർടിസിപൻറ്സ് ഓപറേഷൻസ്, പ്രോട്ടോകോൾ സർവീസ്, വിസിറ്റർ സർവീസസ്, വർക്ഫോഴ്സ് മാനേജ്മെൻറ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലായാവും വളൻറിയർ നിയമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.