ദോഹ: ശനിയാഴ്ച ഗസ്സയിലെ അൽ ഫഖൂറ യു.എൻ.ആർ.ഡബ്ല്യൂ.എ സ്കൂളിന് നേരെയുണ്ടായ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണത്തെ അപലപിച്ച് ഖത്തർ ആസ്ഥാനമായ എജുക്കേഷൻ എബൗ ആൾ ഫൗണ്ടേഷൻ (ഇ.എ.എ).
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുനേരെയുള്ള ആക്രമണം ബോധപൂർവമാണ്, സാധാരണക്കാരെയും അവരുടെ അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടുള്ളതാണ് ഈ സംഭവങ്ങൾ. സ്കൂളുകളെയും കുടിയൊഴിപ്പിക്കപ്പെട്ട ആളുകളുടെ അഭയകേന്ദ്രങ്ങളെയും ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതരവും പ്രത്യക്ഷവുമായ ലംഘനങ്ങളാണ്.
എന്നാൽ, യു.എൻ.ആർ.ഡബ്ല്യൂ.ആർ.എയുമായുള്ള പങ്കാളിത്തത്തിലൂടെ ഗസ്സയിലെ കുട്ടികൾക്ക് സുരക്ഷിതമായ വിദ്യാഭ്യാസ പ്രവർത്തനം ഫൗണ്ടേഷൻ തുടരുമെന്നും ഇ.എ.എ പ്രസ്താവനയിൽ വിശദീകരിച്ചു. സ്കൂളുകൾക്കുനേരെ നടത്തിയ ആക്രമണത്തിൽ കുട്ടികളും സ്ത്രീകളുമടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്.
2009ലെ ആക്രമണത്തെ തുടർന്ന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചതിനുശേഷവും, 2014ലെ ബോംബാക്രമണത്തിന് ശേഷവും സ്കൂളിന്റെ പുനർനിർമാണം ഇ.എ.എ നടത്തിയിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും പ്രത്യക്ഷമായ ലംഘനങ്ങൾ അവസാനിപ്പിക്കാൻ ആഗോള സമൂഹം ഇടപെടണമെന്നും കൂട്ടായ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും കുട്ടികൾക്കും എതിരായ ഇത്തരം ആക്രമണങ്ങൾ സമഗ്രമായി അന്വേഷിക്കുകയും ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഇ.എ.എ ആഗോള സമൂഹത്തോട് ആഹ്വാനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.