ദോഹ: ഹാഫിസ് റഹ്മാൻ കേരള എൻജിനീയറിങ് എൻട്രൻസ് പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയപ്പോൾ ഖത്തറിൽ പ്രവാസിയായ പിതാവ് ഡോ. അബ്ദുറഹ്മാന് അഭിമാനത്തിളക്കം. നേരത്തേ ദേശീയതല എൻജിനീയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ മെയിനിൽ കേരളത്തിൽ ഒന്നാം റാങ്ക് നേടിയ ഹാഫിസ് പിതാവിനൊപ്പം അവധിക്കാലം ചെലവഴിക്കാൻ ഖത്തറിലെത്തി വെള്ളിയാഴ്ച തിരിച്ചുപോവുകയാണ്. എൻജിനീയറിങ്, മെഡിക്കൽ മേഖലയിൽ മികവ് തെളിയിച്ച കുടുംബമാണ് ഇവരുടേത്. എൻ.ഐ.ടിയിൽ പഠനം പൂർത്തിയാക്കിയ, ഹാഫിസിന്റെ മൂത്ത സഹോദരി അസ്ലമ ദോഹയിലാണ്. ഇളയ സഹോദരി ഹംദ പോണ്ടിച്ചേരി ജിപ്മറിൽ എം.ബി.ബി.എസ് വിദ്യാർഥിയാണ്. ഇളയ സഹോദരൻ സാഹിൽ ആറാം ക്ലാസിലാണ്.
ഖത്തറിൽ പീഡിയാട്രീഷ്യനായ മലപ്പുറം പെരിന്തൽമണ്ണ പൊന്ന്യാകുർശ്ശി സ്വദേശിയായ ഡോ. അബ്ദുറഹ്മാൻ ഏലിക്കോട്ടിലിന്റെയും ഷാഹിദയുടെയും നാലാമത്തെ മകനാണ് ഹാഫിസ്. പാലാ ചാവറ പബ്ലിക് സ്കൂളിൽ പ്ലസ്ടു വിദ്യാർഥിയായിരുന്ന ഹാഫിസ് ബ്രില്യന്റ്സ് എൻട്രൻസ് കോച്ചിങ് സെന്ററിൽ പരിശീലനവും നേടിയിരുന്നു. സ്വന്തം താൽപര്യപ്രകാരമാണ് എൻജിനീയറിങ് തിരഞ്ഞെടുത്തതെന്നും മദ്രാസ് ഐ.ഐ.ടിയിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ഉപരിപഠനം നടത്താനാണ് താൽപര്യമെന്നും ഹാഫിസ് റഹ്മാൻ പറഞ്ഞു. സഹോദരി ആഖിഫ മദ്രാസ് ഐ.ഐ.ടിയിൽ പഠനം പൂർത്തിയാക്കി അമേരിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയയിൽ തുടർ പഠനവും നടത്തി സാൻഫ്രാൻസിസ്കോയിൽ ജോലി ചെയ്യുകയാണ്. സി.ബി.എസ്.ഇ പത്താം തരത്തിൽ മുഴുവൻ മാർക്കും സ്വന്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.