ദോഹ: കതാറ കൾച്ചറൽ വില്ലേജിൽ നടക്കുന്ന പ്രാപ്പിടിയൻ പക്ഷിേപ്രമികളുടെ സംഗമമായ പ്രഥമ രാജ്യാന്തര വേട്ട, ഫാൽക്കൺ മേളയുടെ മൂന്നാം ദിവസവും സന്ദർശകരുടെ തിരക്ക്. കതാറ കൾച്ചറൽ വില്ലേജിൽ ഫ്രീഡം സ്ക്വയറിലെ 12ാം നമ്പർ കെട്ടിടത്തിൽ നടക്കുന്ന ‘സുഹൈൽ 2017’ മേളയിലേക്ക് മന്ത്രിമാരും വിശിഷ്ട വ്യക്തികളും സ്വദേശികളും വിദേശികളുമായ സാധാരണക്കാരും ഒഴുകിയെത്തി. ഒഴിവുദിവസം കൂടിയായതിനാല ഇന്നലെ ആയിരങ്ങളാണ് മേള കാണാനെത്തിയത്. സാംസ്കാരിക–കായിക മന്ത്രി സാലിഹ് ബിൻ ഗാനിം അൽ അലി, സ്പെഷ്ൽ അമീരി ഗാർഡ് മേധാവി മേജർ ജനറൽ ഹസ ബിൻ ഖലീൽ അൽ ഷഹ്വാനി തുടങ്ങിയവർ മൂന്നാം ദിനം മേള സന്ദർശിച്ചു.
400ലധികം ഫാൽക്കണുകളെയും വേട്ടയിൽ അവയുടെ ഇരകളായ ഹബൂറ പക്ഷികളുടെയും പ്രദർശനത്തിനും ലേലത്തിനും പുറമെ വേട്ടക്കുപയോഗിക്കുന്ന തോക്കുകളും മറ്റു ആയുധങ്ങളും ഫാൽക്കണുകളുടെ വളർത്തലും വേട്ടയുമായി ബന്ധപ്പെട്ട വൈവിധ്യമാർന്ന ഉപകരണങ്ങളുമെല്ലാം മേളയിലുണ്ട്. ഇവ വില കൊടുത്ത് സ്വന്തമാക്കാനും അവസരമുണ്ട്. ഫാൽക്കണുകളെ വാങ്ങുന്നതിന് ലേലം നടക്കുന്നു. വൻ വില കൊടുത്ത് ഫാൽക്കണുകളെ സ്വന്തമാക്കാൻ പ്രാപ്പിടിയൻ പ്രേമികൾ മത്സരിക്കുകയാണ്.
ഇതുകൂടാതെ ഫാൽക്കൺ ചികിത്സ ആശുപത്രികളുടെ സ്റ്റാളുകളും മേളയിലുണ്ട്. ഫാൽക്കൺ വേട്ടക്കായി മരുഭൂമിയിൽ തമ്പടിക്കാൻ എല്ലവിധ സജ്ജീകരണങ്ങളുമുള്ള വാഹനങ്ങളും മേളയിൽ ഒരുക്കിയിരിക്കുന്നു. ഫാൽക്കണുകളെയും അവയുടെ വേട്ടയാടലിനെയും ജീവിത രീതിയെയും പ്രതിപാദിക്കുന്ന തത്സമയ ചിത്രരചനയും മേളയുടെ ആകർഷണമാണ്. വിദേശികളടക്കമുള്ള ചിത്രകാരന്മാർ ഇതിൽ പെങ്കടുക്കുന്നു. സന്ദർശകരുടെ തിരക്കിനും ബഹളത്തിനുമിടയിൽ ഏകാഗ്രതയോടെ ഇവർ ചിത്രം വരയിൽ മുഴുകുന്നത് മികച്ച അനുഭവമാണ്.
ഇതുകൂടാതെ തമീം അൽ മജ്ദ് ചിത്രത്തിലൂടെ പ്രശസ്തനായ അഹ്മദ് അൽ മദീദ് വരച്ച ചിത്രങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെയും ഫാൽക്കണുകൾക്കൊപ്പമുള്ള അപൂർവ ചിത്രങ്ങളും മേളയിലുണ്ട്.
മേള നടക്കുന്ന കെട്ടിടത്തിെൻറ പരിസരത്തായി റസ്റ്റോറൻറ് കിയോസ്കുകളുമുണ്ട്. സന്ദർശകരായെത്തുന്നവർക്ക് സൗജന്യമായി വെള്ളം, ചായ, കഹ്വ എന്നിവ നൽകാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. രാവിലെ പത്ത് മണി മുതൽ രാത്രി ഒമ്പത് മണി വരെയാണ് സന്ദർശകർക്ക് പ്രവേശനം. മേള നാളെ സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.