ദോഹ: ആരോഗ്യം ഉയർത്തിപ്പിടിക്കുന്ന ലോകകപ്പിനായി ഖത്തറും ലോകാരോഗ്യ സംഘടനയും ഫിഫയും കൈകോർക്കുന്നു. സ്റ്റേഡിയത്തിനകത്തും ഫാൻ സോണുകളിലും ആരോഗ്യകരമായ ഭക്ഷ്യവിഭവങ്ങൾ ലഭ്യമാക്കുക, സ്റ്റേഡിയത്തിലും ഫാൻസോണുകളിലും മറ്റിടങ്ങളിലും പുകയില ഉൽപന്നങ്ങൾ ഉപയോഗിക്കുന്നത് തടയുന്നത് കാര്യക്ഷമമാക്കുക, ഇതുമായി ബന്ധപ്പെട്ട് രാജ്യങ്ങളുമായി കൂടുതൽ സഹകരണ കരാറുകളിൽ ഏർപ്പെടുക, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുമായുള്ള സഹകരണം തുടങ്ങിയവയാണ് പ്രധാനമായും ഫിഫയും ഖത്തറും ലോകാരോഗ്യ സംഘടനയും ആരോഗ്യം നിറഞ്ഞ ലോകകപ്പ് സാക്ഷാത്കരിക്കാൻ മുന്നോട്ടു വെക്കുന്നത്.
2021ലെ ഫിഫ അറബ് കപ്പിലെടുത്ത ആരോഗ്യ നടപടികൾ കൂടുതൽ വിപുലമാക്കാനും ധാരണയായി. ആരോഗ്യസംബന്ധമായ അടിയന്തര മുന്നൊരുക്കം കൂടുതൽ ശക്തിപ്പെടുത്തുക, കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികൾ തടയാനുള്ള മുൻകരുതലുകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നിവയും ഇതിൽ പ്രധാനപ്പെട്ടവയാണ്. ഫിഫ, ഖത്തർ, ലോകാരോഗ്യ സംഘടന എന്നിവരുൾപ്പെടുന്ന മൂന്ന് വർഷത്തെ പങ്കാളിത്ത പരിപാടിയായ ഹെൽത്തി ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 - ക്രിയേറ്റിങ് ലെഗസി ഫോർ സ്പോർട്ട് ആൻഡ് ഹെൽത്തിന്റെ പ്രഥമ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ആരോഗ്യ നിർദേശങ്ങൾ മുന്നോട്ടു വെച്ചത്. 2021ലാണ് മൂന്ന് കക്ഷികളും ചേർന്നുള്ള പങ്കാളിത്തത്തിന് തുടക്കംകുറിച്ചത്. ലോകകപ്പ് കാലയളവിൽ ആരോഗ്യകരമായ ജീവിതം, ആരോഗ്യ സുരക്ഷ, മാനസിക-ശാരീരിക ക്ഷേമം എന്നിവ ഉയർത്തിപ്പിടിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ലോകകപ്പിന് ആതിഥ്യമരുളുന്ന മിഡിലീസ്റ്റിലെ പ്രഥമ രാജ്യമാകാൻ കഴിഞ്ഞതിൽ ഖത്തർ അഭിമാനിക്കുന്നതായും ടൂർണമെൻറ് വിജയിപ്പിക്കുക മാത്രമല്ല ലക്ഷ്യമെന്നും ജനങ്ങളുടെ ആരോഗ്യം നിലനിർത്തുന്നതിലും മെച്ചപ്പെടുത്തുന്നതിലും ഫുട്ബാളിനും കായിക മേഖലക്കും എത്രത്തോളം പങ്ക് വഹിക്കാൻ സാധിക്കുമെന്ന് ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകകൂടിയാണ് ഈ സഹകരണത്തിലൂടെ ശ്രദ്ധയൂന്നുന്നതെന്നും സ്റ്റിയറിങ് കമ്മിറ്റി അധ്യക്ഷയും ഖത്തർ പൊതുജനാരോഗ്യ മന്ത്രിയുമായ ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി യോഗത്തിനുശേഷം പറഞ്ഞു.
എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടന്ന യോഗത്തോടനുബന്ധിച്ച് വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്കും ക്ലബുകൾക്കുമായി പ്രത്യേക പരിപാടിയും സൗഹൃദ മത്സരങ്ങളും അധികൃതർ സംഘടിപ്പിച്ചിരുന്നു.
ലോകാരോഗ്യ സംഘടന അധ്യക്ഷൻ ഡോ. ടെഡ്രോസ് അഥാനം ഗെബ്രിയേസസ്, ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജനൽ ഡയറക്ടർ ഡോ. അഹ്മദ് അൽ മൻദരി, ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ, സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി, ലോകാരോഗ്യ സംഘടന ആരോഗ്യം, കായികം ഗുഡ്വിൽ അംബാസഡർ ദിദിയർ ദ്രോഗ്ബ, പൊതുജനാരോഗ്യ മന്ത്രാലയം ആരോഗ്യ ഡയറക്ടർ ഡോ. മുഹമ്മദ് ബിൻ ഹമദ് ആൽഥാനി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ലോകകപ്പിൽ ഇതാദ്യമായാണ് ഇത്തരത്തിലുള്ള പങ്കാളിത്തമെന്നും മിഡിലീസ്റ്റിൽ ആദ്യമായെത്തുന്ന ലോകകപ്പ്, ചരിത്രത്തിലെ ഏറ്റവും ആരോഗ്യകരമായ ലോകകപ്പ് കൂടിയാകുമെന്നും ഫിഫ പ്രസിഡൻറ് ഇൻഫാൻറിനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.