ദോഹ: റോഡ് ട്രാഫിക്ക് ദിനത്തോടനുബന്ധിച്ച് ഫെഡറേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഖത്തർ (ഫിൻക്യു) ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവത്കരണ വകുപ്പുമായി ചേർന്ന്, മദീനത്ത് ഖലീഫയിലെ ട്രാഫിക് ഡിപ്പാർട്മെന്റ് ആസ്ഥാനത്ത് സുരക്ഷാ പരിപാടി സംഘടിപ്പിച്ചു. ഡ്രൈവർമാർക്കിടയിൽ റോഡ് ട്രാഫിക് അവബോധം വളർത്തുന്നതിന്റെ ഭാഗമായാണ് പരിപാടി നടന്നത്. വിവിധ ഫുഡ് ഡെലിവറി റൈഡർമാർ, ബിർള, ഒലിവ്, സ്കോളേഴ്സ് സ്കൂളുകളിൽ നിന്നുള്ള സ്കൂൾ ബസ് ഡ്രൈവർമാർ ഉൾപ്പെടെ 280ൽ അധികം പേർ പങ്കെടുത്തു.
ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ബോധവൽക്കരണ ഓഫീസർ ഫസ്റ്റ് ലെഫ്റ്റനന്റ് മിഷാൽ അൽ ഗുദൈദ് അൽ മർറി ബോധവത്കരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹമദ് മെഡിക്കൽ കോർപറേഷൻ കോർപറേറ്റ് ഡിപ്പാർട്മെന്റ് എമർജൻസി മെഡിസിൻ ചെയർമാൻ ഡോ. അഫ്താബ് മുഹമ്മദ് ഉമർ റോഡ് ട്രാഫിക് അപകടങ്ങളുടെ എമർജൻസി മാനേജ്മെന്റ് എന്ന വിഷയത്തിൽ പരിശീലനം നൽകി. ഫിൻക്യു പ്രസിഡന്റ് ബിജോയ് ചാക്കോ സ്വാഗതം പറഞ്ഞു. ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് റൈഡർമാരുടെ സുരക്ഷയുടെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന ബോധവത്കരണം നൽകി. റോഡ് ഉപയോക്താക്കളുടെ അവകാശങ്ങൾ, സിഗ്നലുകളിൽ വേഗം കുറക്കൽ, ഡ്രൈവ് ചെയ്യുമ്പോൾ രണ്ട് കൈകളും കൈകൊണ്ട് പിടിക്കുന്നതിന്റെ പ്രാധാന്യം, മൂടൽമഞ്ഞിലും മോശം കാലാവസ്ഥയിലും മഴയിലും യാത്ര കുറക്കുക, അശ്രദ്ധമായ ഡ്രൈവിങ്, എതിർദിശയിൽ വാഹനമോടിച്ചതിനും വലതുവശത്ത് നിന്ന് ഓവർടേക്ക് ചെയ്തതിനുമുള്ള ശിക്ഷ തുടങ്ങി ഡ്രൈവർമാരുടെ സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു. ട്രാഫിക് കാമറ, യെല്ലോ ബോക്സ്, ഓവർ സ്പീഡ് എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും പരിശീലനം നൽകി. റോഡു സുരക്ഷ പാലിച്ച് ഏറ്റവും നന്നായി വാഹനമോടിക്കുന്ന ആറ് ഡ്രൈവർമാരെ ചടങ്ങിൽ ആദരിച്ചു. ജോ. സെക്രട്ടറി ഷൈജു ഐ.സി.ബി.എഫ് ഇൻഷുറൻസ് സംബന്ധിച്ച് വിശദീകരണം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.