ദോഹ: ഖത്തറിന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ആദ്യ മന്ത്രിസഭ യോഗം ചേർന്നു. ചൊവ്വാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെയാണ് ബുധനാഴ്ച മന്ത്രിസഭ യോഗം ചേർന്നത്.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായി നിയമിച്ചുകൊണ്ട് വിശ്വാസമർപ്പിച്ച അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ തീരുമാനത്തിൽ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി ആത്മാർഥമായ നന്ദി അറിയിച്ചു. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ സേവനങ്ങളിലും അദ്ദേഹം നന്ദിയും കടപ്പാടും പ്രകടിപ്പിച്ചു.
ഖത്തർ വേദിയാവുന്ന ഐക്യരാഷ്ട്ര സഭ അവികസിത രാജ്യങ്ങളുടെ സമ്മേളനത്തെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മന്ത്രിസഭ യോഗം ആരംഭിച്ചത്. ദരിദ്ര രാജ്യങ്ങളുടെ വികസനവും അഭിവൃദ്ധിയും സമ്പന്നരാജ്യങ്ങളുടെ ഉത്തരവാദിത്തമാണെന്ന് ഓർമിപ്പിച്ച അമീറിന്റെ പ്രസംഗത്തെ മന്ത്രിസഭ പ്രശംസിച്ചു. കൂടുതൽ സുരക്ഷിതവും നീതിയുക്തവും സ്വതന്ത്രവുമായ ലോകത്തിനായി അന്താരാഷ്ട്ര ഐക്യദാർഢ്യത്തിനുള്ള അമീറിന്റെ ആഹ്വാനം ഖത്തറിന്റെ വിദേശനയത്തിന്റെ അടിസ്ഥാനം കൂടിയാണെന്ന് മന്ത്രിസഭ വിലയിരുത്തി.
ലോകശ്രദ്ധ നേടിയ എൽ.ഡി.സി രാജ്യങ്ങളുടെ സമ്മേളനത്തിന് വേദിയാവാൻ ദോഹയെ തെരഞ്ഞെടുത്തത് അഭിമാനകരമാണെന്നും കൂട്ടായ്മയുടെ പ്രസിഡന്റായി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയെ നിയമിച്ചത് അന്താരാഷ്ട്ര സമൂഹം ഖത്തറിന് നൽകുന്ന വിശ്വാസത്തിന്റെ അടിസ്ഥാനമാണെന്നും മന്ത്രിസഭ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.