ദോഹ: സർക്കാർ ജീവനക്കാരുടെ തൊഴിൽ സമയത്തിൽ ഇളവുകളും വിട്ടുവീഴ്ചയും നൽകുന്ന നിർദേശത്തിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് അവശ്യഘട്ടങ്ങളിൽ വീടുകളിലിരുന്ന് ജോലിചെയ്യാനും, തൊഴിൽ സമയത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതുമായ സിവിൽ സർവിസ് ആൻഡ് ഗവ. ഡെവലപ്മെന്റ് ബ്യൂറോയുടെ നിർദേശത്തിന് അംഗീകാരം നൽകിയത്.
ഇതു സംബന്ധിച്ച വിശദാംശങ്ങൾ സി.ജി.ബി പങ്കുവെച്ചു. പുതിയ തൊഴിൽ സമയ നിർദേശങ്ങൾ സെപ്റ്റംബർ 29 മുതൽ പ്രാബല്യത്തിൽ വരും.രാവിലെ ഏഴ് മുതൽ രണ്ട് വരെയായി ദിവസവും ഏഴ് മണിക്കൂറാണ് ഖത്തറിലെ സർക്കാർ മേഖലകളിലെ ജോലി സമയം. എന്നാൽ, അവശ്യഘട്ടങ്ങളിൽ ജീവനക്കാർക്ക് രാവിലെ 6.30നും 8.30നുമിടയിൽ ജോലിയിൽ പ്രവേശിക്കാൻ പുതിയ തീരുമാനം അനുവദിക്കും.
ഔദ്യോഗിക പ്രവൃത്തി സമയം പൂർത്തിയാക്കണമെന്നു മാത്രം. ഷിഫ്റ്റ് സമ്പ്രദായത്തിൽ സേവനമുള്ളവർക്ക് ഈ ആനുകൂല്യം ലഭ്യമാവില്ല. വൈകല്യം, മെഡിക്കൽ കാരണങ്ങൾ, മുലയൂട്ടുന്ന അമ്മമാർ എന്നിവർക്ക് ജോലി സമയത്തിൽ രണ്ട് മണിക്കൂർ കുറക്കാനും പുതിയ നിർദേശം അനുവാദം നൽകുന്നു.
ഓരോ സർക്കാർ സ്ഥാപനങ്ങളിലെയും അഡ്മിനിസ്ട്രേറ്റിവ് യൂനിറ്റിലെ 30 ശതമാനം വരെ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാം. ഒരാൾക്ക് വർഷത്തിൽ ഒരാഴ്ച മാത്രമായിരിക്കും വർക്ക് ഫ്രം ഹോം നൽകുന്നത്. അതത് സ്ഥാപന മേലധികാരിയുടെ തീരുമാനപ്രകാരമാവും ഇത്.
12 വയസ്സിൽ താഴെയുള്ള കുട്ടികളുള്ള അമ്മമാർക്ക് വർഷത്തിൽ ഒരു മാസം വീട്ടിലിരുന്നും ജോലി ചെയ്യാം. അതേസമയം, ഷിഫ്റ്റ് സംവിധാനത്തിൽ ജോലി ചെയ്യുന്നവർക്കും, ജോലി സാഹചര്യങ്ങളും ആവശ്യകതകളും വ്യത്യസ്തമായവരെയും ഇതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
സർക്കാർ ജീവനക്കാർക്ക് അവരുടെയും ജോലിയും കുടുംബങ്ങൾക്കൊപ്പമുള്ള ജീവിതവും ഒരുമിച്ച് കൊണ്ടുപോകാനും സാധിക്കുന്നതോടൊപ്പം ജോലിക്കാരായ മാതാക്കൾ, ഭിന്നശേഷിക്കാർ എന്നിവരെപ്പോലുള്ള ദുർബല വിഭാഗങ്ങളെ ശാക്തീകരിക്കാനും പ്രാപ്തമാക്കുന്നതാണ് തീരുമാനം. സാമൂഹിക വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഖത്തർ വിഷൻ 2030ന്റെ ചട്ടക്കൂടിനുള്ളിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.