ദോഹ: ഫുട്ബാൾ വികസന പദ്ധതികളിൽ ഖത്തറിലെ അൽ ബിദ എസ്.സിയുമായി കൈകോർത്ത് യൂറോപ്പിലെ വമ്പൻ ക്ലബായ അയാക്സ്. യൂത്ത് ഫുട്ബാൾ വികസനവുമായി ബന്ധപ്പെട്ട് ദീർഘകാല കരാറിലാണ് ഇരുവിഭാഗവും ഒപ്പുവെച്ചത്. ലോകകപ്പ് വേദിയായ സ്റ്റേഡിയം 974ൽ നടന്ന ചടങ്ങിൽ അൽ ബിദ എസ്.സി വൈസ് പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ മുഹമ്മദ് ബിൻ ഫഹദ് ആൽഥാനിയും അയാക്സ് യൂത്ത് അക്കാദമി പ്രതിനിധികളും കരാറിൽ ഒപ്പുവെച്ചു.
വിവിധ പ്രായങ്ങളിലുള്ള കുഞ്ഞുതാരങ്ങളെ കണ്ടെത്തുകയും അവരിലെ ഫുട്ബാൾ പ്രതിഭയെ തേച്ചുമിനുക്കി പാകപ്പെടുത്തുകയുമാണ് അയാക്സുമായുള്ള ധാരണയിലൂടെ ലക്ഷ്യമിടുന്നതെന്ന് ശൈഖ് ഹമദ് ബിൻ മുഹമ്മദ് ആൽഥാനി പറഞ്ഞു. അൽബിദ എസ്.സിയുടെ ഗ്രാസ് റൂട്ട് ഫുട്ബാൾ വികസനമാണ് പ്രധാനം. ഖത്തറിലെ ഏറ്റവും മികച്ച ഫുട്ബാൾ അക്കാദമിക്ക് അടിത്തറയിടാനും ഇതുവഴി അവസരമൊരുക്കും.
നെതർലൻഡ്സിലെ മുൻനിര ഫുട്ബാൾ ക്ലബായ അയാക്സിനായി നിരവധി അന്താരാഷ്ട്ര താരങ്ങളെ വളർത്തിയെടുത്ത പാരമ്പര്യവുമായാണ് യൂത്ത് അക്കാദമി ഖത്തർ ക്ലബിനൊപ്പം ചേരുന്നത്. ലോകത്തെ ഒട്ടനവധി ഇതിഹാസ താരങ്ങളെ കണ്ടെത്തിയ അക്കാദമിയെന്ന പെരുമയുമുണ്ട്. അയാക്സ് അക്കാദമിയുടെ അന്താരാഷ്ട്ര ശൃംഖല ശക്തമാക്കുന്നതിൽ പുതിയ ഖത്തറിലെ ക്ലബുമായുള്ള പങ്കാളിത്തം നിർണായകമാവുമെന്ന് എ.എഫ്.സി അയാക്സ് ടെക്നിക്കൽ ഡയറക്ടർ അലക്സ് ക്രോസ് പറഞ്ഞു. 2029 വരെയാണ് നിലവിലെ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.