ദോഹ: യുദ്ധഭൂമിയിൽ മരണം കാത്തുകഴിഞ്ഞ ഒന്നര മാസത്തിനു ശേഷം അവർ ദോഹയുടെ സുരക്ഷിത മണ്ണിലേക്ക് പറന്നിറങ്ങി. ഏതു നിമിഷവും തേടിയെത്തിയേക്കാവുന്ന ബോംബർ വിമാനങ്ങളുടെ മുരൾച്ചകൾക്കും, പ്രിയപ്പെട്ടവരുടെയും ഉറ്റവരുടെയും ജീവനറ്റ ശരീരങ്ങൾക്കുമിടയിൽ കഴിഞ്ഞുകൂടുന്ന ഗസ്സയിലെ ഫലസ്തീനികൾക്കിടയിൽനിന്നും 20 പേരുടെ സംഘമാണ് വ്യാഴാഴ്ച ദോഹയിലെത്തിയത്. ഖത്തറിലെ താമസക്കാരായ ഗസ്സയിൽനിന്നുള്ള ഫലസ്തീനികളെയാണ് ഈജിപ്തുമായി സഹകരിച്ച് ഖത്തർ കഴിഞ്ഞ ദിവസം അതിർത്തി കടത്തി വിമാനമാർഗം ദോഹയിലെത്തിച്ചത്.
റഫ അതിർത്തിക്കടുത്ത അൽ അരിഷ് വിമാനത്താവളത്തിൽനിന്നും സായുധസേന വിമാനത്തിൽ പുറപ്പെട്ട ഇവരെ ദോഹയിൽ ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സംഘത്തിന് ഹൃദ്യമായ സ്വീകരണമാണ് മന്ത്രിയുടെ നേതൃത്വത്തിൽ നൽകിയത്. ഗസ്സയിലേക്ക് മാനുഷിക സഹായമെത്തിക്കാനും, സാധാരണക്കാരുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള ഖത്തറിന്റെ നിരന്തര ശ്രമങ്ങളുടെ തുടർച്ചയായാണ് ഖത്തരി താമസക്കാരായ ഫലസ്തീനികളെ രാജ്യത്ത് എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.