ദോഹ: ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽനിന്ന് കഞ്ചാവ് പിടിച്ചെടുത്തതായി ഖത്തർ കസ്റ്റംസ് അറിയിച്ചു. ബാഗിനുള്ളിൽ മൂന്നു പൊതികളിലായി സൂക്ഷിച്ച പത്തര കിലോഗ്രാം കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്.
ഇക്കാര്യം ഖത്തർ കസ്റ്റംസ് ട്വിറ്ററിലൂടെ ചിത്രങ്ങൾ സഹിതം പുറത്തുവിട്ടു. പക്ഷേ പിടിക്കപ്പെട്ടയാൾ ഏതു ദേശക്കാരനാണെന്ന് വ്യക്തമല്ല. തുടർ നടപടികൾക്കായി മറ്റു ബന്ധപ്പെട്ട അധികൃതർക്ക് കൈമാറിയിട്ടുണ്ട്.
സമീപ ദിവസങ്ങളിലായി വിവിധ കേന്ദ്രങ്ങൾ വഴി ലഹരി കടത്താനുള്ള ശ്രമങ്ങൾ ഖത്തർ കസ്റ്റംസും ആഭ്യന്തര മന്ത്രാലയവും തടഞ്ഞിരുന്നു. ഖത്തറിലെ അൽറുവൈസ് മാരിടൈം കസ്റ്റംസ് ഡിപ്പാർട്ട്മെന്റായിരുന്നു അടുത്തിടെ തണ്ണിമത്തൻ വഴിയുള്ള ലഹരിക്കടത്ത് പിടികൂടിയത്. പരിശോധനയിൽ നിരവധി തണ്ണിമത്തനുള്ളിലായി 62 കിലോ നിരോധിത ഹഷീഷാണ് കണ്ടെത്തിയത്. രാജ്യത്തേക്ക് അനധികൃത വസ്തുക്കൾ കൊണ്ടുവരുന്നതിനെതിരെ ഖത്തർ കസ്റ്റംസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അത്യാധുനിക ഉപകരണങ്ങളും യാത്രക്കാരുടെ ശരീരഭാഷ വായിക്കാൻ വരെ കഴിയുന്ന സജ്ജീകരണങ്ങളും എയർപോർട്ടിലും തുറമുഖങ്ങളിലും ഉണ്ട്.
കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള തുടർച്ചയായ പരിശീലനവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നൽകിവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.