ദോഹ: കായിക രംഗത്ത് ഭരണവും സാമൂഹിക പ്രതിബദ്ധതയും സംബന്ധിച്ച യുനെസ്കോ ചെയറിന്റെ പ്രഥമ ഉപദേശക സമിതി അംഗമായി ഖത്തർ ലോകകപ്പ് ലെഗസി പദ്ധതികളിലൊന്നായ ജനറേഷൻ അമേസിങ്ങിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർ നാസർ അൽ ഖോറിയെ നിയമിച്ചു.
യുനെസ്കോ ചെയറിന്റെ ഏക ഉപദേശക സമിതി അംഗമായുള്ള നാസർ അൽ ഖോറിയുടെ നിയമനം അഭിമാനകരമാണെന്ന് ജനറേഷൻ അമേസിങ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ഈ വർഷം ജൂൺ 12ന് എജുക്കേഷൻ സിറ്റിയിലെ മിനാറതൈൻ കെട്ടിടത്തിൽ നടന്ന പരിപാടിയിലാണ് യുനെസ്കോ ചെയറിന് ഔദ്യോഗിക തുടക്കം കുറിച്ചത്. യൂനിവേഴ്സിറ്റി ഓഫ് സെൻട്രൽ ലങ്കാഷെയർ സൈപ്രസുമായുള്ള ഹമദ് ബിൻ ഖലീഫ സർവകലാശാലയുടെ സഹ നേതൃത്വവുമായി സഹകരിച്ചാണ് സംരംഭത്തിന് സമാരംഭം കുറിച്ചത്. യുനെസ്കോയുടെ ഉന്നതമായ ഈ സമിതിയിൽ പ്രശസ്തരായ പ്രഫസർമാർ, ഗവേഷകർ, കൺസൾട്ടന്റുമാർ, പരിശീലകർ തുടങ്ങിയവരാണ് പ്രവർത്തിക്കുന്നത്.
അൽഖോറിയുടെ നിയമനം സമിതിയുടെ വൈവിധ്യമാർന്ന ഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതോടൊപ്പം, ജനറേഷൻ അമേസിങ്ങിന്റെ വിവിധ പരിപാടികളിലൂടെയും സംരംഭങ്ങളിലൂടെയും അദ്ദേഹം നേടിയ വൈദഗ്ധ്യവും കാഴ്ചപ്പാടുകളും ഉപയോഗപ്പെടുത്തുകയും ചെയ്യും. യുനെസ്കോ ചെയറിന്റെ സമഗ്രമായ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 12 അംഗങ്ങളും കമ്മിറ്റിയിൽ ഉൾപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.