ദോഹ: ഇന്ത്യയും ഖത്തറും തമ്മിൽ സ്വർണവ്യാപാരം മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ തേടി ഇന്ത്യൻ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ പ്രതിനിധികൾ ദോഹയിൽ. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്നു വരെ മുംബൈയിൽ നടക്കുന്ന ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഷോയുടെ പ്രചാരണത്തിന്റെയും വിവിധ രാജ്യങ്ങളിലെ സ്വർണമേഖലയുടെ വ്യാപാര സാധ്യതകൾ വർധിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ആഭരണ നിർമാതാക്കളുടെയും വിൽപനക്കാരുടെയും കൂട്ടായ്മയായ ജി.ജെ.സി പ്രതിനിധി സംഘം ദോഹയിലെത്തിയത്.
ഖത്തറിലെ ഇന്ത്യൻ അംബാസഡറുടെ ചുമതല വഹിക്കുന്ന ഷെർഷെ ദഫേ ആഞ്ജലീന പ്രേമലതയുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ത്യയും ഖത്തറും തമ്മിലുള്ള സ്വർണ വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള ചർച്ചകൾ നടത്തുകയും നിലവിൽ സ്വർണ ഇറക്കുമതി നിയമങ്ങൾ ലഘൂകരിക്കണമെന്ന് സംഘം ആവശ്യപ്പെടുകയും ചെയ്തു.
ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അവർ ഉറപ്പുനൽകിയതായി ജി.ജെ.സി ചെയർമാൻ സയ്യാം മെഹ്റ, വൈസ് ചെയർമാൻ രാജേഷ് റോക്കഡെ, ഡയറക്ടർ എസ്. അബ്ദുൽ നാസർ എന്നിവർ പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള വൻകിട ജ്വല്ലറി നിർമാതാക്കളും കയറ്റുമതിക്കാരും ചർച്ചകളിൽ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള ജ്വല്ലറി നിർമാതാക്കളും കയറ്റുമതിക്കാരും പങ്കെടുക്കുന്ന ജി.ജെ.എസ് മൂന്നാം പതിപ്പ് ഇത്തവണ ദിവാലി എഡിഷനായി മുംബൈയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
500ഓളം പ്രദർശകർ ഷോയിൽ പങ്കാളികളാകും. പ്രചാരണാർഥം ഇന്ത്യയിലും ഖത്തർ, യു.എ.ഇ, ബ്രിട്ടൻ, ബംഗ്ലാദേശ് ഉൾപ്പെടെ രാജ്യങ്ങളിലുമായി നൂറോളം റോഡ് ഷോകളും അരങ്ങേറും. അന്താരാഷ്ട്ര വിപണിയിൽനിന്നുള്ളവർ ഉൾപ്പെടെ 15,000ത്തോളം ഉപഭോക്താക്കളെയും പ്രതീക്ഷിക്കുന്നതായി ജി.ജെ.എസ് അംഗങ്ങൾ അറിയിച്ചു. ഇത്തവണ ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽനിന്ന് കൂടുതൽ വിൽപനക്കാരെ മേളയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ് സംഘം ദോഹയിലെത്തിയത്.
എംബസി അധികൃതരുമായും ഖത്തറിലെ സ്വദേശികൾ ഉൾപ്പെടെ ജ്വല്ലറി വ്യാപാരികളുമായും കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍ സ്വര്‍ണ വ്യവസായത്തിന്റെ സുപ്രധാന വിപണികളിലൊന്നാണ് ഖത്തറെന്നും സയ്യാം മെഹ്റ പറഞ്ഞു. നിലവിൽ ഇന്ത്യയിൽനിന്നുള്ള സ്വർണ ഇറക്കുമതിക്ക് 5.5 ശതമാനമാണ് ഖത്തറിൽ നികുതി ഈടാക്കുന്നത്. ഇത് ഇന്ത്യൻ ആഭരണങ്ങൾക്ക് വിപണിയിൽ വിലവർധനവിന് കാരണമാവുന്നതായും ഇറക്കുമതി നികുതി കുറക്കാൻ കേന്ദ്ര സർക്കാർ വഴി സമ്മർദം ചെലുത്തുമെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു.
ദോഹയില്‍ അറുപതോളം ഇന്ത്യന്‍ ജ്വല്ലറികളാണുള്ളത്. വാർത്തസമ്മേളനത്തിൽ ജി.ജെ.സി ചെയർമാൻ സയ്യാം മെഹ്റ, വൈസ് ചെയർമാൻ രാജേഷ് റോക്കഡെ, ഡയറക്ടർ എസ്. അബ്ദുൽ നാസർ, മുൻ ചെയർമാൻ നിതിൻ കണ്ഡെൽവാൽ എന്നിവർ പങ്കെടുത്തു.കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയായ ഇന്ത്യയിലെ മുന്‍നിര ജ്വല്ലറി നിര്‍മാതാക്കളും കയറ്റുമതിക്കാരും ഉള്‍പ്പെടുന്ന ഒമ്പതംഗ പ്രതിനിധി സംഘമാണ് ദോഹയിൽ എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.