പ്രഭ ഹെൻഡ്രി സെബാസ്​റ്റ്യൻ (തിരുവനന്തപുരം), അബൂഹമൂർ

മാതൃകയുണ്ട്​, മനുഷ്യരെ തുല്യരായി പരിഗണിച്ച മഹാബലിയിൽ

ഐതിഹ്യങ്ങൾക്ക് പഞ്ഞമില്ലാത്ത, സഹ്യനാൽ സംരക്ഷിക്കപ്പെടുന്ന ഒരു നാട്. സുന്ദരിയായ അവളെ എല്ലാവരും ദൈവത്തിൻെറ സ്വന്തം നാട് എന്നു ഓമനിച്ചു വിളിക്കുന്നു. പേര് കേട്ടാലുടൻ തിളക്കണം ചോര ഞരമ്പുകളിൽ എന്ന്​ കവികൾ വർണിച്ച കേരളം... ലോകമെമ്പാടുമുള്ള മലയാളികൾ ഏറെ ഗൃഹാതുരതയോടെ അവളുടെ ദേശീയോത്സവമായ ഓണം കൊണ്ടാടുന്നു. ഓണത്തിൻെറ ഐതിഹ്യംതന്നെ ഒരു ബലിദാനത്തിൻെറ കഥയാണല്ലോ.അസുരവംശത്തിൽ പിറന്ന, ഇന്ദ്രസേനനെന്ന യഥാർഥ നാമത്തെക്കാൾ ഏറ്റവും വലിയ ത്യാഗം ചെയ്തവൻ എന്നർഥം വരുന്ന മഹാബലി എന്നറിയപ്പെട്ട, പ്രജാക്ഷേമതൽപരനായ ഒരു ഭരണകർത്താവ്​. അദ്ദേഹത്തിൻെറ അതിമനോഹരമായ ഭരണ കാലം.

വാക്കുപാലിക്കാൻ സ്വന്തം ശിരസ്സിന്മേൽ പാദം പതിപ്പിക്കാൻ വാമനനെ അനുവദിച്ച്​ രാജ്യം ത്യജിച്ച മഹാബലി. ആ ത്യാഗത്തിൻെറ ഓർമപുതുക്കൽ... വർഷത്തിലൊരിക്കൽ തൻെറ പ്രജകളെ കാണാൻ വരാൻ അനുവാദം ചോദിച്ചതിലൂടെ തെളിഞ്ഞ ഉത്തമനായ ഭരണാധികാരിയുടെ സ്നേഹപ്രകടനം. അതിൻെറകൂടി ഓർമപുതുക്കലാണ്​ ഓണം.

ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ കൊണ്ടാടുന്നു, ചതയം നാൾ വരെ നീളുന്നു. കൊയ്ത്തുത്സവം കൂടിയായ ഓണം തമിഴകത്തും ആഘോഷിച്ചതായി സംഘകാല കൃതിയായ 'മധുറൈയ് കാഞ്ചി'യിലും രേഖപ്പെടുത്തിയിട്ടുണ്ട്​.

ഇന്ന്​ സാഹചര്യങ്ങളൊക്കെ മാറിപ്പോയിരിക്കുന്നു. കോവിഡ്​ എന്ന മഹാമാരിക്ക് മുന്നിൽ നമ്മൾ പകച്ചുനിൽക്കുന്നു. ആളും ആരവവുമായി സന്തോഷം പങ്കുവച്ച ദിനങ്ങളൊക്കെയും ഏതോ വിദൂര സ്വപ്നംപോലെ. പൂക്കളവും പുലികളിയും ഓണസംഗമവുമെല്ലാം വെർച്വൽ ആയി മാറി.​െകാറോണയെ ഭയന്ന് നാം പാലിച്ചതും പാലിക്കുന്നതും സാമൂഹിക അകലമാണ്, എന്നാൽ ശാരീരിക അകലംമാത്രം പാലിച്ച്​ സാമൂഹികബന്ധങ്ങളെ ശാക്തീകരിക്കാം നമുക്ക്​.

കാണം വിറ്റുപോലും ഓണമുണ്ണാൻ സാധിക്കാത്ത സഹജനെ സ്നേഹത്താലും കരുതലാലും ചേർത്തു നിർത്തണം. ഓരോ ദുരന്തമുഖത്തും നാം പ്രകടിപ്പിച്ച അതേ സാഹോദര്യവും ഐക്യവുമാണ് ഈ പകർച്ചവ്യാധിയുടെ ഓണക്കാലത്തും നാം പങ്കുവെക്കേണ്ടത്​.ഇതിനായി നമ്മെ മുന്നിൽ നിന്നും നയിക്കാൻ വീണ്ടും ഒരു മഹാബലി വന്നുവെങ്കിൽ അല്ലേ? ഓരോ ഭരണാധികാരിക്കും ഒരു മഹാബലിയായി മാറാൻ സാധിക്കണം.പാർട്ടിക്കും പ്രത്യയശാസ്ത്രങ്ങൾക്കും അതീതമായി പൊതുജനക്ഷേമം മുൻനിർത്തി ഭരണം നടത്താൻ സാധിക്കണം.'താഴ്​ന്നകുലജാതനായ' ഭരണാധികാരിയായ മഹാബലി, ദേവൻമാർപോലും അസൂയപ്പെടും വിധമാണ്​ ഭരണം നടത്തിയത്​.

നമ്മുടെ ഭരണകർത്താക്കൾക്ക്​ ഇതിൽ നല്ല മാതൃകയുണ്ട്​. ജാതിമത ഭേദമില്ലാതെ, വർഗവർണ വേർതിരിവില്ലാതെ മാനുഷരെല്ലാരുമൊന്നുപോലെ എന്നു പരിഗണിക്കപ്പെടണം.''കറുത്ത കാലമേ കാണുക, വെളിച്ചം വരും വീണ്ടും കടന്നുപോകുമീ മഹാമാരിയും അന്നു നാമൊന്നായി പുലരും ഓണവും വിഷുവുമാതിരയുമെല്ലാം ഒന്നായ് കൊണ്ടാടിടും ഞങ്ങൾ...''

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.