ദോഹ: തങ്ങളുടെ സ്വന്തം പൗരന്മാരെ ഹജ്ജ് കർമ്മങ്ങൾ ചെയ്യുന്നതിൽ നിന്ന് തങ്ങൾ തശന്ന തടയുന്നുവെന്ന പ്രതിയോഗികളുടെ വാദത്തെ കടുത്ത ഭാഷയിൽ തള്ളിപ്പറഞ്ഞ് ഖത്തർ രംഗത്ത്. ഖത്തരികളെ സ്വന്തം ഭരണകൂടം ഹജ്ജിൽ നിന്നും തടയുന്നുവെന്ന അടിസ്ഥാനരഹിതമായ വാദങ്ങളുമായി ഖത്തറിനെതിരെ മാധ്യമ കാമ്പയിൻ നടക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ഔഖാഫ് ഇസ്ലാമികകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കേവലം രാഷ്ട്രീയ ലാഭേഛകൾക്കായി ഹജ്ജിനെ ഉപയോഗപ്പെടുത്തുന്നതിൽ മന്ത്രാലയം ദുഖം രേഖപ്പെടുത്തി. 2017 ജൂൺ അഞ്ചിന് ഖത്തറിനെതിരെ അയൽരാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധത്തിന് ശേഷം ഇതാണ് അവസ്ഥയെന്നും ഇക്കാര്യത്തിൽ മാറ്റമുണ്ടായിട്ടില്ലെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈയിടെ സൗദി ഹജ്ജ് ഉംറ മന്ത്രാലയവുമായി ബന്ധപ്പെട്ടിരുന്നു. ഖത്തറിലെ പൗരന്മാരും വിദേശികളും നേരിടുന്ന വെല്ലുവിളികളും പ്രതിബന്ധങ്ങളും ചർച്ച ചെയ്തിരുന്നുവെന്നും ഇന്നലെ മന്ത്രാലയം പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കുന്നു. ഖത്തറിൽ നിന്നുള്ള തീർഥാടകർ നേരിടുന്ന തടസ്സങ്ങൾ നീക്കം ചെയ്യാൻ സൗദിയിലെ വിവിധ അതോറിറ്റികൾ ചേർന്ന് തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും എന്നാൽ അതിതുവരെ നടന്നിട്ടില്ലെന്നും ഖത്തർ മന്ത്രാലയം അറിയിക്കുന്നു.
നേരത്തെയുണ്ടായിരുന്ന തടസ്സങ്ങളെല്ലാം മാറ്റമില്ലാതെ തുടരുകയാണ്. കരാതിർത്തി അടച്ചിട്ടിരിക്കുന്നു. വിമാനമാർഗം തീർഥാടനത്തിന് പോയിവരാൻ സ്വദേശികൾക്കും വിദേശികൾക്കും സാധിക്കുന്നില്ല.
ആശാവഹമായ ഒരു പുരോഗതിയും ഇക്കാര്യത്തിലില്ല. സൗദിയിൽ ഖത്തറിൽ നിന്നുള്ള ഹജ്ജ് കമ്പനികൾ പ്രവേശിക്കുന്നതിനുള്ള വിലക്കുകൾ തുടരുന്നു. മന്ത്രാലയം വിശദീകരിച്ചു. കേവലം ഖത്തറിെൻറ മാത്രം തീർഥാടകരെ സംബന്ധിച്ചുള്ളതല്ല ഈ ആശങ്കയെന്നും ജി സി സിയെ ആകെ ബാധിക്കുന്നതാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഹജ്ജ് ഉംറയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഖത്തരികൾക്കും ഖത്തറിൽ നിന്നുള്ള വിദേശികൾക്കും നേരെ കടുത്ത നിയമലംഘനങ്ങളാണുണ്ടായത്. ഖത്തറിൽ നിന്നുള്ളവരെ സൗദിയിലേക്ക് പ്രവേശിക്കാനനുവദിച്ചില്ലെന്നും ജിദ്ദ വിമാനത്താളത്തിലിറങ്ങിയ ചില തീർഥാടകരെ തിരിച്ചയച്ചുവെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
രാഷ്ട്രീയപരമായ കാര്യങ്ങളിൽ നിന്ന് ഹജ്ജ് ഉംറ പോലെയുള്ളവയെ മാറ്റിനിർത്തണമെന്ന് സൗദി ഭരണകൂടത്തോടാവശ്യപ്പെടുന്നതായും ഖത്തർ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.