ദോഹ: ഹമദ് മെഡിക്കൽ കോർപറേഷന് (എച്ച്.എം.സി) കീഴിലെ ആശുപത്രികൾക്കും മറ്റു സൗകര്യങ്ങൾക്കുമായി പുതുക്കിയ പാർക്കിങ് ചട്ടങ്ങൾ പ്രഖ്യാപിച്ചു. പേപ്പർ ടിക്കറ്റുകൾ ആവശ്യമില്ലാതെതന്നെ വാഹന പ്ലേറ്റുകൾ സ്‌കാൻ ചെയ്യാനും വായിക്കാനും കഴിയുന്ന ഏറ്റവും പുതിയ ഇലക്ട്രോണിക് സാങ്കേതികവിദ്യയാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്.

പുതുക്കിയ പാർക്കിങ് വ്യവസ്ഥകൾപ്രകാരം എച്ച്.എം.സി ആശുപത്രികളിൽ രോഗികൾക്കും സന്ദർശകർക്കും പാർക്കിങ് സ്ഥലങ്ങളിൽ ആദ്യത്തെ 30 മിനിറ്റ് വരെയായിരിക്കും സൗജന്യ പാർക്കിങ് അനുവദിക്കുക. അതിനുശേഷം രണ്ടു മണിക്കൂർ വരെയുള്ള സമയത്തിന് അഞ്ചു റിയാലും ശേഷം ഓരോ മണിക്കൂറിനും മൂന്നു റിയാൽ വീതം അധിക ചാർജും ഇടാക്കും. ഒരു ദിവസത്തെ പരമാവധി പാർക്കിങ് ചാർജ് 70 റിയാലായിരിക്കും.

രോഗികൾക്കും സന്ദർശകർക്കും പാർക്കിങ് ഏരിയകളിലേക്ക് സൗകര്യപ്രദമായ പ്രവേശനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡിസംബർ 20 മുതൽ സ്മാർട്ട് ഗേറ്റുകൾ ഘട്ടം ഘട്ടമായി നടപ്പാക്കിത്തുടങ്ങും. പാർക്കിങ് ഗേറ്റുകളിലെ കാത്തിരിപ്പ് സമയം കുറക്കുന്നതിന് ഈ സംവിധാനം ഏറെ സഹായകമാകും. വാഹനം സ്മാർട്ട് കവാടത്തിലേക്ക് എത്തുമ്പോൾതന്നെ കാമറ വാഹനത്തിന്റെ പ്ലേറ്റ് സ്‌കാൻ ചെയ്യും.

പാർക്കിങ് അവസാനിക്കുമ്പോൾ സന്ദർശകർക്കും രോഗികൾക്കും ബാങ്ക് കാർഡ് ഉപയോഗിച്ചും പണമടക്കാം. പണമടക്കുന്നതിന് വാഹനനമ്പർ നൽകിയോ വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബാർകോഡ് സ്‌കാൻ ചെയ്‌തോ ഇലക്ട്രോണിക് പണമിടപാട് നടത്താനും സൗകര്യമുണ്ട്. മുമ്പ് ആശുപത്രി ലോബിയിലെ പണമിടപാട് പോയന്റുകൾ സന്ദർശിച്ചായിരുന്നു പാർക്കിങ് ഫീ അടച്ചിരുന്നത്.

പാർക്കിങ് ഫീസ് ഉൾപ്പെടെയുള്ള പുതിയ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് രോഗികൾക്കും സന്ദർശകർക്കും ആവശ്യമുള്ളപ്പോൾ ഏത് ഇടങ്ങളിലേക്കും പ്രവേശിക്കാൻ പ്രാപ്തമാക്കുമെന്ന് എച്ച്.എം.സി ആരോഗ്യ സൗകര്യ വികസന മേധാവി ഹമദ് നാസർ അൽ ഖലീഫ പറഞ്ഞു.

അതേസമയം, അർബുദരോഗികൾ, ഡയാലിസിസ് ചെയ്യുന്ന രോഗികൾ തുടങ്ങി ദീർഘകാല ചികിത്സക്ക് വിധേയമാകേണ്ട രോഗികളെ പാർക്കിങ് ഫീസ് ചുമത്തുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾക്കായി ആശുപത്രിയിൽ രാത്രി തങ്ങാൻ നിർബന്ധിതരായ വ്യക്തികൾ ഓടിക്കുന്ന വാഹനങ്ങൾക്കും ഇത് ബാധകമാണ്.

പാർക്കിങ് രംഗത്തെ പ്രമുഖ കമ്പനിയായ മവാഖിഫ് ഖത്തറുമായി എച്ച്.എം.സി കരാർ ഒപ്പുവെച്ചിട്ടുണ്ടെന്ന് എച്ച്.എം.സി റിയൽ എസ്റ്റേറ്റ് മാനേജ്‌മെന്റ് എക്‌സിക്യൂട്ടിവ് ഡയറക്ടറും സേഫ് ആക്‌സസ് ട്രാൻസ്‌പോർട്ടേഷൻ ആൻഡ് പാർക്കിങ് കമ്മിറ്റി അധ്യക്ഷനുമായ നാജി അൽ മന്നാഈ പറഞ്ഞു.

Tags:    
News Summary - Hamad hospitals make parking smart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.