എച്ച്.എം.സി കേന്ദ്രം വഴി പ്രതിവർഷം പുകയില ഉപയോഗം അവസാനിപ്പിക്കുന്നത് 14000 പേർ
ദോഹ: ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിവെക്കുന്ന പുകയില ശീലത്തിൽനിന്നും യുവാക്കളെയും മുതിർന്നവരെയും പിന്തിരിപ്പിക്കുന്നതിൽ നിർണായകമായി ഹമദ് മെഡിക്കൽ കോർപറേഷനു കീഴിലെ പുകയില നിയന്ത്രണ കേന്ദ്രം. ഓരോ വർഷവും പുകവലി ഉപേക്ഷിക്കാൻ താൽപര്യപ്പെടുന്നവരുടെ എണ്ണം വർധിച്ച് വരുന്നതായാണ് റിപ്പോർട്ട്.
14 മുതൽ 80 വയസ്സ് വരെയുള്ള എല്ലാ പ്രായക്കാരിലെയും പുകവലി ശീലം തടയുന്നതിനുള്ള സേവനങ്ങൾ എച്ച്.എം.സി കേന്ദ്രത്തിൽ ലഭ്യമാണ്. ഹമദിലെയും പുറത്തുമുള്ള എല്ലാ ക്ലിനിക്കുകളിലെയും രോഗികളെ റഫർ ചെയ്യുന്നതോടൊപ്പം സ്വയം റഫറലും വാക്-ഇന്നും സ്വീകരിക്കുന്നു.
പുകവലി ഉപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവരുടെ എണ്ണം വർധിച്ചു വരുകയാണെന്നും മെഡിക്കൽ സിറ്റിയിലെ പുകയില നിയന്ത്രണ കേന്ദ്രം ഓരോ വർഷവും 14,000 പുതിയ ആളുകളെയാണ് ചികിത്സിക്കുന്നതെന്ന് പുകവലി ഡിഅഡിക്ഷൻ വിദഗ്ധൻ കൂടിയായ ഡോ. അഹമദ് അബ്ദുൽ അൽ ഹസൻ പറഞ്ഞു. ഹമദ് ജനറൽ ആശുപത്രി, വക്റ, ഹസം മിബൈരീക് ജനറൽ ആശുപത്രി, അൽഖോർ എന്നിവിടങ്ങളിലായി നാല് ശാഖകളാണ് ഹമദിന്റെ ഈ കേന്ദ്രത്തിനുള്ളതെന്നും അദ്ദേഹം വിശദീകരിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൂടുതൽ പേർ പുകവലി നിർത്താനായി ഇവിടങ്ങളിലെത്തുന്നുവെന്നും ഇതിനായി സബ്സിഡി നിരക്കിൽ കേന്ദ്രം മരുന്നുകൾ വിതരണം ചെയ്യുന്നുവെന്നും ഡോ. എൽ. ഹസൻ കൂട്ടിച്ചേർത്തു.
പുകയില ഉപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് ആരോഗ്യ, വൈദ്യോപദേശം നൽകുക, പെരുമാറ്റ പിന്തുണയും പുകവലിശീലം ഒഴിവാക്കുന്നതിനുള്ള കൗൺസിലിങ്ങും നൽകുക തുടങ്ങിയവാണ് കേന്ദ്രത്തിന്റെ പ്രധാന പ്രവർത്തനം. പുകവലി നിർത്താൻ ആളുകളെ സഹായിക്കുന്നതിന് ഖത്തറിൽ ആദ്യമായി ലേസർ തെറപ്പി ഉൾപ്പെടെയുള്ള പുതിയ നൂതന സേവനങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. പുകവലി ഉപേക്ഷിക്കാനാഗ്രഹിക്കുന്നവർ പൂർണമായ മെഡിക്കൽ പരിശോധനക്കും ശ്വാസകോശ പരിശോധന പോലെയുള്ള അനുബന്ധ വിലയിരുത്തലുകൾക്കും വിധേയരാകും.
അതോടൊപ്പം ഇതിന്റെ ഭാഗമായി പുകവലി ഉപേക്ഷിക്കുന്നതിനുള്ള ഏറ്റവും ആധുനികവും ഫലപ്രദവുമായ പരിഹാര മാർഗങ്ങൾ ഉൾപ്പെടുന്ന ചികിത്സ സേവനങ്ങളെക്കുറിച്ച് രോഗികളെ അറിയിക്കും.
എല്ലാ രൂപത്തിലുള്ള പുകയിലയും ആരോഗ്യത്തിന് ഹാനികരമാണെന്നും പുകയിലയിൽ സുരക്ഷിതമായ ഒന്ന് നിലവിലില്ലെന്നും സ്മോകിങ് സെൻസേഷൻ സ്പെഷലിസ്റ്റായ ഡോ. മുസ്ലിം എം. മുസ്ലിം പറഞ്ഞു. പ്രതിരോധവും സൗജന്യവുമായ പുകയില നിർത്തൽ സേവനങ്ങളാണ് വാഗ്ദാനം ചെയ്യുന്നതെന്നും ഇത് പുകവലിക്കാരെ ശീലം ഉപേക്ഷിക്കാനും ആശുപത്രി പ്രവേശനം തടയാനും ശ്വാസകോശം, ഹൃദയം, അർബുദം പോലെയുള്ള ഗുരുതര രോഗങ്ങളുടെ ഉയർന്ന ചികിത്സ ചെലവ് കുറക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
പുകയില ഉപയോഗത്തിനെതിരായ പ്രതിരോധ നടപടികളുടെ ഭാഗമായി ഖത്തറിൽ സ്കൂൾ വിദ്യാർഥികൾക്കിടയിൽ പുകയില ഉപയോഗത്തിന്റെയും പുകവലിയുടെയും വ്യാപനം എങ്ങനെ കുറക്കാം എന്നത് സംബന്ധിച്ച പുകയില നിയന്ത്രണ കേന്ദ്രം ശിൽപശാല സംഘടിപ്പിച്ച് വരുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതു സമൂഹത്തിനിടയിലും പുകയില ഉപയോഗവും പുകവലിയും തടയുന്നതിനുള്ള കേന്ദ്രത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.