ദോഹ: രാജ്യത്ത് കുടുംബങ്ങൾ താമസിക്കുന്ന മേഖലകളിൽ തൊഴിലാളികൾ താമസിക്കുന്നതുമായി ബന്ധെപ്പട്ട് ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം പരിശോധന കർശനമാക്കി. ഇത്തരത്തിലുള്ള സ്ഥലങ്ങളിലെ തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിലാണ് പരിശോധന ഊർജിതമാക്കിയത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിെൻറയും ആഭ്യന്തര മന്ത്രാലയത്തിെൻറയും സഹകരണത്തോടെയാണിത്. താമസക്കാരുടെ എണ്ണം, ശുചിത്വം, സുരക്ഷ തുടങ്ങി തൊഴിലാളികളുടെയും താമസക്കാരുടെയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിെൻറ ഭാഗമായാണ് പരിശോധന.
നജ്മ, മൻസൂറ, ബിൻ ദിർഹം, ഓൾഡ് സലത, റിഫ, ഓൾഡ് ഗാനിം, അൽ അസ്മഖ് സ്ട്രീറ്റ്, അബ്ദുല്ല ബിൻ ഥാനി സ്ട്രീറ്റ്, മുശൈരിബ്, ദോഹ, ഫരീജ് അബ്ദുൽ അസീസ്, മുൻതസ തുടങ്ങിയ ദോഹയിലെ വിവിധ പ്രദേശങ്ങളിലെ കുടുംബ താമസകേന്ദ്രങ്ങളിലെ തൊഴിലാളികളുടെ പാർപ്പിട കേന്ദ്രങ്ങളിലാണ് തൊഴിൽ മന്ത്രാലയം പരിശോധന നടത്തുന്നത്.
ഏപ്രിൽ 20 മുതൽ 29 വരെ നടത്തിയ പരിശോധന കാമ്പയിനിൽ 417 ഹൗസിങ് കേന്ദ്രങ്ങൾ പരിശോധിച്ചപ്പോൾ 1855 കമ്പനികൾ നിയമലംഘനം നടത്തിയതായി കണ്ടെത്തി. ക്ലീനിങ്, ലിമോസിൻ, റസ്റ്റാറൻറ്, കോൺട്രാക്ടിങ് മേഖലയിൽ പ്രവർത്തിക്കുന്ന ചെറുകിട കമ്പനികളുടേതാണ് താമസ കേന്ദ്രങ്ങളിലധികവും.കുടുംബങ്ങളുടെ പാർപ്പിട മേഖലയിൽ തൊഴിലാളികളുടെ താമസകേന്ദ്രങ്ങൾ നിരോധിക്കുന്ന 2019ലെ 22ാം നമ്പർ നിയമപ്രകാരമാണ് മന്ത്രാലയം പരിശോധന ശക്തമാക്കിയിരിക്കുന്നത്. കുടുംബങ്ങളുെട പാർപ്പിട മേഖലയിലെ തൊഴിലാളി താമസ യൂനിറ്റുകളിൽ അഞ്ചിൽ കൂടുതൽ പേർ താമസിക്കാൻ പാടില്ലെന്ന് നിയമം അനുശാസിക്കുന്നുണ്ട്.പരിശോധനക്കിടെ നിയമലംഘനം പിടിക്കപ്പെട്ടാൽ പരിശോധന തീയതി, ഇൻസ്പെക്ടറുടെ നമ്പർ, ഓരോ ഭവന യൂനിറ്റുകളിലെയും ശേഷി എന്നിവ സംബന്ധിച്ച് വീടുകൾക്ക് പുറത്ത് നോട്ടീസ് പതിക്കും. പരിശോധന തീയതി മുതൽ ഒരാഴ്ചക്കുള്ളിൽ കമ്പനികളും വാടകക്കാരും അധിക താമസക്കാരെ ഇവിടെനിന്ന് ഒഴിപ്പിക്കണം.
തൊഴിലാളികളുടെ താമസവുമായി ബന്ധപ്പെട്ട എല്ലാ മാനദണ്ഡങ്ങളും ബന്ധപ്പെട്ടവർ പാലിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ പാലിക്കുന്നതിൽ വീഴ്ചവരുത്തിയാൽ കർശന നിയമനടപടി സ്വീകരിക്കും.കോവിഡ്-19 പശ്ചാത്തലത്തിൽ രോഗവ്യാപനം തടയുന്നതിന് തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും പാലിക്കേണ്ട മുൻകരുതൽ സംബന്ധിച്ച് വിവിധ ഭാഷകളിലായി ബോധവത്കരണ കാമ്പയിനും തൊഴിൽ മന്ത്രാലയം നടത്തിവരുന്നുണ്ട്. തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലും തൊഴിലിടങ്ങളിലും ആരോഗ്യസുരക്ഷ സംബന്ധിച്ച് വീഴ്ചകൾ ശ്രദ്ധയിൽപെട്ടാൽ മന്ത്രാലയത്തിൽ പരാതിപ്പെടാം. കൂടുതൽ അന്വേഷണങ്ങൾക്കായി 40280660 ഹോട്ട്ലൈനിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.