രാജ്യത്ത് കഴിഞ്ഞ വർഷം ഹൃദയാഘാത മരണനിരക്കിൽ രണ്ടുശതമാനം കുറവ്

ദോഹ: രാജ്യത്ത് കഴിഞ്ഞ വർഷം ഹൃദയാഘാത മരണനിരക്കിൽ രണ്ടുശതമാനം കുറവ് രേഖപ്പെടുത്തിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി). 2015ലെ ഹൃദയാഘാത മരണനിരക്കുകളുമായി താരതമ്യം ചെയ്താണ് എച്ച്.എം.സി ഇക്കാര്യം പുറത്തുവിട്ടത്. ഹൃദയസംബന്ധമായ ചികിത്സാരംഗത്ത് രാജ്യത്തെ ഹാർട്ട് ആശുപത്രിയിലെ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വളർച്ചയും വികാസവും, പരിചയ സമ്പന്നരായ മെഡിക്കൽ ടീമിന്‍റെ കൃത്യസമയങ്ങളിലെ ഇടപെടലുകളും ഹൃദയാഘാത മരണനിരക്ക് കുറക്കുന്നതിൽ വലിയ പങ്കുവഹിച്ചതായും എച്ച്.എം.സി വ്യക്തമാക്കി. ഹമദ് മെഡിക്കൽ കോർപറേഷനിൽ കാതിറ്ററൈസേഷൻ ആരംഭിച്ചതിന്‍റെ 40ാം വാർഷികത്തോടനുബന്ധിച്ച് ഹാർട്ട് ആശുപത്രിയിൽ സംഘടിപ്പിച്ച പ്രഥമ കാർഡിയാ കാതറ്ററൈസേഷൻ ദിനാചരണത്തോടനുബന്ധിച്ചാണ് ഹൃദയാഘാത മരണനിരക്ക് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്.

കാതിറ്ററൈസേഷൻ വിഭാഗം സ്ഥാപിച്ചതുമുതൽ സേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും വളർച്ചയുടെയും പുരോഗതിയുടെയും വിവിധ ഘട്ടങ്ങൾ പിന്നിട്ടതായും എച്ച്.എം.സിക്കുകീഴിലെ ഹാർട്ട് ആശുപത്രി ലോകത്തിലെ ഏറ്റവും മികച്ച ആശുപത്രികളോട് കിടപിടിക്കുന്ന ആശുപത്രികളിലൊന്നായി മാറിയിട്ടുണ്ടെന്നും കാർഡിയോളജിസ്റ്റ് കൺസൾട്ടൻറ് ഡോ. ഹാജർ അഹ്മദ് ഹാജർ അൽ ബിൻഅലി പറഞ്ഞു.കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ ഹൃദ്രോഗ ആശുപത്രിയിലെ കാതിറ്ററൈസേഷൻ പ്രവർത്തനം 50 ശതമാനം വർധിച്ചു. പ്രതിവർഷം ഹാർട്ട് ആശുപത്രിയിൽ 4500ലധികം തെറാപ്പറ്റിക്, ഡയഗ്നോസ്റ്റിക് കാതിറ്ററൈസേഷൻ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും ഹാർട്ട് ആശുപത്രി മെഡിക്കൽ ഡയറക്ടർ ഡോ. നിദാൽ അൽ അസ്അദ് പറഞ്ഞു.

ഇതിൽ 1100 എമർജൻസി കാർഡിയാക് കേസുകളും ഉൾപ്പെടുമെന്നും അവർ കൂട്ടിച്ചേർത്തു. ഹൃദയസംബന്ധമായ അടിയന്തര മെഡിക്കൽ കേസുകളിൽ 45 മിനിറ്റിനുള്ളിൽതന്നെ അടിയന്തര ഇടപെടൽ നടത്താൻ സാധിക്കുന്നുണ്ടെന്നും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട സമയം 90 മിനിറ്റാണെന്നും ചൂണ്ടിക്കാട്ടിയ ഡോ. അൽ അസ്അദ്, അൽഖോർ, അൽ വക്റ, ഹസ്ം മിബൈരീക് എന്നിവിടങ്ങളിൽ നിന്നുള്ള റഫറൽ കേസുകളും ഹാർട്ട് ആശുപത്രിയിലെത്തുന്നുണ്ടെന്നും വ്യക്തമാക്കി.

Tags:    
News Summary - In the last year, the death rate of heart attack has decreased by two percent in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.