ദോഹ: ഖത്തർ ഇൻകാസ് സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറിനെതിരായ കെ.പി.സി.സി പ്രസിഡൻറിെൻറ നടപടിക്കു പിന്നാലെ ഒരു വിഭാഗം യോഗം ചേർന്നു. സ്ഥാനത്തുനിന്ന് നീക്കംചെയ്യപ്പെട്ട ജോപ്പച്ചൻ തെക്കേക്കൂറ്റിനെ പിന്തുണക്കുന്ന വിവിധ ജില്ല കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരുമാണ് ഞായറാഴ്ച ഇന്ത്യൻ കൾചറൽ സെൻറർ ഹാളിൽ ചേർന്ന യോഗത്തിൽ പങ്കെടുത്തത്. നിര്‍ജീവമായി മാറിയ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയെയും സംഘടനയെയും സജീവമാക്കാന്‍ കെ.പി.സി.സി നേതൃത്വം അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ല കമ്മിറ്റികൾ യോഗത്തിൽ പങ്കെടുത്തതായി നേതാക്കൾ അവകാശപ്പെട്ടു.
ഇന്‍കാസില്‍ നേരത്തേയുണ്ടായ പ്രശ്നങ്ങളുടെ ഒത്തുതീര്‍പ്പിനായി താല്‍ക്കാലികമായി നിയമിച്ച ഭാരവാഹികളാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നേതൃത്വത്തിൽ തുടരുന്നതെന്ന് വിമർശനം ഉയർന്നു. നിരവധി തവണ പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിക്കുകയും നേതാക്കളെ കാര്യങ്ങള്‍ വ്യക്തമായി ബോധ്യപ്പെടുത്തുകയും ചെയ്തിട്ടും നേതൃനിരയില്‍നിന്ന് മാറാന്‍ തയാറാകുന്നില്ലെന്നും, ഇതുവരെ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ റിപ്പോര്‍ട്ടോ കണക്കുകളോ ഒരു യോഗത്തിലും അവതരിപ്പിക്കുകയോ അംഗീകാരം നേടുകയോ ചെയ്തിട്ടില്ലെന്നും ആരോപിച്ചു. നിലവിലെ സാഹചര്യത്തില്‍ കെ.പി.സി.സി നേതൃത്വം അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
കെ.പി.സി.സിയില്‍നിന്ന് 10 മാസം മുമ്പ് ലഭിച്ച നോട്ടീസിന് വ്യക്തമായ മറുപടി നല്‍കിയിട്ടും പ്രസിഡൻറിനെ തെറ്റിദ്ധരിപ്പിച്ച് വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവന്നത് ഖത്തറിലെ ഇന്‍കാസ് എന്ന പ്രസ്ഥാനത്തിന് അവമതി ഉണ്ടാക്കുമെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.
എ.പി. മണികണ്ഠന്, ഡേവിസ് ഇടശ്ശേരി, പ്രദീപ് പിള്ള, ബഷീര്‍ തൂവാരിക്കല്‍, ഹന്‍സ് രാജ് എന്നിവര്‍ സംസാരിച്ചു.
ജയ്പാൽ, മജീദ് പാലക്കാട്, വി.എസ്, അബ്ദുറഹ്മാൻ, ജോയ് പോച്ച വിള, ഈപ്പൻ പി തോമസ്, ജയിംസ് ജോര്‍ജ്, ഹനീഫ ചാവക്കാട്, അഹദ് മുബാറക്, സി.എ. സലാം, ഷഫാഫ് ഹാപ്പ തുടങ്ങിയവര്‍ നേതൃത്വം നൽകി.
വെള്ളിയാഴ്ചയാണ് ജോപ്പച്ചൻ തെക്കേക്കൂറ്റിനെ ഇൻകാസ് പ്രാഥമികാംഗത്വത്തിൽനിന്നും വൈസ് പ്രസിഡൻറ് പദവിയിൽനിന്നും പുറത്താക്കിയത്. ഇതേ തുടർന്ന് പ്രതിഷേധ സൂചകമായി മുതിർന്ന നേതാവും ഒ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ സിദ്ദീഖ് പുറായിൽ സ്ഥാനം രാജിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.