ഐ.എസ്.സി വനിത ദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച യോഗ പരിശീലന പരിപാടിയിൽ പങ്കെടുത്തവർ
ദോഹ: അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസിയും ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററുമായി സഹകരിച്ച് സ്ത്രീ ശാക്തീകരണം ഉന്നമാക്കി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു. ബോധവത്കരണം, സ്പോര്‍ട്സ്, കായിക പരിശീലനം തുടങ്ങിയ വിവിധ പരിപാടികളോടെയായിരുന്നു ഒരാഴ്ച നീണ്ട അന്താരാഷ്ട്ര വനിതദിനാഘോഷം.
ഐ.സി.സി അശോക ഹാളില്‍ ഫണ്‍ഡേ ക്ലബുമായി സഹകരിച്ച് ‘സ്ത്രീകളുടെ ആരോഗ്യവും പോഷകാഹാരവും’ എന്ന വിഷയത്തിൽ നടത്തിയ സെമിനാറില്‍ പ്രശസ്ത ക്ലിനിക്കല്‍ ഡയറ്റീഷ്യന് ഡോ. ടൂണി വി. ജോണ്‍ നേതൃത്വം നല്കി. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള പെനാല്‍റ്റി ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു.
കേരള വിമൻ ഇനിഷ്യേറ്റിവ്, ഇന്ത്യന്‍ വിമന്‍ അസോസിയേഷന് എന്നീ സംഘടനകളുമായി സഹകരിച്ച് മുംതസ പാര്‍ക്കില്‍ നടത്തിയ ‘വാക്കത്തണ്‍’ ഖത്തര്‍ ഇന്ത്യന്‍ എംബസി സെക്കൻഡ് സെക്രട്ടറി ബിന്ദു നായര്‍ ഉദ്ഘാടനം ചെയ്തു. വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന നൂറു കണക്കിന് വനിതകള്‍ വാക്കത്തണില്‍ പങ്കെടുത്തു. ബര്‍വ സിറ്റി ഗ്രൗണ്ടില്‍ വനിതകള്‍ക്കായി യോഗ പരിശീലനം സംഘടിപ്പിച്ചു.
മാനസികാരോഗ്യവും വെല്ലുവിളികളും എന്ന വിഷയത്തെ ആസ്പദമാക്കി പുണെ യൂനിവേഴ്നിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന സെഷന് പ്രമുഖ ആരോഗ്യ പരിശീലകന് ജോജി മാത്യു നേതൃത്വം നല്കി.
സ്ത്രീകള്‍ക്ക് വ്യത്യസ്തവും കാര്യക്ഷമവുമായ പരിപാടികള്‍ തുടര്‍ന്നും ഖത്തര്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.