ഖത്തർ ആഭ്യന്തര മന്ത്രാലയം പങ്കുവെച്ച നിർദേശം
ദോഹ: വൻതുകയുടെ സമ്മാനം നേടിയെന്ന പേരിൽ ഹൈപ്പർമാർക്കറ്റ്, ഷോപ്പിങ് മാൾ എന്നിവിടങ്ങളിൽനിന്നെന്ന പേരിൽ ഒരു എസ്.എം.എസ് തേടിയെത്താത്തവരായി ആരുമുണ്ടാവില്ല.
ബാങ്കുകാരാണെന്നു പറഞ്ഞ് ഫോൺ വിളികളുമെത്തിയേക്കാം. ഇത്തരം കെണികളിൽ കുരുങ്ങി കാശ് നഷ്ടപ്പെട്ടവരുടെ കഥകൾ കേട്ടിട്ടും, അധികൃതർ മുന്നറിയിപ്പുകൾ ആവർത്തിച്ചിട്ടും തട്ടിപ്പുകൾ ജോറാണ്. എസ്.എം.എസ് ആയോ, വാട്സ്ആപ്- ഇ-മെയിൽ സന്ദേശമായോ, ഫോണിൽ വിളിച്ചോ തട്ടിപ്പുകാർ വിരിക്കുന്ന കെണികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആവർത്തിക്കുകയാണ് ഖത്തർ ആഭ്യന്തര മന്ത്രാലയം.
അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള ലിങ്കുകൾ തുറക്കുകയോ സന്ദേശങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യരുതെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. സൈബർ കുറ്റകൃത്യങ്ങളുടെ അപകടസാധ്യതകളിൽനിന്നും ഭീഷണികളിൽനിന്നും സുരക്ഷിതരായിരിക്കാൻ ആവശ്യമില്ലാത്ത ലിങ്കുകൾ തുറക്കുന്നത് ഒഴിവാക്കണമെന്നും അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്നും ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
ഇ-മെയിലുകളോ സന്ദേശമയക്കാനുള്ള സേവനങ്ങളോ വഴി സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നതിനെക്കുറിച്ച് ജനങ്ങൾ ജാഗ്രത പാലിക്കണം. ലിങ്കിൽ ക്ലിക്ക് ചെയ്തോ, ഫയലുകൾ അടങ്ങിയ അറ്റാച്ച്മെന്റുകൾ ഓപൺ ചെയ്തോ പ്രതികരിക്കുന്നതോടെ സൈബർ ആക്രമണത്തിനുള്ള വഴിതുറക്കലായി.
ഇ-മെയിൽ അല്ലെങ്കിൽ മറ്റ് ആശയവിനിമയ മാർഗങ്ങളിലൂടെ പ്രശസ്ത സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പേരിൽ വ്യാജ അക്കൗണ്ടുകൾ സൃഷ്ടിച്ച് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് പോലുള്ള സ്വകാര്യ വിവരങ്ങൾ തേടുന്ന ഫിഷിങ് വ്യാപകമാണ്. പലപ്പോഴും യഥാർഥമാണെന്ന് തെറ്റിദ്ധരിച്ച് ഉപയോക്താക്കൾ വ്യാജ വെബ്സൈറ്റിലേക്ക് സ്വകാര്യ വിവരങ്ങൾ നൽകിക്കൊണ്ട് കബളിപ്പിക്കപ്പെടുന്നു.
സൈബർ കുറ്റകൃത്യങ്ങളും ഫിഷിങ് പോലുള്ള തട്ടിപ്പുകളും ശ്രദ്ധയിൽപ്പെട്ടാൽ ആഭ്യന്തര മന്ത്രാലയത്തിന്റെ സേവന കേന്ദ്രങ്ങളിൽ നേരിട്ട് സന്ദർശിച്ചോ മെട്രാഷ് വഴിയോ അധികൃതർക്ക് വിവരങ്ങൾ കൈമാറണമെന്ന് മന്ത്രാലയം അഭ്യർഥിച്ചു. ഇതിനായി 23474444 നമ്പറിലോ 66815757 നമ്പറിലോ അല്ലെങ്കിൽ cccc@moi.gov.qa എന്ന ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
വ്യക്തിഗത വിവരങ്ങൾ ഒരിക്കലും ഒൺലൈനിൽ പങ്കുവെക്കരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉണർത്തി. പേര്, ജനന തീയതി, വിലാസം, ഐ.ഡി, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് എന്നിവയും സെൻസിറ്റിവ് വിവരങ്ങളായാണ് കണക്കാക്കുന്നത്.
അജ്ഞാത ഉറവിടങ്ങളിൽനിന്നുള്ള സന്ദേശങ്ങൾക്ക് മറുപടി നൽകാതിരിക്കുക, അറിയാവുന്ന ആളുകളുമായി മാത്രം സമൂഹ മാധ്യമങ്ങളിലൂടെ സംവദിക്കുക, കുട്ടികൾക്ക് പ്രായ നിയന്ത്രണങ്ങളും ഉള്ളടക്ക നിയന്ത്രണങ്ങളും പ്രാപ്തമാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക എന്നീ നിർദേശങ്ങളും മന്ത്രാലയം മുന്നോട്ടുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.