ജിദ്ദ: ഇന്ത്യയുടെ വിപ്ലവകരമായ മാറ്റത്തിന് നാന്ദികുറിച്ചത് ഇന്ദിര ഗാന്ധിയാണെന്നും അതിെൻറ ഫലമാണ് രാജ്യത്തെ ജനങ്ങൾ ഇന്നും ആസ്വദിക്കുന്നതെന്നും ഒ.ഐ.സി.സി വെസ്റ്റേൺ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ടേബ്ൾ ടോക്കിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. ഇന്ദിര ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ 'മാറുന്ന ഇന്ത്യ, എെൻറ കാഴ്ചപ്പാടിൽ' വിഷയത്തിൽ നടന്ന പരിപാടിയിൽ ജിദ്ദയിലെ വിവിധ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.
ഇന്ദിരയുടെ ഭരണകാലത്ത് ഇന്ത്യ, ദക്ഷിണേഷ്യയിലെ ഒരു പ്രധാന ശക്തിയായി വളർന്നു. സാമ്പത്തികവും രാഷ്ട്രീയവും സൈനികവുമായി അഭൂതപൂർവമായ വളർച്ച കൈവരിക്കുകയുണ്ടായി. അവർ വാർത്താവിതരണ, പ്രക്ഷേപണ മന്ത്രിയായപ്പോഴാണ് ചെലവു കുറഞ്ഞ റേഡിയോ നിർമിച്ച് സാധാരണ ജനങ്ങളിലേക്ക് വാർത്തകൾ എത്തിച്ചത്. ആണവശക്തി ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയെ എത്തിക്കുകവഴി രാജ്യത്തിെൻറ സുരക്ഷയെയും സ്ഥിരതയെയും കാത്തുസൂക്ഷിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യമെന്നും ചർച്ചക്ക് തുടക്കംകുറിച്ച് വിഷയമവതരിപ്പിച്ച കെ.പി.സി.സി ഐ.ടി സെൽ കോഓഡിനേറ്റർ ഇഖ്ബാൽ പൊക്കുന്ന് പറഞ്ഞു.
എന്നാൽ, ജനങ്ങളെ മൊത്തം സംരക്ഷിക്കാനോ സഹായിക്കാനോ കഴിയാത്ത നിലവിലെ കേന്ദ്ര സർക്കാറിെൻറ വീഴ്ചയാണ് കോവിഡ് കാലഘട്ടത്തിൽ ഇന്ത്യയെ തകർത്തതെന്നും ലോകരാജ്യങ്ങളുടെ മുന്നിൽ ഓക്സിജനുവേണ്ടി കൈ നീട്ടിയത് ദയനീയവും നിരാശജനകവുമാണെന്നും ആരോഗ്യമേഖല ദേശസാത്കരിക്കണമെന്നും ചർച്ചയിൽ സംസാരിച്ചവർ പറഞ്ഞു. ഇന്ത്യാ രാജ്യം പുരോഗതിയിലേക്കല്ല, മറിച്ച് അധോഗതിയിലേക്കാണ് മാറിക്കൊണ്ടിരിക്കുന്നത്. കുടുംബബജറ്റുകളെ തകർത്തെറിയുന്ന നയമാണ് സർക്കാർ നടപ്പാക്കുന്നത്.
അന്നം തരുന്ന കർഷകർക്കുപോലും രക്ഷയില്ലാത്ത അവസ്ഥയിലാണ്. എല്ലാ മേഖലകളിലും ദുരവസ്ഥയാണ് പ്രകടമാവുന്നത്. വളർന്നുവരുന്ന യുവതക്കും വിദ്യാർഥികൾക്കും അനുകരിക്കാനുതകുന്ന മാതൃകാ പുരുഷന്മാർ ഇന്ത്യാരാജ്യത്ത് ഉണ്ടാവുന്നില്ല. സമൂഹത്തെ മൂല്യച്യുതിയിൽനിന്ന് കരകയറ്റാൻ കലാലയങ്ങളിൽ തുറന്ന ചർച്ചകൾക്കും സംവാദങ്ങൾക്കും വേദികൾ ഉണ്ടാക്കണം. മേക്ക് ഇൻ ഇന്ത്യ എന്ന നയം പ്രതീക്ഷ നൽകിയെങ്കിലും നിരാശജനകമായ പ്രവർത്തനഫലങ്ങളാണ് ഇന്ത്യാരാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.
അശാസ്ത്രീയമായ ജി.എസ്.ടി നടപ്പാക്കിയതോടുകൂടി ചെറുകിട വ്യവസായങ്ങളും മറ്റും തകർന്നുതരിപ്പണമായി. സമ്പന്നർക്കുള്ള നാടായി ഇന്ത്യ മാറി. സ്വകാര്യവത്കരണവും ഫാഷിസ്റ്റ് ഭീകരതയും ഇന്ത്യാരാജ്യത്ത് പട്ടിണിയും കഷ്ടപ്പാടുകളും വർധിപ്പിച്ചിരിക്കുകയാണ്. പട്ടിണിരാജ്യങ്ങളിൽ നൂറിന് മുകളിൽ ഇന്ത്യ നിൽക്കുന്നത് ഭരണകർത്താക്കളുടെ കൊടുകാര്യസ്ഥതകൊണ്ടു മാത്രമാണ്. എന്നാൽ, ഇന്ദിര ഗാന്ധി സൃഷ്ടിച്ച മാതൃക ഇങ്ങനെയൊന്നുമായിരുന്നില്ല. ദേശസാത്കരണപ്രക്രിയ ബാങ്കിങ് രംഗത്ത് അഭൂതപൂർവമായ മാറ്റമാണ് വരുത്തിയത്. നിക്ഷേപം 800 ശതമാനത്തോളം വർധിച്ചു. വായ്പാശതമാനം 11,000 ശതമാനത്തോളം എത്തി. ദേശസാത്കരണ നയം വ്യവസായിക മേഖലകളിലേക്കും വ്യാപിപ്പിച്ചു. ഇരുമ്പ്, കൽക്കരി, ഖനി, പരുത്തി തുടങ്ങിയ വ്യവസായമേഖലകളെല്ലാം ഇന്ദിര സർക്കാർ ദേശസാത്കരിക്കുകയുണ്ടായി.
തൊഴിൽ ഉറപ്പുവരുത്താനാണ് ഈ നടപടികൊണ്ട് ഇന്ദിരാജി ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഇന്നത്തെ ഫാഷിസ്റ്റ് സർക്കാർ പൊതുമേഖല സ്ഥാപനങ്ങളെല്ലാം അദാനിമാർക്കും അംബാനിമാർക്കും വിറ്റ് കാശാക്കുകയാണ്. തൊഴിലില്ലായ്മ വർധിക്കാൻ ഇത് കാരണമായെന്നും പ്രസംഗകർ പറഞ്ഞു.
ചടങ്ങിൽ ആക്ടിങ് പ്രസിഡൻറ് സാക്കിർ ഹുസൈൻ എടവണ്ണ അധ്യക്ഷത വഹിച്ചു. റുബീന നവാസ്, സുശീല ജോസഫ്, സിമി മോൾ എ. ഖാദർ, നൗഫൽ പാലക്കോത്ത്, അബ്ദുൽ റഷീദ്, ഹിഫ്സുറഹ്മാൻ, മുസ്തഫ കോട്ടയിൽ, റഷീദ് കൊളത്തറ എന്നിവരാണ് ടേബ്ൾ ടോക്കിൽ സംസാരിച്ചത്. അബ്ദുൽ മജീദ് നഹ, മോഹൻ ബാലൻ, റോയ് മാത്യു, മൗഷ്മി ശരീഫ് എന്നിവർ ആശംസകൾ നേർന്നു.
ജനറൽ സെക്രട്ടറി നൗഷാദ് അടൂർ സ്വാഗതവും നാഷനൽ കമ്മിറ്റി സെക്രട്ടറി നാസിമുദ്ദീൻ മണനാക്ക് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.