ദോഹ: ലോകകപ്പിനെത്തുന്ന അതിഥികൾക്കും ഒഫീഷ്യലുകൾക്കുമായി അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയ ബഹുനില പാർപ്പിട സമുച്ചയങ്ങളിൽ രാജ്യംവിട്ട് ഓടിയെത്തിയ അഫ്ഗാനികൾക്കായി ഒരുക്കിയ താമസസൗകര്യം നേരിട്ട് കാണാനും ഖത്തറിെൻറ മനസ്സിനെ അഭിനന്ദിക്കാനുമായി ഫിഫ തലവൻ ജിയാനി ഇൻഫൻറിനോ എത്തി.
പ്രശംസകൊണ്ട് ഖത്തറിനെ വാരിപ്പുണരുക മാത്രമല്ല, അഫ്ഗാനി കുട്ടികൾക്കും യുവാക്കൾക്കുമൊപ്പം പന്തുകളിക്കാനും അവർക്ക് സമ്മാനങ്ങൾ നൽകാനും സന്തോഷം പകരാനുമെല്ലാം അദ്ദേഹം സമയം കണ്ടെത്തി.
ലോകകപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോഴാണ് ഫിഫ അധ്യക്ഷൻ അഫ്ഗാനികൾക്കായി ഒരുക്കിയ താൽകാലിക ക്യാമ്പിലുമെത്തിയത്. 'ജീവിതത്തിലെ ഏറ്റവും ദുർഘടമായ സമയത്ത് രാജ്യം വിടാൻ നിർബന്ധിതരായവരെ ഇരുകൈയും നീട്ടി സ്വീകരിച്ച ഖത്തറിലെ ജനങ്ങൾക്കും അമീർ ശൈഖ് തമിം ബിൻ ഹമദ് ആൽഥാനിക്കും സർക്കാറിനും നന്ദി.
അതിർത്തികൾ ലോകത്തിനുമുന്നിൽ തുറന്നുകൊണ്ട് ഖത്തർ തങ്ങളുടെ ഹൃദയവലുപ്പം പ്രകടിപ്പിക്കുകയായിരുന്നു. മാനുഷികമായ ഇടപെടൽ വിസ്മയിപ്പിച്ചു.
ലോകകപ്പിനായി ഒരുക്കിയ കോമ്പൗണ്ടുകൾ അഫ്ഗാനിൽ നിന്നെത്തിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്കായി താമസത്തിനൊരുക്കിയത് സന്തോഷം നൽകുന്നതാണ്' -ഫിഫ പ്രസിഡൻറ് പറഞ്ഞു.
അഫ്ഗാനികൾക്കായി ലോകമെങ്ങുമുള്ള ഫുട്ബാൾ സമൂഹത്തിന് പലതും ചെയ്യാൻ കഴിയും. വിവിധ രാജ്യങ്ങളിലെത്തുന്ന ഫുട്ബാൾ കളിക്കാരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ഫുട്ബാൾ സമൂഹം ഇതിനകം തയാറായതും സന്തോഷം നൽകുന്നതാണ് -അദ്ദേഹം പറഞ്ഞു.
പാർക് വ്യൂ വില്ലയിലെ കോംപ്ലക്സിലായിരുന്നു ഇൻഫൻറിനോയുടെ സന്ദർശനം. ഖത്തർ വിദേശകാര്യ സഹമന്ത്രി ലുൽവ റാഷിദ് അൽ കാതിർ, സുപ്രീംകമ്മിറ്റി സെക്രട്ടറി ജനറൽ ഹസ്സൻ അൽ തവാദി എന്നിവർക്കൊപ്പമായിരുന്നു അദ്ദേഹം എത്തിയത്.
താലിബാൻ കാബൂൾ പിടിച്ചതിനുപിന്നാലെ ഖത്തർ അമിരി എയർഫോഴ്സും അമേരിക്കൻ, നാറ്റോ സേനകളും ചേർന്ന് 40,000ത്തോളം പേരെയാണ് ഖത്തറിലെത്തിച്ചത്. ഇവരിൽ മുക്കാൽ പങ്കും വിവിധ രാജ്യങ്ങളിലേക്ക് മടങ്ങി. ശേഷിച്ചവർക്കുവേണ്ടിയാണ് ഖത്തർ മികച്ച താമസമൊരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.