ദോഹ: 'ഇസ്ലാമിക ലോകത്തെ സാംസ്കാരിക തലസ്ഥാനം, ദോഹ' എന്ന പ്രമേയത്തെ അടയാളപ്പെടുത്തുന്നതിൻെറ ഭാഗമായി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളുമായി ഇസ്ലാമിക് ആർട്ട് മ്യൂസിയം (മിയ). കലാ ശിൽപശാലകൾ, സാംസ്കാരിക പര്യടനങ്ങൾ, വെബിനാറുകൾ, കലാ മത്സരങ്ങൾ തുടങ്ങിയ പരിപാടികളാണ് ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിൻെറ നേതൃത്വത്തിൽ നടത്തുന്നത്.
2021ലെ ഇസ്ലാമിക ലോകത്തെ സാംസ്കാരിക തലസ്ഥാനമായി ദോഹയെ തിരഞ്ഞെടുത്തതിൻെറ ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് ഇസ്ലാമിക് ആർട്ട് മ്യൂസിയം സംഘടിപ്പിക്കുന്നതെന്ന് ഡെപ്യൂട്ടി ഡയറക്ടർ സാലിം അബ്ദുല്ല അൽ അസ്വദ് പറഞ്ഞു. ഇസ്ലാമിക പൈതൃകത്തെ ആഘോഷിക്കുന്നതിനും ബഹുസ്വര സമൂഹത്തിൽ ഇസ്ലാമിക സംസ്കാരത്തെയും അതിൻെറ ചരിത്രത്തെയും പരിചയപ്പെടുത്തുകയുമാണ് പരിപാടികളുടെ ഉദ്ദേശ്യമെന്നും അൽ അസ്വദ് കൂട്ടിച്ചേർത്തു.
മ്യൂസിയങ്ങളുടെ വളർച്ചയിലൂടെ, പൗരാണിക-പൈതൃക കേന്ദ്രങ്ങളിലൂടെ, ആഘോഷങ്ങളിലൂടെ, പൊതു കലാപ്രവർത്തനങ്ങളിലൂടെ, വ്യത്യസ്തമായ വിദ്യാഭ്യാസ പരിപാടികളിലൂടെ ലഭിക്കുന്ന ഖത്തറിൻെറ സാംസ്കാരിക അനുഭവങ്ങൾ വഴി ഇസ്ലാമിക പൈതൃകത്തെ ഉയർത്തിപ്പിടിക്കുകയാണ് ലക്ഷ്യം. 'ഇക്തശിഫ് തുർക്കി'യെന്ന പേരിൽ ഏഴ് ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയും സംഘടിപ്പിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുർക്കിയിലെ പ്രസിദ്ധമായ ഇസ്തംബൂൾ നഗരത്തെയും മറ്റു ചരിത്ര കേന്ദ്രങ്ങളെയും അടുത്തറിഞ്ഞുകൊണ്ടുള്ള വിദ്യാഭ്യാസ പഠന യാത്രയാണിത്. കലാ ശിൽപശാലകൾ, പര്യടനങ്ങൾ എന്നിവയിലൂടെ ഇസ്ലാമിക കലകൾ സംബന്ധിച്ച് ആഴത്തിൽ പഠിക്കാൻ ഇവ സഹായിക്കും.
പ്രത്യേക പ്രദർശനങ്ങളും പരിപാടികളും സംഘടിപ്പിച്ച് ഹൈസ്കൂൾ വിദ്യാർഥികളെ മ്യൂസിയങ്ങളിലേക്ക് ആകർഷിക്കുന്നതിനായി മിയ അംബാസഡർമാരുടെ പ്രത്യേക കാമ്പയിനും നടത്തുന്നുണ്ട്. സാംസ്കാരിക പൈതൃകങ്ങൾ സംരക്ഷിക്കുന്നതിൽ മ്യൂസിയങ്ങളുടെ പങ്ക് സംബന്ധിച്ച് പരിപാടികളിൽ കൂടുതൽ ചർച്ച ചെയ്യും.
മോഡേൺ ഇസ്ലാമിക് ആർട്ട് ഇൻ ഖത്തർ എന്ന വിഷയത്തിൽ ഫോട്ടോഗ്രഫി മത്സരവും ഇതോടനുബന്ധിച്ച് മ്യൂസിയം സംഘടിപ്പിക്കുന്നു. കൂടാതെ അറബി കാലിഗ്രഫിയിൽ വിദ്യാഭ്യാസ ശിൽപശാലകളും ഖത്തറിലെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെ വളർത്തുന്നതിലും സംരക്ഷിക്കുന്നതിലും മ്യൂസിയങ്ങളുടെ പങ്ക് എന്ന പ്രമേയത്തിൽ പഠന ക്ലാസും സംഘടിപ്പിക്കും. സെപ്റ്റംബർ മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന കാലയളവിൽ സ്കൂൾ വിദ്യാർഥികൾക്കായി അറബി കവിത രചന മത്സരവും നടത്തും.
ഇസ്ലാമിക് വാസ്തുവിദ്യയിലെ കല എന്ന വിഷയത്തിൽ പ്രത്യേക ഒൺലൈൻ പഠന സെഷനും മിയ സംഘടിപ്പിക്കുന്നുണ്ട്. ഇസ്ലാമിക രൂപരേഖ, ആർക്കിടെക്ചറൽ ഡിസ്പ്ലേ പ്രദർശനം, ഉപയോഗിക്കുന്ന വസ്തുക്കൾ, മിയയുടെ ആർക്കിടെക്ചർ തുടങ്ങിയ വിഷയങ്ങൾ സെഷനിൽ ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.