ദോഹ: പശ്ചിമേഷ്യയിലെ സമകാലിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കവിതാ സായാഹ്നവുമായി ദോഹയിലെ ഇസ്ലാമിക് ആർട്ട് മ്യൂസിയം. കവികളും സാഹിത്യ പ്രേമികളും ഒന്നിക്കുന്ന സർഗസായാഹ്നം ബുധനാഴ്ച വൈകുന്നേരം മ്യൂസിയത്തിൽ നടക്കും. ഗസ്സയിലെ ജനങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫലസ്തീന്റെ ചരിത്രം പഠിക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമുള്ള അവസരമാണ് കവിതാ സായാഹ്നം ഉറപ്പുനൽകുന്നത്.
ഇസ്ലാമിക് ആർട്ട് മ്യൂസിയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പരിപാടികളിലൊന്ന് അതിന്റെ വാർഷിക കവിതാ സായാഹ്നമാണ്. വ്യത്യസ്തമായ വിഷയങ്ങളാണ് ഓരോ വർഷവും ഉയർത്തിക്കൊണ്ട് വരുന്നതെന്ന് മ്യൂസിയത്തിലെ ലേണിങ് ആൻഡ് ഔട്ട്റീച്ച് ഡെപ്യൂട്ടി ഡയറക്ടർ സാലിം അബ്ദുല്ല അൽ അസ്വദ് പറഞ്ഞു.
മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ടതും ഫലസ്തീനുമായി പ്രത്യേകം ബന്ധപ്പെട്ടതുമായ സാഹചര്യം കണക്കിലെടുത്ത് ഈ വർഷത്തെ കവിതാ സായാഹ്നത്തിന്റെ വിഷയം ഫലസ്തീൻ ആയിരിക്കണമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നും അൽ അസ്വദ് കൂട്ടിച്ചേർത്തു.പോയട്രി നൈറ്റ്: ഫലസതീൻ, ദി ലാൻഡ് സ്റ്റോറി എന്ന തലക്കെട്ടിലുള്ള പരിപാടിയിൽ മുഹമ്മദ് ഇബ്റാഹിം അൽ സാദ, അബ്ദുൽ ഹമീദ് അൽ യൂസുഫ്, മുഹമ്മദ് യാസീൻ സ്വാലിഹ്, ഇസ്സ അൽ ശൈഖ് ഹസൻ, മുഹമ്മദ് സഈദ് ലസൂഹ് എന്നിവർ പങ്കെടുക്കും. ഖത്തരി ഇൻഫ്ളുവൻസറായ ജാസിം അൽ ഹമ്മാദിയും ഖത്തർ മ്യൂസിക് അക്കാദമിയും പരിപാടിക്കെത്തുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.