ദോഹ: ലോകത്തെ ഏറ്റവും വലിയ ബ്ലൂ അമോണിയ പ്ലാന്റ് ഖത്തറിൽ ഉയരുന്നു. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിൽ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.
മിസൈദിലെ ഇൻഡസ്ട്രിയിൽ ഏരിയയിൽ തറക്കല്ലിട്ട ലോകത്തിലെതന്നെ ഏറ്റവും വലിയ അമോണിയ പ്ലാന്റ് 2026 രണ്ടാം പാദത്തോടെ ഉൽപാദനക്ഷമമാവുമെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം 12 ലക്ഷം ടൺവരെ ബ്ലൂ അമോണിയം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള അമോണിയം പ്ലാന്റ് ഖത്തർ എനർജിയുടെ ക്ലീൻ എനർജി പദ്ധതികളിലെ നാഴികക്കല്ലുകളിലൊന്നായാണ് അവതരിപ്പിക്കുന്നത്. കാർബൺ ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും കുറച്ചും പരിസ്ഥിതിക്ക് കോട്ടങ്ങളില്ലാതെയും പുതിയ ഊർജസ്രോതസ്സുകൾ കെട്ടിപ്പടുക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഖത്തർ എനർജിക്ക് കീഴിലെ ലോകത്തിലെ ആദ്യത്തെ ബ്ലൂ അമോണിയം പ്ലാന്റിന് കൂടി തുടക്കം കുറിക്കുന്നത്. ചടങ്ങിൽ പ്ലാന്റിന്റെ പ്രവർത്തനം വിശദീകരിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. ഊർജ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ഷെരിദ അൽ കഅബി സംസാരിച്ചു.
പ്രതിവർഷം 12 ലക്ഷം ടൺ ശേഷിയിൽ അമോണിയ ഉൽപാദന യൂനിറ്റും 15 ലക്ഷം ടൺ കാർബൺഡയോക്സൈഡ് സംഭരണത്തിനും സൗകര്യമുള്ളതാണ് പുതിയ പദ്ധതി. ഖത്തർ എനർജിയുടെ സൗരോർജ പദ്ധതികളിൽനിന്ന് പ്ലാന്റിനാവശ്യമായ 35 മെഗാവാട്ട് വൈദ്യുതി നൽകും. അന്തരീക്ഷ മലിനീകരണം തടയുന്നതിന് കാർബൺ ബഹിർഗമനം കുറക്കുകയെന്ന ആഗോള ശ്രമങ്ങൾക്ക് പുതിയ ബ്ലൂ അമോണിയ പ്ലാന്റ് ഉൽപാദനത്തിലൂടെ പിന്തുണ നൽകാൻ ഖത്തർ എനർജിക്ക് കഴിയുമെന്ന് സഅദ് ഷെരിദ വിശദീകരിച്ചു.
രാസവള നിർമാണത്തിലും അമോണിയ പ്ലാന്റ് പ്രവർത്തനം ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഖത്തർ എനർജിയുടെയും ഖത്തർ ഫെർട്ടിലൈസർ കമ്പനിയുടെയും സഹകരണത്തോടെയാണ് ഇത് നടപ്പാക്കുക.
440 കോടി ഖത്തർ റിയാൽ നിക്ഷേപത്തിലാണ് പ്ലാന്റിന്റെ നിർമാണം മിസൈദ് ഇൻഡസ്ട്രിയൽ ഏരിയയിൽ പൂർത്തിയാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, തുറമുഖ സാമീപ്യം, അസംസ്കൃത വസ്തുക്കളുടെ ലഭ്യത എന്നിവ കണക്കിലെടുത്താണ് തന്ത്രപ്രധാന മേഖലയെ പ്ലാന്റ് നിർമാണത്തിന് തെരഞ്ഞെടുത്തതെന്നും വിശദീകരിച്ചു.
ലോകത്തിലെ ഏറ്റവും വലിയ അമോണിയം പ്ലാന്റ് നിർമിക്കാനുള്ള പദ്ധതി രണ്ടുവർഷം മുമ്പു തന്നെ ഖത്തർ പ്രഖ്യാപിച്ചിരുന്നു. എണ്ണ ഇതര വരുമാനങ്ങൾകൂടി വർധിപ്പിച്ച് രാജ്യത്തിന്റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്.
ബ്ലൂ അമോണിയം; പരിസ്ഥിതി സൗഹൃദം
പ്രകൃതി വാതകങ്ങളുടെ ഉപോൽപന്നമായാണ് ബ്ലൂ അമോണിയം നിർമിക്കുന്നത്. ഹൈഡ്രോ കാർബണിൽനിന്ന് നിർമാണസമയത്ത് ഉൽപാദിപ്പിക്കുന്ന കാർബൺ ഡൈ ഓക്സൈഡ് പിടിച്ചെടുക്കുകയും സംഭരിക്കുകയും ചെയ്യും.
ഗതാഗത ആവശ്യങ്ങൾ, വൈദ്യുതി ഉൽപാദനം, സിമന്റ്, വളം നിർമാണം തുടങ്ങിയ വൈവിധ്യമാർന്ന വ്യാവസായിക ആവശ്യങ്ങൾക്ക് കുറഞ്ഞ കാർബൺ ഇന്ധനമായി ബ്ലൂ അമോണിയം ഉപയോഗിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.