ദോഹ: റോക്കറ്റ് നിർമിച്ച് ആകാശത്തേക്ക് തൊടുത്തും, ആകാശ രഹസ്യങ്ങൾ കണ്ടും അറിഞ്ഞും ഭൂമിയും കടന്നൊരു യാത്ര. പുതുതലമുറക്ക് മുന്നിൽ ബഹിരാകാശ രഹസ്യങ്ങളുടെ ചുരുളഴിച്ചുള്ള കതാറ കൾചറൽ വില്ലേജിലെ സ്പേസ് സയൻസ് പ്രോഗ്രാം ശ്രദ്ധേയമായി. വേനലവധിക്കാലത്ത് ഖത്തറിലെ സ്കൂൾ വിദ്യാർഥികൾക്ക് ബഹിരാകാശ ശാസ്ത്രത്തിൽ പരിശീലനവും അറിവും നൽകാൻ ലക്ഷ്യമിട്ടാണ് േഗ്ലാബൽ മാപ്സ് ഫൗണ്ടേഷനുമായി സഹകരിച്ച് കതാറ സ്പേസ് സയൻസ് പ്രോഗ്രാം സംഘടിപ്പിച്ചത്
. കതാറയിലെ അൽ തുറായ പ്ലാനിറ്റേറിയത്തിലായിരുന്നു നാസയിലെയും ഇന്ത്യൻ ബഹിരാകാശ ഗവേഷണ നിലയത്തിലെയും ശാസ്ത്രജ്ഞൻമാരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ശിൽപശാല സംഘടിപ്പിച്ചത്.
പരീക്ഷണങ്ങളും പ്രഭാഷണങ്ങളും സംശയ നിവാരണവുമായി സജീവമായിരുന്നു മൂന്നു ദിവസ ശിൽപശാല.
ബഹിരാകാശത്തേക്ക് എങ്ങനെ എത്തിച്ചേരാം, ചന്ദ്രനിലേക്ക് മടങ്ങാനുള്ള ആർട്ടിമിസ് പ്രോഗ്രാം എന്നീ വിഷയങ്ങളിലൂന്നിയായിരുന്നു ശാസ്ത്രജ്ഞരുടെ പരിപാടികൾ. ശാസ്ത്രജ്ഞരുടെ മേൽനോട്ടത്തിൽ കുട്ടികൾ തയാറാക്കിയ ചെറു റോക്കറ്റ് മാതൃകകൾ വിജയകരമായി വിക്ഷേപിച്ചുകൊണ്ട് ശിൽപശാലയെ ഹൃദ്യമാക്കി. ബഹിരാകാശ രഹസ്യങ്ങളുടെ ഉള്ളറകൾ തുറക്കുന്ന നിരവധി ചിത്രങ്ങളുടെ പ്രദർശനവും ശ്രദ്ധേയമായി. പരിപാടിയിൽ 20ലേറെ കാലാകാരന്മാരും പങ്കെടുത്തു.
ഖത്തറിലെ 80 സ്കൂളുകളിൽ നിന്ന് 400ഓളം വിദ്യാർഥികളാണ് മൂന്നു ദിവസങ്ങളിലായി നടന്ന പരിപാടികളിൽ പങ്കെടുത്തത്. വിവിധ കമ്പനികളിൽനിന്നുള്ള പ്രതിനിധികളും പങ്കാളികളായി. ഭാവി തലമുറയിൽ ബഹിരാകാശ ഗവേഷണ തൽപരരായ പ്രതിഭകളെ വാർത്തെടുക്കുക ലക്ഷ്യമിട്ടാണ് കതാറയിൽ സ്പേസ് സയൻസ് പ്രോഗ്രാം നടന്നത്. ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരായ ഡോ. ബൃന്ദ, ഡോ. പി.വി. വെങ്കിട കൃഷ്ണൻ, നാസ ഡെപ്യൂട്ടി ചീഫ് ടെക്നോളജി ഓഫിസർ ജിം ആഡംസ് എന്നിവർ ജൂലൈ 23മുതൽ 25വരെ നടന്ന ശാസ്ത്ര പ്രോഗ്രാം നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.