ദോഹ: ആരോഗ്യ സംബന്ധമായ നിയമലംഘനങ്ങൾ കണ്ടെത്തിയതിനാൽ ദോഹ മുനിസിപ്പാലിറ്റി പരിധിയിൽ 33 ഭക്ഷ്യ സ്ഥാപനങ്ങൾ ഒരു മാസത്തേക്ക് അടച്ചുപൂട്ടിയതായി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ദോഹ മുനിസിപ്പാലിറ്റി ആരോഗ്യ നിരീക്ഷണ വിഭാഗം ഏപ്രിൽ മാസം നടത്തിയ പരിശോധനയിൽ 80 നിയമലംഘനങ്ങളാണ് പിടികൂടിയത്. മുനിസിപ്പാലിറ്റി പരിധിക്കുള്ളിൽ വിവിധ ഘട്ടങ്ങളിലായി 2,363 പരിശോധനകൾ പൂർത്തിയാക്കിയതായും മന്ത്രാലയം വ്യക്തമാക്കി.
1,12,844 അറുത്ത കാലികളുടെ മാംസം സെൻട്രൽ ഓട്ടോമേറ്റഡ് സ്ലോട്ടർഹൗസിലെ വെറ്ററിനറി ഡോക്ടർമാർ പരിശോധിച്ചപ്പോൾ 1,330 കാലികളുടേത് (3,065 കിലോഗ്രാം) ഉപയോഗ യോഗ്യമല്ലാത്തതിനാൽ പിടികൂടി നശിപ്പിച്ചു. കോർണിഷ് ജെട്ടിയിൽ വെറ്ററിനറി ഡോക്ടർമാർ നടത്തിയ പരിശോധനയിൽ 37,500 കിലോഗ്രാം മത്സ്യം പരിശോധിച്ചതിൽ 81 കിലോഗ്രാം മത്സ്യം ഉപയോഗ യോഗ്യമല്ലാത്തതിനെ തുടർന്ന് നശിപ്പിച്ചതായും മന്ത്രാലയം വ്യക്തമാക്കി. ഇൻഡസ്ട്രിയൽ ഏരിയയിൽ മുനിസിപ്പാലിറ്റി പരിശോധകർ ഭക്ഷണം കൊണ്ടുപോകുന്ന 15,000 വാഹനങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് വാഹനങ്ങൾ ഭക്ഷ്യ ഡെലിവറി സമയത്തെ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ പിടികൂടുകയും ഭക്ഷ്യവസ്തുക്കൾ നശിപ്പിക്കുകയും ചെയ്തു.
റമദാനിലുടനീളം ദോഹ മുനിസിപ്പാലിറ്റി ഭക്ഷ്യ ഒൗട്ട്ലെറ്റുകളിൽ കർശന പരിശോധനയാണ് സംഘടിപ്പിക്കുന്നത്. നജ്ല അബ്ദുറഹ്മാൻ അൽ ഹൈലിെൻറ നേതൃത്വത്തിലാണ് പരിശോധന. എല്ലാ ഭക്ഷ്യ ഒൗട്ട്ലെറ്റുകളും കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പുവരുത്തുകയാണ് പരിശോധനയിലൂടെ ലക്ഷ്യം വെക്കുന്നത്. ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയും ദോഹ മുനിസിപ്പാലിറ്റി അധികൃതർ നഗരപരിധിക്കുള്ളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.