ദോഹ: ‘ഖത്തരി ഉൽപന്നങ്ങൾ; നമ്മുടെ ഫസ്റ്റ് ചോയ്സ്’ എന്ന പേരിൽ തദ്ദേശീയ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായി ലുലു ഹൈപ്പർമാർക്കറ്റിൽ വിപണനമേളക്ക് തുടക്കം. ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയവുമായി ചേർന്നാണ് ലുലു ഹൈപ്പർ മാർക്കറ്റിന്റെ ഡി റിങ് റോഡ് ഔട്ട്ലെറ്റിൽ വിപണന മേളയുടെ ഉദ്ഘാടനം നിർവഹിച്ചത്. ഖത്തർ ദേശീയതയും സമ്പന്നമായ കാർഷിക പൈതൃകവും പാരമ്പര്യവും ഉപഭോക്താക്കളിലേക്കെത്തിക്കുന്നതാണ് മേള. ഡിസംബർ 12ന് ആരംഭിച്ച് ഒരാഴ്ച നീളുന്ന ഷോപ്പിങ് ഫെസ്റ്റിവൽ ഖത്തർ ദേശീയദിനമായ 18 വരെ നീളും. 2010ൽ ആരംഭിച്ചതു മുതൽ, ചെറുകിട ഖത്തരി ബിസിനസുകാരെയും സംരംഭകരെയും പിന്തുണക്കുന്നതിനൊപ്പം പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന, മേഖലയിലെ എല്ലാ ലുലു ഔട്ട്ലെറ്റുകളിലും ഫെസ്റ്റിവൽ ശ്രദ്ധേയമായി മാറിയിട്ടുണ്ട്.
പച്ചക്കറികൾ, ഇറച്ചി, മുട്ട, അറബിക് ലാംബ്, ബീഫ്, ചിൽഡ്-ഫ്രോസൻ ഉൽപന്നങ്ങൾ, പാലുൽപന്നങ്ങൾ, ബേക്കറി വിഭവങ്ങൾ, ഗ്രോസറി, ഹെൽത്ത് -ബ്യൂട്ടി ഉൽപന്നങ്ങൾ തുടങ്ങി ലിനൻ, ടേബിൾ കവർ, ബെഡ്ഷീറ്റ് എന്നീ വൈവിധ്യമാർന്ന ഇനങ്ങളുമായാണ് പ്രദേശിക ഉൽപന്നങ്ങളുടെ മേളക്ക് തുടക്കം കുറിച്ചത്.
ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി മന്ത്രാലയം ഭക്ഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥൻ സൗദ് അൽ മർറി, കാർഷിക വകുപ്പിലെ അഹ്മദ് അൽ യാഫി, സഫ്വ ഫാം ജനറൽ മാനേജർ ഫർദാൻ അൽ ഫർദാൻ, മഹാസീൽ കമ്പനി ജനറൽ മാനേജർ മുഹമ്മദ് ഇസ്മായിൽ അൽ മുഹമ്മദ്, ലുലു ഗ്രൂപ് ഗ്ലോബൽ ഡയറക്ടർ ഡോ. മുഹമ്മദ് അൽതാഫ്, ലുലു മാനേജ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കാർഷിക മികവിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലും ഖത്തർ ശ്രദ്ധേയ മുന്നേറ്റം നടത്തിയതായി ചടങ്ങിൽ ഡോ. മുഹമ്മദ് അൽതാഫ് പറഞ്ഞു. പ്രാദേശിക ഭക്ഷ്യ ഉൽപാദനത്തിൽ രാജ്യം കൈവരിച്ച പുരോഗതിയും, സ്വയംപര്യാപ്തതയും ഉയർന്ന നിലവാരമുള്ളതും കീടനാശിനി രഹിത ഉൽപന്നങ്ങളുടെ ലഭ്യതയും എടുത്തുകാണിക്കുന്നതാണ് ലുലു ഹൈപ്പർമാർക്കറ്റിൽ ആരംഭിച്ച മേളയെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിലെ ഉപഭോക്താക്കളെ രാജ്യത്തിന്റെ കാർഷിക പൈതൃകവുമായി ബന്ധിപ്പിക്കുന്നതാണ് ഇൗ വിപണന മേള. രാജ്യത്തെ 35ഓളം ഫാമുകളിൽ നിന്ന് 300ലേറെ ഇനം പ്രാദേശിക ഉൽപന്നങ്ങളാണ് ലുലു ഗ്രൂപ് വിൽപനക്കെത്തിക്കുന്നത്. പ്രമുഖ ഖത്തരി ബ്രാൻഡുകളായ ബലദ്ന, സഫ്വ ഫാം, അഗ്രികോ ഖത്തർ, ഡാൻഡി, അൽ മഹ, റവ, റയ്യാൻ, ക്യൂബേക്, പേൾ, ജൗഹറ, േഫ്ലാറ തുടങ്ങിയവയുടെ ഉൽപന്നങ്ങൾ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.