ദോഹ: ‘നമ്മളെല്ലാവരും നമ്മുടേതെന്നപോലെ അധ്വാനിച്ചതിന്റെ ഫലമായാണ് ധനസമാഹരണം വിജയത്തിലെത്തിയത്. ഇനി വേണ്ടത് പ്രാർഥനയാണ്. ചികിത്സ വിജയകരമായി, കുഞ്ഞു മൽഖ നമുക്കിടയിലൂടെ കളിച്ചു നടക്കുന്നത് കാണണം. ഈ പരിശ്രമം പോലെ എല്ലാവരുടെയും പ്രാർഥന കൂടിയുണ്ടായാൽ അത് സാധിക്കും.
ദിവസവും ആ കുഞ്ഞിനു വേണ്ടി ഞാൻ പ്രാർഥിക്കുന്നുണ്ട്’- ജീവിതാഭിലാഷമായ ഹജ്ജ് യാത്രക്കായി പെറുക്കിക്കൂട്ടിയ തുക മൽഖ റൂഹി ചികിത്സക്കായി സംഭാവന ചെയ്ത മങ്കടക്കാരൻ സിദ്ദീഖിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.
കഴിഞ്ഞ ഏപ്രിലിൽ മൽഖയുടെ ചികിത്സക്കായി ധനശേഖരണം ആരംഭിച്ചതിനു പിന്നാലെയായിരുന്നു വർഷങ്ങളായി ഒരു പണക്കുടുക്കയിലാക്കി താൻ നീക്കിവെച്ച തുക സിദ്ദീഖ് ചികിത്സ ഫണ്ടിലേക്ക് കൈമാറിയത്.
കെ.എം.സി.സി ആസ്ഥാനത്തെത്തി തന്റെ പേര് വെളിപ്പെടുത്തരുതെന്ന ഉപാധിയോടെ ആ പണപ്പൊതി എണ്ണി നോക്കുക പോലും ചെയ്യാതെ കൈമാറിയാണ് സിദ്ദീഖ് മടങ്ങിയത്. ‘ആരോഗ്യവും ആയുസ്സുമുണ്ടെങ്കിൽ ഹജ്ജ് പിന്നെയും നിർവഹിക്കാം. ഇപ്പോൾ ആ കുഞ്ഞു ജീവൻ രക്ഷിക്കുകയാണ് പ്രധാനം’ -എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇദ്ദേഹം കെ.എം.സി.സി ഭാരവാഹികൾക്ക് തുക കൈമാറിയത്.
സിദ്ദീഖിന്റെ ത്യാഗം അറിഞ്ഞ ഖത്തർ ചാരിറ്റി അധികൃതർ അദ്ദേഹത്തെ ക്ഷണിക്കുകയും പ്രശംസിക്കുകയും ചെയ്തതോടെയാണ് ആ വലിയ മനസ്സിന്റെ ഉടമയെ പുറം ലോകമറിഞ്ഞത്. അപ്പോഴും, ആഘോഷങ്ങളിലേക്ക് വരാൻ സിദ്ദീഖിന് മനസ്സില്ലായിരുന്നു. തന്റെ പ്രവൃത്തി ആർക്കെങ്കിലും പ്രചോദനമാവുന്നെങ്കിൽ മാത്രം പേരും ചിത്രവും ഉപയോഗിക്കൂ എന്നായിരുന്നു സ്വദേശി വീട്ടിലെ ഡ്രൈവറായ അദ്ദേഹം പ്രതികരിച്ചത്.
സിദ്ദീഖിലൂടെ വാർത്ത അറിഞ്ഞ അദ്ദേഹത്തിന്റെ സ്പോൺസറും നല്ലൊരു തുക മൽഖ ചികിത്സ സഹായത്തിലേക്ക് കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.