ദോഹ: അൽ സൈലിയയിൽ പുതുതായി ആരംഭിക്കുന്ന ഹോൾസെയിൽ മാർക്കറ്റ് രണ്ട് മാസത്തിനകം തുറന്നു പ്രവർത്തിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. അറവ് ശാലയും പഴം, പച്ചക്കറി വിപണികളും ഉൾപ്പെടുന്നതാണ് പുതിയ കേന്ദ്രം. ബലി പെരുന്നാളിന് ശേഷം സൈലിയയിലെ പുതിയ സെൻട്രൽ മാർക്കറ്റ് തുറന്നു പ്രവർത്തിക്കുമെന്നും മത്സ്യ, മാംസ വിപണികളും പഴം പച്ചക്കറി വിപണികളും ഉൾപ്പെടുന്നതാണ് ഇതെന്നും മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.
അൽ റയ്യാൻ, അബൂ ഹമൂർ, അൽ സൈലിയ ഭാഗങ്ങളിൽ നിന്നുള്ളവർക്ക് സൈലിയ ഹോൾസെയിൽ മാർക്കറ്റ് പ്രയോജനപ്പെടും. അത്യാധുനിക സൗകര്യങ്ങളോടെയും നിലവാരത്തോടെയും ആരോഗ്യ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചുമായിരിക്കും മാർക്കറ്റിലെ അറവ് ശാല പ്രവർത്തിക്കുകയെന്നും നിലവിൽ അൽ റയ്യാനിലുള്ളതിനേക്കാൾ മികച്ചതായിരിക്കുമിതെന്നും വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ രാജ്യത്തുള്ള രണ്ട് അറവ് ശാലകൾ ജനങ്ങളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പര്യാപ്തമല്ല.പ്രത്യേകിച്ചും ഈദ്, റമദാൻ വേളകളിൽ ഇക്കാര്യത്തിൽ ജനങ്ങൾ വലിയ പ്രയാസമനുഭവിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു. നിലവിലെ സംവിധാനത്തിൽ സ്ഥലപരിമിതി വലിയ തടസ്സങ്ങളുണ്ടാക്കുന്നുണ്ടെന്നും ഉപഭോക്താക്കൾക്ക് കൂടുതൽ സമയം മാംസം ലഭിക്കാനും കാശ് അടക്കാനും കാത്തിരിക്കേണ്ടതായി വരുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. ഇക്കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ റയ്യാൻ മുനിസിപ്പാലിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന രണ്ട് അറവ് ശാലകളിൽ മാത്രം രണ്ടായിരത്തിലധികം മൃഗങ്ങളെയാണ് അറുത്തത്. അതേസമയം, ഉപയോഗയോഗ്യമല്ലാത്തതിനാൽ 20 ആടുകളെ അറുത്തതിന് ശേഷം നശിപ്പിച്ചെന്നും മുനിസിപ്പാലിറ്റി വൃത്തങ്ങൾ അറിയിച്ചു. അൽ മആദീദ് മാർക്കറ്റിലും മൈദറിലുമാണ് റയ്യാൻ മുനിസിപ്പാലിറ്റിക്ക് കീഴിലെ അറവ് ശാലകൾ ഉള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.