ദോഹ: ആരവങ്ങളും വാദ്യമേളങ്ങളുമായി ഗാലറി നിറച്ച ആരാധകരുടെ സാന്നിധ്യത്തിൽ ഖത്തറിലെ മലയാളി ഫുട്ബാൾ പ്രേമികളുടെ ഉത്സവമായ മീഡിയവൺ ഖിഫ് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് കിക്കോഫ്. കേരളപ്പിറവി ദിനമായ വെള്ളിയാഴ്ച രാത്രിയിൽ ദോഹ സ്റ്റേഡിയത്തിൽ ആയിരത്തോളം ആരാധകരെ സാക്ഷിയാക്കിയായിരുന്നു കളിയാരവത്തിന് പന്തുരുണ്ട് തുടങ്ങിയത്.
ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന് ടെക്നിക്കല്‍ വിഭാഗം തലവന്‍ അലിഷര്‍ നികിംബയേവ്, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന്, ഖിഫ് പ്രസിഡന്റ് ഷറഫ് പി. ഹമീദ്, മീഡിയവണ്‍ ഖത്തര്‍ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയര്മാന് അര്‍ഷദ് ഇ എന്നിവര്‍ ചേര്‍ന്ന് ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു.
ടൂർണമെന്റിലെ ആദ്യദിനത്തിൽ മാക് കോഴിക്കോടും ദിവാ കാസർകോടും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. അന്നേദിവസം നടന്ന രണ്ടാം മത്സരത്തിൽ കുവാഖ് കണ്ണൂർ മറുപടിയില്ലാത്ത രണ്ട് ഗോളിന് ട്രാവൻകൂർ എഫ്.സിയെ തോൽപിച്ച് ആദ്യ ജയത്തിന് അവകാശികളായി.
മിഷൽ, നഈം എന്നിവരാണ് കണ്ണൂരിനുവേണ്ടി ഗോളുകൾ നേടിയത്.ഉദ്ഘാടന ദിനത്തിലെ മത്സരങ്ങളിൽ ഫ്രണ്ട്സ് ഓഫ് തൃശൂരും ടി.ജെ.എസ്.വി തൃശൂരും ജയിച്ചു. ആദ്യമത്സരത്തിൽ അനെക്സ് പാലക്കാടിനെ 5-0നാണ് കീഴടക്കിയത്. അഭിനന്ദ് രണ്ട് ഗോളും ഹെർബിൻ, അലോയ്, സാലിഹ് സുബൈർ എന്നിവർ ഓരോ ഗോളും നേടി.
ഗാലറിയിലും ആവേശം പടർത്തിയ കെ.എം.സി.സി മലപ്പുറം, ടി.ജെ.എസ്.വി തൃശൂർ മത്സരത്തിൽ 45ാം മിനിറ്റിൽ സൽമാൻ നേടിയ ഒരു ഗോളിലായിരുന്നു തൃശൂർ ടീമിന്റെ വിജയം. 11 ജില്ലാ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിൽ എല്ലാ വാരാന്ത്യങ്ങളിലുമായാണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ 13നാണ് കിരീടപ്പോരാട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.