ദോഹ: ഖത്തറിലെ ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ ഉത്സവമായ ‘ഖിഫ്’ ഫുട്ബാൾ ടൂർണമെന്റിന്റെ ഔദ്യോഗിക പ്രഖ്യാപനം കോഴിക്കോട് മീഡിയവൺ സ്റ്റുഡിയോയിൽ നടന്നു. മീഡിയവൺ ചാനലുമായി സഹകരിച്ചാണ് ഇത്തവണ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ മീഡിയവൺ-ഖിഫ് പങ്കാളിത്ത ധാരണപത്ര കൈമാറ്റവും നടന്നു.
ഖിഫ് പ്രസിഡന്റ് ഷറഫ് പി.ഹമീദ്, മീഡിയവൺ മാനേജിങ് ഡയറക്ടർ ഡോ. യാസിൻ അഷ്റഫ്, ചന്ദ്രിക ചീഫ് എഡിറ്റർ കമാൽ വരദൂർ, ഖിഫ് കോഓഡിനേറ്റർ മുഹമ്മദ് ഈസ, ജനറൽ സെക്രട്ടറി ആഷിഖ് അഹ്മദ്, വൈസ് പ്രസിഡന്റ് സുഹൈൽ ശാന്തപുരം, മീഡിയവൺ ഖത്തർ എക്സിക്യൂട്ടിവ് കമ്മിറ്റി പ്രതിനിധി റഹീം ഓമശ്ശേരി എന്നിവർ പങ്കെടുത്തു. 15ാമത് ‘മീഡിയവൺ - ഖിഫ് സൂപ്പർ കപ്പ്’ പ്രത്യേകതകൾ ഷറഫ് വിശദീകരിച്ചു. മുഹമ്മദ് ഈസ, സുഹൈൽ ശാന്തപുരം, ആഷിഖ് അഹ്മദ് എന്നിവർ ഖിഫ് ടൂർണമെന്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെ കുറിച്ച് സംസാരിച്ചു.
ഖിഫിന്റെ സ്ഥാപക സംഘാടകരായ എൻ.കെ.എം. ഷൗക്കത്ത്, പി.കെ. ഹൈദരലി, എം.കെ. താഹിർ, ഖിഫ് സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, റഫറിയിങ് വിഭാഗം മേധാവി നിസ്താർ പട്ടേൽ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഒക്ടോബർ രണ്ടാം വാരമാണ് ടൂർണമെന്റിന് കിക്കോഫ് കുറിക്കുന്നത്. ദോഹയിലെ പ്രധാനവേദികളിൽ അരങ്ങേറുന്ന ടൂർണമെന്റിൽ 16 ടീമുകൾ മാറ്റുരക്കും. ജില്ല അടിസ്ഥാനത്തിലുള്ള സംഘടനകൾക്കോ ഘടകങ്ങൾക്കോ ആണ് ടീമുകൾ രജിസ്റ്റർ ചെയ്യാൻ കഴിയുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.