ദോഹ: ഹൈസ്കൂൾ ഡിപ്ലോമയും തുല്യ യോഗ്യതയുമുള്ള 18 വയസ്സിനും 35 വയസ്സിനും ഇടയിലുള്ള മുഴുവൻ ഖത്തരി യുവാക്കളും സൈനിക സേവനമനുഷ്ഠിക്കണമെന്ന നിയമത്തിന് അംഗീകാരം. 2018ലെ അഞ്ചാം നമ്പർ നിയമമായ നാഷണൽ സർവീസ് നിയമത്തിന് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയാണ് അംഗീകാരം നൽകിയത്.
രണ്ട് വ്യവസ്ഥകളിലും ആദ്യം ഏതാണോ സംഭവിക്കുന്നത് അതിനനുസരിച്ചാണ് സൈനിക സേവനം നടത്തേണ്ടത്. സൈനിക സേവനത്തിൽ പങ്കെടുക്കാത്തവര്‍ക്ക് സര്‍ക്കാർ ആനുകൂല്യങ്ങള്‍ ലഭിക്കില്ല. സര്‍ക്കാര്‍ ജോലികള്‍, സ്വതന്ത്ര വ്യാപാരം നടത്തുന്നതിനുള്ള ലൈസന്‍സുകള്‍, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ രജിസ്ട്രേഷന് തുടങ്ങിയവയൊന്നും ഇത്തരക്കാർക്ക് ലഭ്യമാവില്ല.
പ്രധാന സേവനങ്ങള്‍ പൂര്‍ത്തിയാക്കിയവര്‍ക്കും സര്‍വീസില്‍ നിന്ന് പുറത്താക്കപ്പെടുകയോ സേവനം നിരാകരിക്കപ്പെടുകയോ ചെയ്തവര്‍ക്ക് നിയമം ബാധകമല്ല.
18 വയസ്സ് തികയുന്ന പുരുഷന്മാരുടെ വിവരങ്ങള്‍ ഒരോ വര്‍ഷവും ആദ്യത്തെ ആറ്മാസത്തില്‍ നാഷണല്‍ സര്‍വീസ് അക്കാദമിക്ക് നല്‍കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോടും ആരോഗ്യ മന്ത്രാലയത്തോടും മറ്റു ബന്ധപ്പെട്ട വകുപ്പുകളോടും നിര്‍ദേശിച്ചിട്ടുണ്ട്. 18 വയസ്സ് തികയുന്നതിന് 60 ദിവസം മുമ്പ് ഖത്തരി യുവാക്കള്‍ നാഷണല്‍ സര്‍വീസ് അക്കാദമിയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഹൈസ്കുള് പഠനം തത്തുല്യ പഠനം പൂര്‍ത്തിയാക്കിയവരും അക്കാദമയില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതില്‍ ഏതാണോ ആദ്യം സംഭവിക്കുന്നത് അതിന് അനുസരിച്ചാണ് റിപ്പോര്‍ട്ട് ചെയ്യേണ്ടതെന്നും നിയമത്തില്‍ പറയുന്നു. സര്‍വീസിന് എത്തണമെന്ന് കാണിച്ച് നോട്ടീസ് ലഭിക്കുന്നവര്‍ ഉടനെ സേവനത്തിന് എത്തണം. അവരുടെ ജോലികളും മറ്റും പിന്നീട് നിലനില്‍ക്കില്ലെന്നും നിയമം അനുശാസിക്കുന്നു.
നിയോഗിക്കപ്പെട്ട സൈനിക സര്‍വീസ് പുര്ത്തിയാക്കിയെന്ന ബന്ധപ്പെട്ട മിലിട്ടറി അതോറിറ്റിയുടെ കത്ത് ലഭിച്ച ശേഷം മാത്രമേ ജോലി പുനരാരംഭിക്കാന്‍ സാധിക്കുകയുള്ളൂ. 18 പൂര്‍ത്തിയായ സ്ത്രീകള്‍ക്ക് സൈനിക സേവനത്തിന് അവര്‍ താത്പര്യപ്പെടുകയാണെങ്കില്‍ അവസരം ലഭിക്കും. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനി ബുധനാഴ്ചയാണ് നിയമം സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.