ദോഹ: കോവിഡ് വാക്സിെൻറ കാര്യത്തിൽ ഖത്തറിന് പുതിയ പ്രതീക്ഷകൂടി. 12 മുതൽ 17 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ്-19നെതിരെ മൊഡേണ വാക്സിൻ 96 ശതമാനം ഫലപ്രദമാണെന്ന് പ്രാഥമിക ക്ലിനിക്കൽ പരീക്ഷണങ്ങളിൽ തെളിഞ്ഞതായി മൊഡേണ. ഖത്തറിൽ കുത്തിവെപ്പ് കാമ്പയിൻ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. മൊഡേണ, ഫൈസർ വാക്സിനുകളാണ് എല്ലാവർക്കും സൗജന്യമായി നൽകുന്നത്. നിലവിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് മൊഡേണ വാക്സിൻ നൽകാൻ അനുമതിയുള്ളൂ. എങ്കിലും അടുത്ത ഘട്ടത്തിൽ കുട്ടികൾക്കുകൂടി വാക്സിൻ നൽകാനാകുമെന്ന പ്രതീക്ഷ കൂട്ടുന്നതാണ് കമ്പനിയുടെ പുതിയ പരീക്ഷണഫലങ്ങൾ.
മൊഡേണയുടെ പരീക്ഷണത്തിൽ ആകെ 3235 കുട്ടികളാണ് പങ്കെടുത്തത്.ഇതിൽ മൂന്നിൽ രണ്ട് പേർക്കും വാക്സിൻ നൽകിയപ്പോൾ മൂന്നിലൊന്ന് പേർക്ക് പ്ലസീബോ (മരുന്നെന്ന പേരിൽ നൽകുന്ന മരുന്നല്ലാത്ത വസ്തു) ആയിട്ടാണ് നൽകിയതെന്നും മൊഡേണ വ്യക്തമാക്കുന്നു.വാക്സിൻ 96 ശതമാനവും ഫലപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുവരെ ഗുരുതര പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും കമ്പനി പറഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ചവരിൽ 12 പേർക്ക് 14 ദിവസം കഴിഞ്ഞ് കോവിഡ്-19 കേസ് സ്ഥിരീകരിച്ചതായും കമ്പനി ചൂണ്ടിക്കാട്ടി.
ഇതിനാൽ പ്രാഥമിക ഫലങ്ങൾ ലഭിച്ചതിന് പിന്നാലെ ആദ്യ ഡോസ് സ്വീകരിച്ചവർ 35 ദിവസങ്ങൾക്ക് ശേഷമാണ് പരീക്ഷണത്തിൽ രണ്ടാം ഡോസ് സ്വീകരിച്ചത്.മറ്റു വാക്സിനുകൾപോലെ തന്നെയാണ് ഇതിെൻറ പാർശ്വഫലങ്ങൾ. ഇൻജക്ഷൻ എടുത്ത ഭാഗത്ത് വേദന വരുന്നതാണ് പൊതുവായി കണ്ടെത്തുന്നതെന്നും ഫാർമസ്യൂട്ടിക്കൽ കമ്പനി വ്യക്തമാക്കി. രണ്ടാം ഡോസ് എടുത്തവരിൽ തലവേദന, പനി, വിറയൽ തുടങ്ങിയവയും ബാധിക്കും. എന്നാൽ, ഇവ ഗുരുതരമാകുകയില്ല. ഇതുവരെ വാക്സിനെടുത്തവരിൽ ഗുരുതര പാർശ്വഫലങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും കമ്പനി വിശദീകരിച്ചു.
ഈ പ്രായത്തിലുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നുവരുകയാണ്. അംഗീകാരങ്ങൾക്കുള്ള ശ്രമങ്ങൾ ആരംഭിച്ചതായും മൊഡേണ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.