ദോഹ: മൂന്നരവർഷത്തെ ഉപരോധത്തിന് ശേഷം ഇതാദ്യമായി ഖത്തറും സൗദിയുമായി കര അതിർത്തി വഴിയുള്ള ചരക്കുനീക്കം ഞായറാഴ്ച മുതൽ പുനരാരംഭിക്കുന്നു. അബൂസംറ അതിർത്തി വഴിയുള്ള വാണിജ്യചരക്കുഗതാഗതം ഫെബ്രുവരി 14 മുതൽ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സൗദിയുമായുള്ള ഖത്തറിെൻറ അതിർത്തിയും ഖത്തറിെൻറ ഏക കര അതിർത്തിയുമാണ് അബൂസംറ.
മൂന്നര വർഷത്തെ ഖത്തർ ഉപരോധം നീക്കി കഴിഞ്ഞ ജി.സി.സി ഉച്ചകോടിയിൽ അൽഉല കരാറിൽ ഒപ്പുവെച്ചതോടെയാണ് അതിർത്തി തുറന്നത്. വ്യാപാരബന്ധം പൂർവസ്ഥിതിയിലാകുന്നതോടെ ഇരുരാജ്യത്തെയും വ്യാപാര മേഖല വൻ പ്രതീക്ഷയിലാണ്. പ്രതിവർഷം 700 കോടി റിയാലിെൻറ കച്ചവടമാണ് 2017 വരെ ഖത്തറുമായി സൗദിക്കുണ്ടായിരുന്നത്. നയതന്ത്രവും വ്യാപര ബന്ധവും ഊഷ്മളമാകുന്നത് ഇരുരാജ്യത്തിനും നേട്ടമാകും. ഇരു അതിർത്തികളോടും ചേർന്നുള്ള പ്രവാസികളുടെ സ്ഥാപനങ്ങൾക്കും പുതിയസാഹചര്യം നേട്ടമാകും.
മലയാളികളടക്കം ആയിരക്കണക്കിന് പ്രവാസികൾ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വസ്ത്രങ്ങൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, സ്പെയർപാർട്സുകൾ തുടങ്ങിയവ എത്തിച്ചിരുന്നത് കരമാർഗം ദുബൈയിൽനിന്നായിരുന്നു. ഈ മേഖലയും പഴയ രൂപത്തിലേക്ക് വരും. കരഅതിർത്തിയിലൂടെയുള്ള ചരക്കുനീക്കവും പഴയപടി ആകുന്നതോടെ ദുബൈയിൽനിന്നടക്കം മലയാളി വ്യാപരികൾക്കും തങ്ങളുടെ ചരക്കുകൾ ഖത്തറിൽ എളുപ്പത്തിലും വേഗത്തിലും എത്തിക്കാനാകും. സൗദിയിൽനിന്ന് ഖത്തറിലേക്ക് വരുന്നവർ യാത്രയുടെ 72 മണിക്കൂർ മുമ്പ് കോവിഡ് പരിശോധന നടത്തണം. കോവിഡ് ബാധിതനല്ലെന്നുള്ള നെഗറ്റിവ് സർട്ടിഫിക്കറ്റ് യാത്രക്കാരൻ കൂടെ കരുതണം. ഖത്തറിലെത്തിയാലുടൻ ഒരാഴ്ചത്തെ ഹോട്ടൽ ക്വാറൻറീനിൽ കഴിയണം.
യാത്ര പുറെപ്പടുന്നതിന് മുമ്പുതന്നെ 'ഡിസ്കവർ ഖത്തർ'പോർട്ടൽ വഴി ക്വാറൻറീൻ ഹോട്ടൽ ബുക്ക് ചെയ്തിരിക്കണം. ഇനി ഖത്തറിൽ നിന്ന് അബൂസംറ വഴി സൗദിയിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർ തിരിച്ച് ഖത്തറിൽ എത്തി ഹോട്ടൽ ക്വാറൻറീനിൽ കഴിയണം. ഇതിനായുള്ള ക്വാറൻറീൻ ഹോട്ടൽ ബുക്കിങ് നടത്തിയ രേഖകൾ ഖത്തറിൽനിന്ന് പുറത്തുപോവുന്നതിന് മുമ്പുതന്നെ കാണിക്കണം. ഹോട്ടൽ ക്വറൻറീനിൽ കഴിയുമെന്നും കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിക്കുമെന്നുമുള്ള പ്രതിജ്ഞാപത്രത്തിൽ രാജ്യത്ത് എത്തുന്ന എല്ലാവരും ഒപ്പിട്ടുനൽകണം. ഇഹ്തിറാസ് ആപ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.