ദോഹ: ജീവിതം കൊണ്ട് മാനവികതയുടെ സന്ദേശം പകർന്നു നൽകിയ മഹാനായ എഴുത്തുകാരനായിരുന്നു വൈക്കം മുഹമ്മദ് ബഷീർ എന്ന് മാധ്യമ പ്രവർത്തകനും ഡോക്യുമെന്ററി സംവിധായകനുമായ അശ്റഫ് തൂണേരി. പ്രവാസി ദോഹ സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ ദിനാചരണ ചടങ്ങിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പലർക്കും എഴുത്തിലും പ്രഭാഷണത്തിലും മാത്രമാണ് മാനവികത. അതേ സമയം മനുഷ്യരുടെ മാത്രമല്ല മറ്റു ജീവജാലങ്ങളുടെ വികാര വിചാരങ്ങളും ബഷീർ ഹൃദയത്തിലേറ്റുവാങ്ങി. സാഹിത്യ സൃഷ്ടികളിലെന്ന പോലെയോ അതിലും കൂടുതലായോ അവ ജീവിതത്തിലും ബഷീറിന്റെ ആകുലതകളായി മാറി.
പനിനീർ പൂക്കൾക്കിടയിൽ വരുന്ന പുഴുക്കളെ തട്ടിമാറ്റിയ സ്വന്തം മകളെ ശകാരിച്ചു ഓടിക്കുന്ന പിതാവിനെ ആയിരുന്നു ബേപ്പൂരിലെ വൈലാലിൽ ജീവിച്ച ബഷീറിലൂടെ നാം കണ്ടത്. യുദ്ധങ്ങളിൽ അനേകായിരം മനുഷ്യരെ കൊന്നൊടുക്കുന്ന ഇക്കാലത്ത് യുദ്ധം അവസാനിപ്പിക്കാൻ ബഷീർ പറഞ്ഞ ആക്ഷേപഹാസ്യം പ്രസക്തമാണ്. യുദ്ധം അവസാനിക്കാൻ രാഷ്ട്ര നേതാക്കൾക്ക് ‘വരട്ടു ചൊറി’ വന്നാൽ മതി എന്നായിരുന്നു ബഷീറിയൻ ഹാസ്യശൈലിയിലെ പരിഹാരം എന്നും അദ്ദേഹം വിശദീകരിച്ചു. നോർക്ക ഡയറക്ടർ സി.വി. റപ്പായി അധ്യക്ഷത വഹിച്ചു. എ.കെ. ഉസ്മാൻ അശ്റഫ് തൂണേരിക്ക് ഉപഹാരം നൽകി. കെ.എം. വർഗീസ് സ്വാഗതവും ഇക്ബാൽ ചേറ്റുവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.