ദോഹ: അറേബ്യൻ സംഗീതത്തെ പടിഞ്ഞാറിന്റെ ക്ലാസിക്കൽ-കണ്ടംപററി മ്യൂസിക്കുമായി ഇഴചേർത്താണ് ദാന അൽ ഫർദാൻ ലോക ശ്രദ്ധയെ തന്നിലേക്കാവാഹിച്ചത്. കരുത്തുറ്റ ശബ്ദവും കാതിനിമ്പമേകുന്ന ഈണവുമൊക്കെയായി ദാനയുടെ വളർച്ച ദ്രുതഗതിയിലായിരുന്നു. കളിയുടെ വിശ്വപോരാട്ടങ്ങൾക്ക് ഖത്തർ അരങ്ങൊരുക്കിയവേളയിൽ രാജ്യത്തിന്റെ അഭിമാനമായ ഗായികയെ ലോകം കൂടുതലറിഞ്ഞു. ഖത്തറിന്റെയും മധ്യപൂർവേഷ്യയുടെയും സംസ്കാരവും പാരമ്പര്യവും ലോകത്തിനു മുമ്പാകെ അടയാളപ്പെടുത്തിയ മഹാമേളയിൽ സമഭാവനയുടെ സന്ദേശവാഹക കൂടിയായിരുന്നു ദോഹ സ്വദേശിനിയായ ദാന.
അൽബെയ്ത്ത് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിലും ലുസൈലിലെ സമാപനവേദിയിലും അത്യുജ്ജ്വല പ്രകടനത്തിലൂടെ ലോകത്തിന്റെ കൈയടിനേടിയ ദാന, ടൂർണമെൻറ് നൽകിയ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു. ഗൾഫിലെയും അറേബ്യയിലെയും മനുഷ്യർക്ക് അവരുടെ പാരമ്പര്യവും സംസ്കാരവും ആചാരങ്ങളും മുറുകെപ്പിടിച്ചുകൊണ്ടുതന്നെ, സാർവലൗകികതയുമായി കൈകോർത്തുപിടിക്കാനാകുമെന്ന് തെളിയിച്ചാണ് ലോകകപ്പ് പെയ്തുതീർന്നതെന്ന് ദാന പറയുന്നു.
‘ലോകകപ്പിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളിൽ പാടാൻ അവസരം ലഭിച്ചതിലൂടെ, ഖത്തർ ഇവിടത്തെ യുവജനങ്ങളുടെ കഴിവിൽ എത്രമാത്രം വിശ്വാസം പുലർത്തുവെന്നതിന് അടിവരയിടുകയായിരുന്നു. മുന്നണിയിലെത്താനുള്ള ആഗ്രഹത്തിന്റെ പ്രതിഫലനംകൂടിയായിരുന്നു അത്. ഖത്തറിന്റെ പാരമ്പര്യവും ആചാരങ്ങളും മുറുകെപ്പിടിച്ചുതന്നെ ഇത്തരം വേളകളിൽ മികവുറ്റ രീതിയിൽ രാജ്യത്തെ പ്രതിനിധാനം ചെയ്യാനുള്ള ഉത്തരവാദിത്തംകൂടിയാണ് അത് മുന്നോട്ടുവെക്കുന്നത്. ഈ ലോകമേളയിൽ എന്റെ രാജ്യത്തെ അതിന്റെ പൂർണമായ സത്തയിൽതന്നെ പ്രതിനിധാനംചെയ്യണം എന്ന് പ്രത്യാശിച്ചിരുന്നു. ഡയറക്ടർ അഹ്മദ് അൽ ബകറാണ് എന്നെ ഇതിനായി ക്ഷണിക്കുന്നത്. തങ്ങളുടെ യുവപ്രതിഭകളെ അംഗീകരിക്കാനും അവസരമൊരുക്കാനുമുള്ള ഖത്തറിന്റെ നിലപാടിൽ ഏറെ അഭിമാനമാണ് ആദ്യം തോന്നിയത്. അറബ് രാജ്യത്തും മിഡ്ൽ ഈസ്റ്റിലും ലോകകപ്പ് പോലൊരു മഹാമേള ആദ്യമായി വിരുന്നെത്തുമ്പോൾ, അതിൽ ഭാഗഭാക്കാകാനുള്ള അവസരം വേറിട്ടതുതന്നെയായിരുന്നു. എക്കാലത്തും മനസ്സിൽ കൊണ്ടുനടക്കാവുന്ന ഓർമകളാണ് അത് സമ്മാനിക്കുകയെന്ന് എനിക്കുറപ്പുണ്ടായിരുന്നു. താൻ ആദ്യമായാണ് ഇത്തരമൊരു വേദിയിൽ പരിപാടി അവതരിപ്പിക്കുന്നതെന്നും ഖത്തറിൽ നടക്കുന്ന വിശ്വമേളയെ ലോകം മുഴുവൻ ഉറ്റുനോക്കുന്ന സന്ദർഭത്തിൽ അതിന് അവസരം കിട്ടിയത് അർഹിക്കുന്ന അംഗീകാരമായി കരുതുന്നുവെന്നും ദാന പറഞ്ഞു.
ഫൈനലിൽ ആയിരക്കണക്കിന് കാണികളുടെ നടുവിൽ, ലോകോത്തര കലാകാരന്മാരുടെ തൊട്ടടുത്തുനിന്ന് പരിപാടി അവതരിപ്പിച്ചത് എന്റെ ആത്മവിശ്വാസം ഏറെ ഉയർത്തി. വേദിയിലെ പ്രകടനത്തിൽ അവരുടെ അഭിനന്ദനങ്ങൾ നേടാൻ കഴിഞ്ഞതും ഏറെ സന്തോഷം നൽകുന്നു. അറബിക് സംഗീതവും വെസ്റ്റേൺ മ്യൂസിക്കും എങ്ങനെ ഇഴയടുപ്പത്തോടെ ചേർത്തുനിർത്താൻ കഴിയുന്നുവെന്ന ചോദ്യത്തിന്, ഈ കോംബിനേഷൻ താൻ എക്കാലവും മുൻഗണന നൽകിയിരുന്ന ഒന്നായിരുന്നുവെന്ന് ദാന പ്രതികരിച്ചു. ‘പാടാൻ തുടങ്ങിയ കാലം മുതൽ ഇത് ഞാൻ വിജയകരമായി അവതരിപ്പിച്ചുവരുന്നുണ്ട്. അതുപോലെ അറേബ്യൻ, കൊറിയൻ, ഇന്ത്യൻ സംഗീതവും ഇടകലർത്തി പാടാൻ എനിക്ക് കഴിയും.
ലോകകപ്പിലെ എന്റെ പ്രകടനത്തിനുപിന്നാലെ ആയിരക്കണക്കിന് പേരാണ് ഇപ്പോൾ അഭിനന്ദനങ്ങൾ അറിയിക്കുന്നത്. ഗൾഫിലും അറബ് മേഖലയിലുമുള്ള ഒട്ടേറെ പ്രഫഷനൽ കലാകാരികളും അവരിൽ ഉൾപ്പെടുന്നു. ലോകകപ്പിൽ സാന്നിധ്യമറിയിച്ചതോടെ ഖത്തരി സംഗീതത്തിന് ലോകത്തിന്റെ മറ്റു മേഖലകളിലും തരംഗം സൃഷ്ടിക്കാൻ കഴിയും. ഖത്തറിൽനിന്ന് കൂടുതൽ കലാകാരന്മാരുടെ മുന്നേറ്റങ്ങൾക്കും അത് വഴിയൊരുക്കുമെന്നും ദാന പ്രത്യാശിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.